ഇടതുപക്ഷത്തെ എഴുതിത്തള്ളാമെന്ന് കരുതേണ്ട: കോടിയേരി
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയത്തോടെ ഇടതുപക്ഷത്തെ എഴുതിതള്ളാമെന്നു വ്യാമോഹിയ്ക്കുന്നവര്‍ക്ക് കനത്ത തിരിച്ചടി നല്‍കി മടങ്ങിവന്ന ചരിത്രമാണ് കേരളത്തിലെ ഇടതുപക്ഷത്തിന് ഉള്ളതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
എസ്.എഫ്.ഐ സംസ്ഥാന പഠന ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.1977ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ സി.പി.എമ്മിന് ഒരു സീറ്റ് പോലും കിട്ടിയില്ല. പിന്നാലെ 1979ല്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പു നടന്നു. ഭൂരിപക്ഷ സ്ഥാപനങ്ങളും സി.പി.എം നേടി. യു.ഡി.എഫ് തകര്‍ന്നു. പല പാര്‍ട്ടികളും ഇടതുപക്ഷത്തിനൊപ്പം വന്നു. 1980ല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരം പിടിച്ചു.
1984ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം നേടിയത് ഒറ്റ സീറ്റാണ്. കോട്ടയത്ത് സുരേഷ് കുറുപ്പ് മാത്രം ജയിച്ചു. വടകരയില്‍ കെ.പി ഉണ്ണികൃഷ്ണനും മാവേലിക്കരയില്‍ തമ്പാന്‍ തോമസും വിജയിച്ചു. 17 സീറ്റ് യു.ഡി.എഫ് നേടി. 1985ല്‍ പാര്‍ട്ടി സംസ്ഥാന സമ്മേളനം ചേര്‍ന്നു. ജാതിമത ശക്തികള്‍ക്കെതിരെയും വര്‍ഗീയ രാഷ്ട്രീയത്തിനെതിരെയും മതനിരപേക്ഷതയ്ക്കായും ശക്തമായി പോരാടാന്‍ പാര്‍ട്ടി തീരുമാനിച്ചു. ജാതിമത ശക്തികളുമായി പാര്‍ട്ടി ബന്ധം വിച്ഛേദിച്ചു. 1987 ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് വന്നു. ഇടതുപക്ഷത്തിന് ഒരു സീറ്റും കിട്ടില്ലെന്ന് മാധ്യമങ്ങള്‍ പറഞ്ഞു. പക്ഷെ എല്‍.ഡി.എഫ് വന്‍ വിജയം നേടി. ഇ .കെ നായനാര്‍ മുഖ്യമന്ത്രിയായി.
ഒരു തോല്‍വി കൊണ്ട് ഇടതുപക്ഷത്തെ എഴുതിതള്ളാം എന്ന് കരുതേണ്ട.
ശക്തമായ അടിത്തറ ഇടതുപക്ഷത്തിന് ഇവിടെയുണ്ട്. തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ കരഞ്ഞിരിയ്ക്കുന്നവരും ജയിച്ചാല്‍ അമിത ആഹ്ലാദം പ്രകടിപ്പിയ്ക്കുന്നവരുമല്ല ഇടതുപക്ഷം. ജയപരാജയങ്ങള്‍ വിലയിരുത്തി മുന്നോട്ടുപോകും ഇപ്പോഴത്തെ പരാജയം താല്‍ക്കാലികമാണ്.
ഏറ്റവും ശക്തമായ തരത്തില്‍ സംഘടനാ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയിട്ടും എങ്ങനെ പരാജയം നേരിട്ടു എന്നത് പരിശോധിയ്ക്കും. അതിന്റെ ഗൗരവം മനസിലാക്കി ഓരോരംഗത്തും തിരുത്തലുകള്‍ വരുത്തും.തിരിച്ചടിയുടെ കാരണം വസ്തുനിഷ്ടമായി പരിശോധിയ്ക്കും. ബൂത്ത് തലത്തില്‍ വരെ പരിശോധന നടത്തുമെന്നും കോടിയേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."