സുധാകരന്റെ കിഫ്ബി പരാമര്‍ശം: സഭയില്‍ ബഹളം
തിരുവനന്തപുരം: കിഫ്ബിയെക്കുറിച്ചുള്ള മന്ത്രി ജി.സുധാകരന്റെ പരാമര്‍ശത്തിന്റെ പേരില്‍ നിയമസഭയില്‍ ബഹളം.
മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടതിനു തെളിവാണ് സുധാകരന്‍ കിഫ്ബിക്കെതിരേ നടത്തിയ പരാമര്‍ശമെന്ന് ആരോപിച്ച് വി.ഡി സതീശന്‍ കൊണ്ടുവന്ന അടിയന്തരപ്രമേയമാണ് ബഹളത്തിനിടയാക്കിയത്.
പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തത്തെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് സതീശന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രസക്തമല്ലാത്ത വിഷയം സഭയില്‍ അടിയന്തരപ്രമേയമായി അവതരിപ്പിക്കാനാവില്ലെന്നു പറഞ്ഞ് സ്പീക്കര്‍ അനുമതി നിഷേധിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സ്പീക്കറുടെ നിലപാടിനെ ചോദ്യം ചെയ്തു.
ഇതോടെ യു.ഡി.എഫ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ബഹളം വച്ചു. തുടര്‍ന്ന് വിഷയം ആദ്യ സബ്മിഷനായി ഉന്നയിക്കാന്‍ സ്പീക്കര്‍ അനുമതി നല്‍കിയതിനു ശേഷമാണ് പ്രതിപക്ഷാംഗങ്ങള്‍ ശാന്തരായത്.
പ്രതീക്ഷയുടെ താക്കോലായി മന്ത്രി തോമസ് ഐസക് വിശേഷിപ്പിച്ച കിഫ്ബിയെക്കുറിച്ച് ആദ്യം സുധാകരനെ ബോധ്യപ്പെടുത്തണമെന്ന് സബ്മിഷന്‍ അവതരിപ്പിച്ച സതീശന്‍ പറഞ്ഞു. കിഫ്ബി മൈനസ് ചെയ്താല്‍ പിന്നെ ബജറ്റ് ഒന്നുമല്ല. 50,000 കോടി രൂപയുടെ പദ്ധതികള്‍ അതില്‍ വച്ചു. എന്നിട്ട് പരസ്പരവിരുദ്ധമായാണ് മന്ത്രിമാര്‍ പറയുന്നത്.
മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറഞ്ഞു. പ്രതിപക്ഷത്തിന് എത്രമാത്രം വിഷയ ദാരിദ്ര്യമുണ്ടെന്നതിന്റെ തെളിവാണ് ഇതെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. ആവനാഴികളില്‍ അമ്പില്ലാതാകുന്നതിന്റെ വെപ്രാളമാണ് അവര്‍ക്ക്. ജനോപകാരപ്രദമായ നടപടികളുമായി സര്‍ക്കാര്‍ കൂട്ടുത്തരവാദിത്തത്തോടെ മുന്നോട്ടുപോകുകയാണ്. ഒരു തകര്‍ച്ചയുമില്ല.
ധനവകുപ്പിനും കിഫ്ബിക്കും എതിരായി സുധാകരന്‍ പ്രസ്താവന നടത്തിയെന്ന വാര്‍ത്ത ഭാവനാസൃഷ്ടിയാണ്. അത് അദ്ദേഹം തന്നെ നിഷേധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. താന്‍ കിഫ്ബിക്ക് എതിരായി ഒരക്ഷരവും സംസാരിച്ചിട്ടില്ലെന്ന് സുധാകരന്‍ പറഞ്ഞു. കേരളപ്പിറവി മുതല്‍ വികസന കാര്യങ്ങളിലുണ്ടായ ചില പൊതുപ്രശ്‌നങ്ങളാണ് ചൂണ്ടിക്കാട്ടിയത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ബജറ്റില്‍ പണം വയ്ക്കാതെ 4,000 കോടി രൂപയുടെ പദ്ധതികള്‍ പൊതുമരാമത്ത് വകുപ്പിന് നല്‍കി.
ഈ സര്‍ക്കാര്‍ വന്നപ്പോള്‍ പണമില്ലാത്ത സ്ഥിതിയായിരുന്നു. പദ്ധതികള്‍ പ്രഖ്യാപിക്കുന്നത് ബജറ്റില്‍ പറയുക കൂടി ചെയ്തിരുന്നെങ്കില്‍ കൂടുതല്‍ നന്നാകുമായിരുന്നെന്നു മാത്രമാണ് പറഞ്ഞതെന്ന് സുധാകരന്‍ പറഞ്ഞു. ആ മറുപടിയില്‍ തൃപ്തിയില്ലാതെ യു.ഡി.എഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."