രാജി വച്ചവര്‍ക്ക് തങ്ങളുടെ സിനിമയില്‍ വിലക്കുണ്ടെന്ന കാര്യം അദ്ദേഹം പരസ്യമായി തന്നെ സമ്മതിക്കുകയല്ലേ ചെയ്തത്?,മാപ്പ് പറയണം: ഇടവേള ബാബുവിനോട് വിധു വിന്‍സെന്റ്
തിരുവനന്തപുരം: നടിക്കെതിരേ താരസംഘടനയായ അമ്മയുടെ ഭാരവാഹിയായ ഇടവേള ബാബു നടത്തിയ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച് സംവിധായക വിധു വിന്‍സെന്റ്. 'മരിച്ചു പോയവരെ തിരിച്ചു കൊണ്ടുവരാന്‍ പറ്റുമോ ' എന്ന പ്രയോഗം എന്തുകൊണ്ടും അസ്ഥാനത്തും അനവസരത്തിലുള്ളതും ആയി പോയി, രാജി വച്ച് പുറത്ത് പോയവരെയും രാജി വയ്ക്കാതെ അകത്ത് നിന്നു കൊണ്ട് വിമര്‍ശനങ്ങളുന്നയിക്കുന്നവരെയും ചേര്‍ത്തു പിടിക്കാനും, കഴിയുമെങ്കില്‍ അവര്‍ പുറത്തു നില്ക്കുമ്പോള്‍ തന്നെ അവരുമായി ഊര്‍ജസ്വലമായ സംവാദങ്ങള്‍ നടത്താനും കെല്പുണ്ടാവണം ശ്രീ.ബാബു പ്രതിനിധാനം ചെയ്യുന്ന സംഘടനക്ക് എന്നാണ് ഞങ്ങളൊക്കെ ആഗ്രഹിക്കുന്നതെന്ന് വിധു വിന്‍സന്റ് ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
പുറപ്പെട്ടു പോകുന്ന വാക്ക് പുറത്തേക്ക് പോയത് തന്നെയാണ്. അതിനി എത്ര ശ്രമിച്ചാലും തിരിച്ചെടുക്കാനാവില്ല. അതിനാല്‍ തന്നെ ശ്രീ. ഇടവേള ബാബുവിനെ പോലെ ഉത്തരവാദപ്പെട്ട ഒരു സ്ഥാനത്തിരിക്കുന്ന ആള്‍ നടത്തിയ 'മരിച്ചു പോയവരെ തിരിച്ചു കൊണ്ടുവരാന്‍ പറ്റുമോ ' എന്ന പ്രയോഗം എന്തുകൊണ്ടും അസ്ഥാനത്തും അനവസരത്തിലുള്ളതും ആയി പോയി. ശ്രീ. നികേഷ് കുമാറിന്റെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം നടത്തിയ ഈ പ്രതികരണത്തിന്റെ ആഘാതം അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സംഘടനയേയും അതിലെ അംഗങ്ങളെയും എത്രത്തോളം ബാധിക്കുമെന്നത് അദ്ദേഹത്തിന് എത്രത്തോളം ബോധ്യമായിട്ടുണ്ടെന്നത് സംശയമാണ്.
അമ്മയില്‍ നിന്ന് രാജിവച്ചവരൊക്കെ ഈ സംഘടനക്ക് മരിച്ചു പോയവരെ പോലെയാണോ? ചില നീതി നിഷേധങ്ങളെ കുറിച്ച് ഉറക്കെ പറഞ്ഞാണ് ചിലര്‍ സംഘടന വിട്ടത്. സംഘടനക്കകത്ത് നിന്ന് തന്നെ അതിന് പരിഹാരത്തിന് ശ്രമിക്കണമെന്ന ഉത്തമ ബോധ്യത്തിന്റെ പുറത്താണ് ചിലര്‍ അവിടെ തുടര്‍ന്നതും. . രാജി വച്ച് പുറത്ത് പോയവരെയും രാജി വയ്ക്കാതെ അകത്ത് നിന്നു കൊണ്ട് വിമര്‍ശനങ്ങളുന്നയിക്കുന്നവരെയും ചേര്‍ത്തു പിടിക്കാനും, കഴിയുമെങ്കില്‍ അവര്‍ പുറത്തു നില്ക്കുമ്പോള്‍ തന്നെ അവരുമായി ഊര്‍ജസ്വലമായ സംവാദങ്ങള്‍ നടത്താനും കെല്പുണ്ടാവണം ശ്രീ.ബാബു പ്രതിനിധാനം ചെയ്യുന്ന സംഘടനക്ക് എന്നാണ് ഞങ്ങളൊക്കെ ആഗ്രഹിക്കുന്നത്. സിനിമ എന്ന തൊഴിലിന്റെ, സിനിമ എന്ന ഇന്‍ഡസ്ട്രിയുടെ ഭാഗമാണ് അവരെല്ലാവരും. അതു കൊണ്ട് തന്നെ ഇത്തരത്തിലൊരു താരതമ്യ പ്രസ്താവന നടത്തിയതുകൊണ്ട് ഇല്ലാതായി പോകുന്ന സാന്നിധ്യങ്ങളല്ല അവിടെ നിന്ന് രാജിവച്ചവരാരും.
മറ്റൊന്ന് ,രാജിവച്ചവര്‍ ഈ സിനിമയുടെ ഭാഗമാവില്ല എന്നദ്ദേഹം പരസ്യമായി പറയുന്നു. എന്താണ് അതിന്റെ അര്‍ത്ഥം? രാജി വച്ചവര്‍ക്ക്, തങ്ങളുടെ സിനിമയില്‍ വിലക്കുണ്ടെന്ന കാര്യം അദ്ദേഹം പരസ്യമായി തന്നെ സമ്മതിക്കുകയല്ലേ ചെയ്യുന്നത്? താരങ്ങളുടെ സംഘടന നിര്‍മ്മിക്കുന്ന സിനിമയിലൂടെ ധനസമാഹരണം നടത്തി കൊവിഡ് കാലത്ത് തൊഴിലില്ലാതായി പോയ ആര്‍ട്ടിസ്റ്റുകളെ സഹായിക്കുക എന്ന വലിയൊരു ലക്ഷ്യത്തിന്റെ ഉദ്ദേശ ശുദ്ധിയെ തന്നെ ചോദ്യം ചെയ്യുന്നുണ്ട് ഈ താരതമ്യവും മാറ്റി നിര്‍ത്തലുമൊക്കെ..
സിനിമ എന്ന കലാരൂപത്തെ കുറിച്ച്, സിനിമ എന്ന തൊഴിലിനെ കുറിച്ച്, സിനിമ എന്ന സാംസ്‌കാരിക മേഖലയെ കുറിച്ച്, സിനിമക്കകത്തുള്ള ചെറുതും വലുതുമായ പ്രസ്ഥാനങ്ങളെ കുറിച്ച് ഇതിന്റെ ഭാഗമായി നില്ക്കുന്നവര്‍ എന്താണ് കരുതിയിരിക്കുന്നത് എന്നൊരു ആത്മവിമര്‍ശനം ഇപ്പോഴെങ്കിലും നടത്തുന്നത് നന്നായിരിക്കും. കച്ചവട സിനിമയായാലും ആര്‍ട്ട് സിനിമയായാലും സിനിമ ഒരു കലാരൂപമാണ്, അതിനാല്‍ തന്നെ ഒരു പ്രത്യയശാസ്ത്ര ഉപകരണവുമാണ്.സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയോ അനുബന്ധമോ ഒക്കെയാണ് സിനിമ .അതിനാല്‍ തന്നെ സിനിമയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍, സിനിമാസംഘടനകളുടെ തലപ്പത്തിരിക്കുന്നവര്‍ ഒക്കെ ചില പ്രത്യേക അധികാര നിലകളുള്ളവരാണ്. ആ അധികാരം തന്നെ അവരുടെ വാക്കിനെയും പ്രവൃത്തിയെയും സാമൂഹ്യ ആഡിറ്റിംഗിന് വിധേയമാക്കുന്നുമുണ്ട്. അതു കൊണ്ട് തന്നെ 'ഓര്‍ക്കാതെ ' പറഞ്ഞു പോകുന്ന ഓരോ വാക്കിനും നോക്കിനും നമ്മള്‍ വലിയ വില കൊടുക്കേണ്ടി വരും.
ലോകം മുഴുവനും അതിസങ്കീര്‍ണ്ണമായ ഒരു സാഹചര്യത്തിലൂടെ കടന്നു പോവുന്ന ഒരു സമയത്ത് 'ഞാനും എന്റെ വീട്ടുകാരും മാത്രം' എന്ന മട്ടിലുള്ള മൗഢ്യം കലര്‍ന്ന ചിന്തകള്‍ ഉണ്ടാക്കുന്ന അപകടത്തിന്റെ ആഴം ഈ 'ചങ്ങാതികളെ 'ആര് ബോധ്യപ്പെടുത്തും? എല്ലാത്തരം വിയോജിപ്പുകള്‍ക്കിടയിലും അതിനെയൊക്കെ അതിജീവിക്കുന്ന മനുഷ്യത്വം പ്രകടിപ്പിക്കേണ്ട കാലമല്ലേ ഇത്?
ചാരത്തില്‍ നിന്നുയര്‍ന്ന ഫീനിക്‌സ് പക്ഷിയെ പോലെ ജീവിതത്തിലേക്കും തൊഴിലിലേക്കും പതിന്മടങ്ങ് ഊര്‍ജത്തോടെ തിരിച്ചു വന്ന ഒരു പെണ്‍കുട്ടി നമുക്കിടയിലുണ്ട്. നിശ്ശബ്ദയാകാന്‍ വിസമ്മതിച്ചു കൊണ്ട് ഭൂമി മലയാളത്തിലെ എല്ലാ പെണ്‍കുട്ടികള്‍ക്കുമായി എഴുന്നേറ്റ് നില്ക്കാന്‍ ധൈര്യപ്പെട്ട ആ പെണ്‍കുട്ടിയോട് നമ്മളെല്ലാം കടപ്പെട്ടിരിക്കുന്നു. അതിനാല്‍ പുറപ്പെട്ടു പോയ ഈ വാക്കിന്റെ പേരില്‍ നിങ്ങള്‍ അവളോട് മാപ്പ് പറയേണ്ടതുണ്ട്. ഒപ്പം പൊതു സമൂഹത്തോടും.
https://www.facebook.com/vinvidhu/posts/3064854803614125
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."