പി.പി മുകുന്ദനെ പ്രസിഡന്റാക്കാന്‍ ആര്‍.എസ്.എസ് സമ്മര്‍ദം
കൊച്ചി: തെരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെ സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ് ശ്രീധരന്‍ പിള്ളയെ തെറിപ്പിക്കാന്‍ സമ്മര്‍ദവുമായി ആര്‍.എസ്.എസ്.
പിള്ളയ്‌ക്കെതിരേ പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നിരിക്കുന്ന കലാപം ശമിപ്പിക്കാന്‍ സമവായമെന്ന നിലയ്ക്ക് ശ്രീധരന്‍ പിള്ളയെ നീക്കി പകരം, മുതിര്‍ന്ന നേതാവ് പി.പി മുകുന്ദനെ നിയമിക്കാനാണ് ആര്‍.എസ്.എസ്,ബി.ജെ.പി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വത്തിനും അനുകൂല നിലപാടാണെന്നാണ് സൂചന. ഔദ്യോഗിക ചര്‍ച്ചകള്‍ നടന്നില്ലെങ്കിലും സംസ്ഥാന ഘടകത്തിലും മുകുന്ദന്‍ സ്വീകാര്യനാണ്.തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തെ തുടര്‍ന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്ന് ശ്രീധരന്‍ പിള്ളയുടെ രാജിയ്ക്കായി മുറവിളി ഉയര്‍ന്നു കഴിഞ്ഞു.
എ ക്ലാസ് മണ്ഡലങ്ങളായ തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ തുടങ്ങിയ ഇടങ്ങളിലെ സാധ്യതകള്‍ ഇല്ലാതാക്കിയതിനു പിന്നില്‍ ശ്രീധരന്‍ പിള്ളയും കൃഷ്ണദാസ് പക്ഷവുമാണെന്നാണ് പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്ന ആക്ഷേപം. അതിനെതിരേ ശ്രീധരന്‍പിള്ള ഇതുവരെ പ്രതികരിച്ചിട്ടില്ല. പരാതികള്‍ എല്ലാ കോണുകളില്‍നിന്നും പ്രവഹിച്ചിട്ടും പിള്ള മൗനം തുടരുകയാണ്. ഗ്രൂപ്പു വഴക്കിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് അവലോകന യോഗം ചേരാന്‍ പോലും പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ല. ഇതിനെതിരേ മുരളീധര പക്ഷം കേന്ദ്രത്തില്‍ കടുത്ത ഭാഷയില്‍ത്തന്നെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
അതേസമയം, ശ്രീധരന്‍ പിള്ളയും കൂട്ടരും തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്വം പൂര്‍ണമായും ആര്‍.എസ്.എസിന്റെ ചുമലില്‍ വയ്ക്കാനുള്ള ശ്രമമാണ് നടത്തുന്നത്. തെരഞ്ഞെടുപ്പില്‍ വീഴ്ച വരുത്തിയതിനു പുറമേ തോല്‍വിയുടെ ഉത്തരവാദിത്വം തങ്ങളുടെമേല്‍ അടിച്ചേല്‍പിക്കാനുള്ള ശ്രമവുമാണ് പിള്ളയെ മാറ്റണമെന്ന ആവശ്യത്തിലേക്ക് ആര്‍.എസ്.എസിനെ എത്തിച്ചത്.അതേസമയം, ഗ്രൂപ്പിന്റെ അതിപ്രസരം ഒഴിവാക്കാന്‍ കൃഷ്ണദാസ് പക്ഷത്തെയും മുരളീധര പക്ഷത്തെയും നേതാക്കളെ ഇനി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കേണ്ടെന്ന നിലപാടാണ് സംഘത്തിനുള്ളത്.
പകരം കൃത്യമായി സംഘടനാ പ്രവര്‍ത്തനം നടത്തിയിരുന്നയാള്‍ എന്ന നിലയ്ക്കാണ് പി.പി മുകുന്ദനെ ആര്‍.എസ്.എസ് നിര്‍ദേശിച്ചത്. ഇതിനോട് മുരളീധര പക്ഷത്തിനും യോജിപ്പാണുള്ളത്. അടുത്ത സംഘടനാ തെരഞ്ഞെടുപ്പോടെ മാറ്റം ഉണ്ടാകാനാണ് സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."