യു.പി പൊലിസിനും മജിസ്‌ട്രേറ്റിനുമെതിരേ രൂക്ഷ വിമര്‍ശനവുമായി കോടതി, നിങ്ങളുടെ മകളായിരുന്നെങ്കിലും ഇതുതന്നെ ചെയ്യുമോ ?
ലഖ്നൗ: യു.പി പൊലിസിനും ജില്ലാ മജിസ്‌ട്രേറ്റിനുമെതിരേ ഹത്രാസില്‍ കൂട്ടബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം കോടതിയില്‍. അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ചിന് മുന്നിലാണ് യു.പി പൊലിസിനും ജില്ലാ മജിസ്‌ട്രേറ്റിനും എതിരേ പെണ്‍കുട്ടിയുടെ കുടുംബം മൊഴി നല്‍കിയത്.
തങ്ങളുടെ അനുമതി ഇല്ലാതെയാണു മകളുടെ മൃതദേഹം സംസ്‌കരിച്ചതെന്നും ജില്ലാ മജിസ്‌ട്രേറ്റ് സമ്മര്‍ദം ചെലുത്തിയെന്നും സംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ സമ്മതിച്ചില്ലെന്നും കുടുംബം കോടതിയെ അറിയിച്ചു.
യു.പി പൊലിസില്‍ വിശ്വാസമില്ല. ആദ്യഘട്ടത്തില്‍ എഫ്‌ഐ.ആര്‍ പോലും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരുന്നില്ല. കേസിന്റെ വിചാരണ ഉത്തര്‍പ്രദേശിന് പുറത്ത,് ഡല്‍ഹിയിലേക്കോ മുംബൈയിലേക്കോ മാറ്റണം. സി.ബി.ഐ അന്വേഷിക്കുന്ന കേസിലെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
നിങ്ങളുടെ മകളായിരുന്നെങ്കില്‍ ഇതുപോലെ ചെയ്യുമോ എന്ന് ഒരു വേള കോടതി ചോദിച്ചു.
പെണ്‍കുട്ടിയുടെ മതാപിതാക്കളും സഹോദരങ്ങളുമാണ് കോടതിയില്‍ മൊഴിനല്‍കിയത്. കുടുംബത്തോട് ജസ്റ്റിസ് രാജന്‍ റോയ്, ജസ്റ്റിസ് ജസ്പ്രീത് സിങ് എന്നിവര്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.
കുടുംബത്തിന്റെ പരാതി കോടതി രേഖപ്പെടുത്തി. പെണ്‍കുട്ടിയുടെ കുടുംബത്തോട് നേരിട്ട് ഹാജരാകാനും മൊഴി നല്‍കാനും കോടതി നിര്‍ദേശിച്ചിരുന്നു. കോടതി നല്‍കിയ മാര്‍ഗനിര്‍ദേശപ്രകാരം ജില്ലാ ഭരണകൂടവും പൊലിസുമാണ് ഇവരുടെ യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ നടത്തിയത്. അഡ്വ. സീമ കുശ്വാഹയാണ് കുടുംബത്തിനായി കോടതിയില്‍ ഹാജരായത്. കേസ് നവംബര്‍ രണ്ടിന് വീണ്ടും പരിഗണിക്കും. കേസ് പൊലിസ് കൈകാര്യം ചെയ്ത രീതിയില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. ഹത്രാസ് സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരില്‍ നിന്ന് നേരത്തെ ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. യു.പി ഡി.ജി.പി, എ.ഡി.ജി.പി, അഡി. ചീഫ് സെക്രട്ടറി, ഹത്രാസ് ജില്ല മജിസ്ട്രേറ്റ്, എസ്.പി എന്നിവരും കോടതിയില്‍ ഹാജരായി.
അതേ സമയം അറസ്റ്റിലായ മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ജാമ്യം ആവശ്യപ്പെട്ട് അലഹാബാദ് ഹൈക്കോടതിയെ സമീപിക്കാന്‍ കേരള പത്രപ്രവര്‍ത്തക യൂണിയന് സുപ്രിംകോടതി നിര്‍ദ്ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."