നാട്ടിലെ "തുറൈഫ്" ഹോട്ടലുടമ അബ്ദുസമദാണ് ഇപ്പോൾ സഊദിയിൽ താരം; ഹോട്ടൽ വിശേഷങ്ങളുമായി സമദ് സഊദി ടെലിവിഷനിൽ
റിയാദ്: അന്നം തരുന്ന നാടിന്റെ പേരിൽ സ്വന്തം നാട്ടിൽ ഹോട്ടൽ സ്ഥാപിച്ച അബ്ദുസ്സമദാണ് ഇപ്പോൾ സഊദി സോഷ്യൽ മീഡിയയിലെ താരം. ജോലി ചെയ്‌തിരുന്ന സഊദിയിലെ "തുറൈഫ്" മറക്കാനാകാതെയാണ് നാട്ടിലെത്തിയ സമദ് "തുറൈഫ്" എന്ന പേരിൽ സ്വന്തമായി ഹോട്ടൽ ആരംഭിച്ചത്. എന്നാൽ, ഇപ്പോൾ സഊദിയിലെ പ്രമുഖ ടെലിവിഷൻ അൽ ഇഖ്ബാരിയ ചാനൽ അബ്‌ദുസ്സമദിന്റെ ഈ സംരഭം വാർത്തയാക്കുകയും ലൈവ് ചാനൽ ചർച്ചയിൽ സമ്മദിനെയും സ്പോണ്സറെയും ഉൾപ്പെടുത്തി വിശദമായ വാർത്ത സംപ്രേക്ഷണം ചെയ്യുക കൂടി ചെയ്‌തതോടെയാണ് സമദ് സഊദി സോഷ്യൽ മീഡിയകളിലും സഊദികൾക്കിടയിലും തരംഗമായത്. ജോലി ചെയ്‌തിരുന്ന തുറൈഫിൽ സമദിന് ഇപ്പോൾ താര പരിവേഷം കൂടിയാണ്. മലപ്പുറം ജില്ലയിലെ അബ്ദുറഹ്മാൻ നഗറിൽ നിന്ന് അൽപം മാറിയുള്ള വീടിന് സമീപത്തായി റോഡ് സൈഡിൽ നിർമിച്ച പുതിയ ഹോട്ടൽ തുറൈഫിൽ അറേബ്യൻ വിഭവങ്ങളായ മന്തി, മദ്ഹൂത്ത്, കബ്‌സ, അൽഫഹം തുടങ്ങിയ വിഭവങ്ങളാണുള്ളത്.
ഇരുപത്തിയാറ് വർഷം ഇവിടെ ഒരു സ്‌പോൺസറുടെ കീഴിൽ ജോലി ചെയ്തു വരികയായിരുന്ന അബ്‌ദുസ്സമദ് നാട്ടിൽ അവധിക്ക് പോയതിന് പിന്നാലെയെത്തിയ കൊറോണ പ്രതിസന്ധിയാണ് ഇത്തരമൊരു സംരഭം നാട്ടിൽ തുടങ്ങാൻ പ്രേരണയായത്. 50 കാരനായ അബ്ദുസ്സമദ് തന്റെ ജീവിതത്തിന്റെ പകുതിയിൽ അധികവും തുറൈഫിലാണ് കഴിച്ചുകൂട്ടിയത്. ഇവിടെ ഒരു ഹോട്ടലിൽ കാഷ്യറായി ജോലി ചെയ്‌തു വരികയായിരുന്നു അദ്ദേഹം തുറൈഫിലെ യുവാക്കൾ ഉൾപ്പടെ മുതിർന്നവരടക്കം എല്ലാ സ്വദേശികളെയും അറിയുകയും ചെയ്യും. തന്റെ ജീവിതത്തിന്റെ ഭാഗമായി മാറിയ "തുറൈഫ്" എന്ന സഊദി ഗ്രാമത്തിന്റെ പേരിൽ തന്നെ നാട്ടിൽ ഒരു ഹോട്ടൽ തുടങ്ങാനായിരുന്നു സമദിന്റെ തീരുമാനം. ഇങ്ങനെയാണ് തുറൈഫ് എന്ന പേരിൽ നാട്ടിൽ ഒരു ഹോട്ടൽ ഉയർന്നത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് പുറത്ത് വന്ന ചാനൽ വാർത്ത ഇപ്പോഴും തരംഗമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്.
26 വർഷം ഒരേ സ്‌പോൺസറുടെ കീഴിൽ ജോലി ചെയ്തു വരികയായിരുന്നുവെങ്കിലും സ്‌പോൺസർ സുലൈമാൻ സാലിഹ് ആറു വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ടതിനെ തുടർന്ന് ഇപ്പോൾ മക്കളാണ് സ്ഥാപനങ്ങളെല്ലാം നോക്കി നടത്തുന്നത്. എല്ലാവർക്കും നന്മ ചെയ്യുന്ന സ്വഭാവക്കാരനായിരുന്ന സുലൈമാൻ സാലിഹ് തുറൈഫിലെ സ്വദേശിയെന്നോ വിദേശിയെന്നോ വ്യത്യാസമില്ലാതെ സകലരും ബഹുമാനിച്ച വ്യക്തിയായിരുന്നു. അദ്ദേത്തിന്റെ സ്ഥാപനങ്ങളായ ഹോട്ടൽ, പെട്രോൾ പമ്പ്, ലോഡ്ജുകൾ, വർക്‌ഷോപ്പുകൾ, ബിൽഡിംഗ് ആന്റ് റോഡ് കൺസ്ട്രക്ഷൻ തുടങ്ങിയവകളിൽ മലയാളികളടക്കം നിരവധി വിദേശികളാണ് ജോലി ചെയ്യുന്നത്.
അൽ ഇഖ്‌ബാരിയ വാർത്ത വീഡിയോ കാണാം
[video width="400" height="224" mp4="https://suprabhaatham.com/wp-content/uploads/2020/10/VID-20201012-WA0019.mp4"][/video]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."