ദബോല്‍ക്കര്‍ വധം: സനാതന്‍ സന്‍സ്ഥയുടെ രണ്ടു പ്രവര്‍ത്തകര്‍ അറസ്റ്റില്‍
പൂനെ: സാമൂഹിക പ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ ഡോ. ദബോല്‍ക്കര്‍ വധവുമായി ബന്ധപ്പെട്ട് സനാതന്‍ സന്‍സ്ഥയുടെ പ്രവര്‍ത്തകരായ രണ്ടുപേരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. അഭിഭാഷകനായ സഞ്ജിവ് പുനലേകര്‍, വിക്രം ഭാവെ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
രണ്ട് പ്രതികളെയും ഇന്ന് പൂനെ പ്രത്യേക കോടതി ജഡ്ജിക്ക് മുന്‍പില്‍ ഹാജരാക്കുമെന്ന് സി.ബി.ഐ അറിയിച്ചു.
ഹിന്ദു വാഹിനി പരിഷത് പ്രവര്‍ത്തകനായ പുനലേകര്‍, സനാതന്‍ സന്‍സ്ഥക്കുവേണ്ട നിയമസഹായങ്ങള്‍ നല്‍കുന്ന വ്യക്തിയാണ്. ഇയാള്‍ക്കെതിരേ നിരവധി കേസുകളും നിലവിലുണ്ട്. സനാതന്‍ സന്‍സ്ഥയുടെ സജീവ പ്രവര്‍ത്തകനാണ് ഭാവെ. 2008ല്‍ താനെയിലെ ഒരു ഓഡിറ്റോറിയത്തിലും തിയറ്ററിലും സ്‌ഫോടനം നടത്തിയ കേസിലെ മുഖ്യപ്രതികളിലൊരാണ് ഇയാള്‍.
2013ലാണ് ബോംബെ ഹൈക്കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിച്ചത്.
ദാബോല്‍ക്കര്‍ വധക്കേസില്‍ 2016 ജൂണിലാണ് ആദ്യ അറസ്റ്റ് നടക്കുന്നത്. ഇ.എന്‍.ടി സര്‍ജനും സനാതന്‍ സന്‍സ്ഥ അംഗവുമായ ഡോ. വീരേന്ദ്ര തവാഡെയാണ് അറസ്റ്റിലായത്. ദബോല്‍ക്കറെ വധിക്കുന്നതിലെ മുഖ്യ ആസൂത്രകനായിരുന്നു ഇയാളെന്ന് കെണ്ടത്തിയാണ് അറസ്റ്റ് ചെയ്യുന്നത്. തവാഡെക്കെതിരേ സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സനാതന്‍ സന്‍സ്ഥ പ്രവര്‍ത്തകരായ സാരംഗ് അകോല്‍കര്‍, വിനയ് പവാര്‍ എന്നിവരാണ് തവാഡെയുടെ നിര്‍ദേശപ്രകാരം ദാബോല്‍ക്കറെ വധിച്ചത്. എന്നാല്‍ പിന്നീട് നടന്ന അന്വേഷണത്തില്‍ ഇവര്‍ക്കൊപ്പം സച്ചിന്‍ ആന്‍ഡുറെ, ശരദ് കലാസ്‌കര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നുവെന്ന് വ്യക്തമായി. 2013 ഓഗസ്റ്റ് 20നാണ് ദബോല്‍ക്കര്‍ രാവിലെ നടക്കാനിറങ്ങിയപ്പോള്‍ അക്രമികളുടെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."