വരള്‍ച്ചയുടെ സൂചന നല്‍കി പെരിയാര്‍ നദിയിലെ നീരൊഴുക്ക് നിലച്ചു
വണ്ടിപ്പെരിയാര്‍: വരള്‍ച്ചയുടെ സൂചന നല്‍കി പെരിയാര്‍ നദിയിലെ നീരൊഴുക്ക് നിലച്ചു. ഇതോടെ തീരദേശവാസികള്‍ ആശങ്കയിലായി. മഴ മാറി അന്തരീക്ഷ താപനില വര്‍ധിച്ചതേടെയാണ് പെരിയാറിന്റെ നീരൊഴുക്ക് പൂര്‍ണമായും നിലച്ചത്.
മൂന്നാഴ്ചകള്‍ക്ക് മുന്‍പ് കലിതുള്ളി ഒഴുകിയ പെരിയാറ്റില്‍ ജലനിരപ്പ് വളരെ പെട്ടന്നാണ് താഴ്ന്നത്. പ്രളയത്തെ തുടര്‍ന്നു നദിയില്‍ ചളിയും എക്കലും,മണലും അടിഞ്ഞിരിക്കുകയാണ്. പല ഇടങ്ങളിലും പാറകള്‍ തെളിഞ്ഞ നിലയിലാണ്.മണല്‍ വാരല്‍ സംഘങ്ങള്‍ സജീവമാണ്.ഇതും പെരിയാര്‍ നദിയുടെ മരണത്തിനു വഴിയൊരുക്കുന്നതിനു കാരണമായിട്ടുണ്ട്.
പെരിയാറിന്റെ തീരപ്രദേശമായ കീരിക്കര, ചന്ദ്രവനം, മ്ലാമല, നാലുകണ്ടം,കറുപ്പ്പാലം, തുടങ്ങിയ പ്രദേശങ്ങളിലാണ് ഏറ്റവും അധികം നാശനഷ്ടം ഉണ്ടായത്.ഇവിടെ നിരവധി വീടുകളും ഏക്കറുകണക്കിന് കൃഷിയിടങ്ങളും നശിച്ചു. ജലനിരപ്പ് താഴ്ന്നത് ദുരിതാശ്വാസ മേഖലകള്‍ക്ക് ആശ്വാസം പകര്‍ന്നെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ ജലനിരപ്പ് ക്രമാതീതമായി കുറയാന്‍ തുടങ്ങിയത് തീരദേശങ്ങളില്‍ ആശങ്ക സൃഷ്ടിക്കുന്നു. പെരിയാറിന്റെ തീരത്ത് താമസിക്കുന്ന നൂറു കണക്കിന് കുടുംബങ്ങള്‍ ആറ്റിലെ വെള്ളം ഉപയോഗിച്ചാണ് ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റുന്നത്. വേനല്‍കാലത്ത് ആറ്റില്‍ കുഴികള്‍ കുഴിച്ചും കയങ്ങളില്‍ നിന്നും വെള്ളമെടുത്തുമാണ് തീരദേശവാസികള്‍ വെള്ളം ഉപയോഗപ്പെടുത്തുന്നത്.
മീന്‍ പിടിച്ച് ഉപജീവനം കഴിയുന്നവര്‍ക്കും ജലനിരപ്പ് താഴ്ന്നത് തൊഴിലിനും ഭീഷണിയായി മാറിയിരിക്കുകയാണ്. വള്ളക്കടവ് മുതല്‍ അയ്യപ്പന്‍കോവില്‍വരെയുള്ള തീരപ്രദേശത്ത് താമസിക്കുന്നവര്‍ക്ക് ശുദ്ധജലം ലഭിക്കുന്നതിനു ഏക മാര്‍ഗമാണ് പെരിയാര്‍ നദി. വെള്ളം കുറഞ്ഞതോടെ പെരിയാര്‍ നദിയുടെ തീരത്തെ ജല പദ്ധതികളുടെ നിലനില്‍പ്പും ഭീഷണിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."