HOME
DETAILS
MAL
എല്ലാ കമ്മിഷനും സ്വപ്‌നയിലേക്ക്
backup
October 13 2020 | 01:10 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസ് മുഖ്യപ്രതി സ്വപ്ന സുരേഷ് ലൈഫ് പദ്ധതി, സ്വര്‍ണക്കടത്തുകള്‍ക്ക് പുറമേ മറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ടും കമ്മിഷന്‍ കൈപ്പറ്റിയിരുന്നതായി അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍.
മഹാപ്രളയത്തിന്റെ മറവിലും തിരുവനന്തപുരം യു.എ.ഇ കോണ്‍സുലേറ്റിലെ വിസ സ്റ്റാമ്പിങ്ങുമായി ബന്ധപ്പെട്ട കരാറിലുമാണ് സ്വപ്ന കമ്മിഷന്‍ വാങ്ങിയത്. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യു.എ.ഇ കോണ്‍സുലേറ്റ് വഴിയെത്തിയ സഹായത്തില്‍ നിന്നു കമ്മിഷന്‍ പറ്റി. അഞ്ചു കോടി രൂപയാണ് 150 വീടുകളുടെ അറ്റകുറ്റപ്പണിയ്ക്കായി യു.എ.ഇ കോണ്‍സുലേറ്റ് സഹായം നല്‍കിയത്. ഇതില്‍ 25 ലക്ഷം രൂപയാണ് സ്വപ്നയ്ക്ക് കമ്മിഷന്‍ കിട്ടിയത്. പ്രളയപുനരുദ്ധാരണ പദ്ധതിയുടെ നടത്തിപ്പിനിടെ തനിക്ക് കമ്മിഷന്‍ കിട്ടിയെന്ന് സ്വപ്ന സമ്മതിച്ചിരുന്നു.
പ്രളയത്തില്‍ ഏറെ നാശനഷ്ടങ്ങളുണ്ടായ പന്തളത്തെ വീടുകള്‍ പുതുക്കിപ്പണിതു കൊടുക്കുന്ന പദ്ധതി യു.എ.ഇ കോണ്‍സുലേറ്റ് ഏറ്റെടുത്തിരുന്നു. ഇത് പണിയാനായി കരാറുകാരനെ കണ്ടെത്താന്‍ കോണ്‍സുല്‍ ജനറല്‍ തന്നോട് ആവശ്യപ്പെട്ടുവെന്നാണ് സ്വപ്ന മൊഴിയില്‍ പറയുന്നത്.
ഇത് കണ്ടെത്തുന്നതിനായി താന്‍ പലരെയും പരിഗണിച്ചു. യു.എ.എഫ്.എഫ്.എക്‌സ് സൊല്യൂഷന്‍സ് എന്ന കമ്പനിയുടെ ഉടമ അബ്ദുള്‍ ലത്തീഫിനെ താന്‍ സമീപിച്ചു. അബ്ദുള്‍ ലത്തീഫ് ഈ പദ്ധതിയുടെ നിര്‍മാണം സുഹൃത്തും കരാറുകാരനുമായ ദിനൂപ് രാമചന്ദ്രനെ ഏല്‍പിച്ചു. അങ്ങനെ നിര്‍മാണക്കരാറിന് ആളെ കണ്ടെത്തിക്കൊടുത്തതിന് കോണ്‍സുല്‍ ജനറല്‍ തനിക്ക് സമ്മാനമായി തന്നതാണെന്നാണ് സ്വപ്ന പറയുന്നത്.
35,000 യു.എസ് ഡോളര്‍, വിപണിമൂല്യം ഏകദേശം 25 ലക്ഷം രൂപയാണ് സ്വപ്നയ്ക്ക് 'സമ്മാന'മായി കിട്ടിയത്. ഇതുകൂടാതെ വിസ സ്റ്റാമ്പിങ്ങിനുള്ള കരാറില്‍നിന്നാണ് കമ്മിഷന്‍ കിട്ടിയത്. വിസ സ്റ്റാമ്പിങ്ങുമായി ബന്ധപ്പെട്ട് ഉദ്യോഗാര്‍ഥിയുടെ പശ്ചാത്തലം അന്വേഷിക്കുന്നതിന് ചെന്നൈയിലെ ഫോര്‍ത്ത് ഫോഴ്‌സ് എന്ന സ്വകാര്യ സ്ഥാപനത്തിനായിരുന്നു കരാര്‍ നല്‍കിയതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.
കരാര്‍ ലഭിക്കുന്നതിനു വേണ്ടി സ്ഥാപനം വന്‍ തുക സ്വപ്നയ്ക്ക് കമ്മിഷന്‍ നല്‍കി. ഇതേതുടര്‍ന്ന് ഫോര്‍ത്ത് ഫോഴ്‌സ് എം.ഡി ആര്‍.എന്‍ ജയപ്രകാശിനേയും എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തിരുന്നു. കരാര്‍ ലഭിക്കുന്നതിന് വേണ്ടി സ്വപ്നയ്ക്ക് പണം നല്‍കിയതായി ഇയാളും സമ്മതിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."