ശൈലിയില്‍ മാറ്റമില്ല: തിരിച്ചടി താല്‍ക്കാലികം; പിണറായി
തിരുവനന്തപുരം: ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടില്ലെന്നും ഇടതുമുന്നണിക്കെതിരായ ജനവിധിയുടെ കാരണം അതല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ചില ശക്തികള്‍ വിശ്വാസപരമായ കാര്യങ്ങളില്‍ തെറ്റിദ്ധാരണ പരത്തിയിട്ടുണ്ട്. അത് പാര്‍ട്ടി വിശദമായി വിലയിരുത്തും. ഈ ജനവിധിയുടെ പശ്ചാത്തലത്തില്‍ തന്റെ ശൈലി മാറ്റില്ല, രാജി വയ്ക്കുകയുമില്ല. ഇത് സര്‍ക്കാരിനെതിരായ ജനവിധിയല്ലെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം ആദ്യമായി പ്രതികരിക്കുകയായിരുന്നു പിണറായി വിജയന്‍.
ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കേരളാ കോണ്‍ഗ്രസ് ബി നേതാവ് ബാലകൃഷ്ണപിള്ളയും പറഞ്ഞ സാഹചര്യത്തിലും പിണറായി ഈ വാദം തള്ളിക്കളയുകയാണ്. ഈ ഫലം സിപിഎമ്മിന്റെ ബഹുജന പിന്തുണയ്ക്ക് ഭീഷണിയായിട്ട് കാണുന്നില്ല. സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് വിശ്വാസമില്ലാതെയായിട്ടുമില്ല. എന്‍എസ്എസ് സമദൂര സിദ്ധാന്തം പാലിച്ചിട്ടുണ്ട് എന്ന് തന്നെയാണ് കാണുന്നത്. തെരഞ്ഞെടുപ്പ് ഫലം പ്രാദേശിക കമ്മിറ്റികള്‍ മുതല്‍ സംസ്ഥാനസമിതി വരെ പരിശോധിക്കും. അതിന് ശേഷം കൂടുതല്‍ പറയാം.
ഈ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ ഒരു ശൈലീമാറ്റമുണ്ടാകുമോ എന്ന ചോദ്യത്തിന് എന്റെ ശൈലി അത് തന്നെയായിരിക്കും, അതിലൊരു മാറ്റവുമുണ്ടാകില്ല. ഞാന്‍ ഈ നിലയിലെത്തിയത് എന്റെ ഈ ശൈലിയിലൂടെയാണ്. അത് മാറില്ല.
ശബരിമലയിലെ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ഏത് സര്‍ക്കാരും ബാധ്യസ്ഥരാണ്. അത് തന്നെയാണ് സംസ്ഥാനസര്‍ക്കാരും ചെയ്തത്. കേന്ദ്രസര്‍ക്കാരിനും അതില്‍ വേറെ ഒരു വഴിയുണ്ടായിരുന്നില്ല. ശബരിമലയില്‍ പ്രശ്‌നമുണ്ടാകുമെന്നും നിരോധനാജ്ഞ വേണമെന്നും പറഞ്ഞത് കേന്ദ്രസര്‍ക്കാര്‍ തന്നെയാണെന്നതിന് തെളിവ് കാണിച്ചതാണ്. രാജ്യത്തെ നിയമം അനുസരിക്കുക എന്നത് ഏത് സര്‍ക്കാരിന്റെയും ഉത്തരവാദിത്തമാണെന്നും പിണറായി പറഞ്ഞു.
ശബരിമല ബാധിക്കുമായിരുന്നെങ്കില്‍ ഗുണം കിട്ടേണ്ടത് ബിജെപിക്കായിരുന്നില്ലേ, പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്ക് പോയില്ലേ അതുകൊണ്ട് അത്തരം വാദങ്ങളില്‍ കഴമ്പില്ലെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് സംഭവിച്ചത് തിരിച്ചടിയാണ്. പക്ഷേ ഇത് സ്ഥായിയായ ഒന്നായി പാര്‍ട്ടി കണക്കാക്കുന്നില്ല. ബിജെപിക്ക് ബദലായി കോണ്‍ഗ്രസ് വരണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ആ വോട്ട് നേരിട്ട് കോണ്‍ഗ്രസിന് കൊടുക്കുന്നതാണ് നല്ലതെന്ന് ജനങ്ങള്‍ കരുതിയിരിക്കണം. അതാണ് തിരിച്ചടിയായതെന്നും പിണറായി പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ തോല്‍വിക്കിടയാക്കിയ, തെരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയില്‍ മനസ്സിലാക്കാന്‍ കഴിയാത്ത ചില ഘടകങ്ങളുണ്ട്. രാജ്യത്തിന്റെ ഭാവിയില്‍ പൊതുവില്‍ എല്ലാവര്‍ക്കും ഉത്കണ്ഠയുണ്ട്. മോദി ഭരണം വീണ്ടും വരരുത് എന്ന് വിചാരിച്ച നല്ല വിഭാഗം ജനങ്ങള്‍ കേരളത്തിലുണ്ട്. അവരില്‍ നല്ലൊരു വിഭാഗം ഞങ്ങള്‍ക്ക് വോട്ട് ചെയ്യുന്നവരുമുണ്ട്.
കോണ്‍ഗ്രസിനാണ് ബിജെപിക്ക് ബദലാകാന്‍ കഴിയുക. അപ്പോള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നതാകും നല്ലതെന്ന് അവര്‍ കരുതിയിരിക്കണം. ഇത് ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണല്ലോ. രാഹുല്‍ വയനാട്ടില്‍ മത്സരിക്കാനെത്തിയപ്പോള്‍, ആരോട് മത്സരിക്കാനാണ് വരുന്നതെന്ന് ഞങ്ങള്‍ ചോദിച്ചിരുന്നു. ഇടതിനെ തകര്‍ക്കാനാണ് വരുന്നതെന്ന സന്ദേശമല്ലേ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം എന്നായിരുന്നു ഞങ്ങളുടെ ചോദ്യം.
രാഹുല്‍ ജയിക്കാനുള്ള സീറ്റ് തേടി വന്നതാണെന്ന് അന്ന് ജനങ്ങള്‍ക്ക് മനസ്സിലായില്ല. രാഹുല്‍ ഭരണത്തിന് നേതൃത്വം നല്‍കാന്‍ പോകുമ്പോള്‍ തെക്കേ ഇന്ത്യ കൂടി മത്സരിക്കാന്‍ വരികയാണെന്നാണ് ജനങ്ങള്‍ കരുതിയത്. ഈ തെറ്റിദ്ധാരണയുടെ ഭാഗമായി ഞങ്ങള്‍ക്ക് ലഭിക്കുമായിരുന്ന ഒരു വിഭാഗം വോട്ട് കോണ്‍ഗ്രസിന് പോയി - പിണറായി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."