അശാന്തി വനം
വന പഠനത്തിനും പരിസ്ഥിതി പഠനത്തിനുമൊന്നും എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരിലും സമീപ പ്രദേശങ്ങളിലുമുള്ള വിദ്യാര്‍ഥികള്‍ ദൂരെയുള്ള കൊടുംകാട് തേടി പോകാറില്ല. കാരണം അവരുടെ കൈയ്യെത്തുംദൂരത്ത് തന്നെയുണ്ട് ഒരു കൊച്ചു വനം. അവിടെ 206 ഇനം സസ്യങ്ങളും 147 തരം ചിത്രശലഭങ്ങളും 49 ഇനം തുമ്പികളും 138 ഇനം പക്ഷികളും പിന്നെ കരയാമ, വെള്ളാമ, വിവിധയിനം തവളകള്‍, രണ്ടു ഡസന്‍ വിഭാഗത്തില്‍പ്പെട്ട ഉരഗങ്ങള്‍ എന്നിവയെല്ലാം അവരെ കാത്തിരിപ്പുണ്ട്. പ്രകൃതി വൈവിധ്യത്തിലെ വലിയൊരു ജൈവ സമ്പത്താണ് പരിസ്ഥിതി പഠന മോഹികള്‍ക്കായി വടക്കന്‍ പറവൂരിലുള്ളത്. നാടുമുഴുവന്‍ ചുട്ടുപൊള്ളുമ്പോഴും കടുത്ത വേനലിലും മിതശീതോഷ്ണ കാലാവസ്ഥയുമായി ഈ നാടിനെ കാക്കുന്ന ഒരു കൊച്ചു വനം.
വടക്കന്‍ പറവൂരിനടുത്ത് കോട്ടുവള്ളി പഞ്ചായത്തില്‍പെട്ട വഴിക്കുളങ്ങരയില്‍ ദേശീയപാതയുടെ ഓരത്താണ് 'ശാന്തിവനം' എന്ന പേരിലുള്ള രണ്ടേക്കറോളം വരുന്ന ഈ സ്വകാര്യ സംരക്ഷിത വനം.
മൂന്ന് കാവുകളും മൂന്ന് കുളങ്ങളും ഉള്‍ക്കൊള്ളുന്ന ഇവിടം പഴുതാരയും പാമ്പും തവളകളും അടങ്ങുന്ന ഭൂമിയുടെ അവകാശികള്‍ക്കായി വനമായി കാത്തുസൂക്ഷിക്കുന്നതാകട്ടെ മീനാ മേനോന്‍ എന്ന സാധാരണക്കാരിയും അവരുടെ ഒന്‍പതാം ക്ലാസ്സുകാരിയായ മകള്‍ ഉത്തരയും ചേര്‍ന്ന്.
എണ്‍പതുകളില്‍ നടന്ന പശ്ചിമഘട്ട രക്ഷായാത്രയിലുള്‍പ്പെടെ പങ്കെടുത്ത പരിസ്ഥിതി പ്രവര്‍ത്തകനായിരുന്ന രവീന്ദ്രനാഥിന്റെ മകളാണ് മീന. പരിസ്ഥിതി ആശയങ്ങളില്‍നിന്ന് ആവേശമുള്‍ക്കൊണ്ട രവീന്ദ്രനാഥ് തന്റെ സ്വത്തായ രണ്ടേക്കര്‍ ഭൂമി കാടായി മാറാന്‍ പ്രകൃതിക്ക് വിട്ടുകൊടുക്കുകയായിരുന്നു. ഈ കാടിനോട് ചേര്‍ന്നുള്ള കൊച്ചുവീടും മുറ്റവും മാത്രം ഉപയോഗിച്ച് അദ്ദേഹവും കുടുംബവും ജീവിച്ചു. പിതാവിന്റെ അഭിലാഷം നെഞ്ചേറ്റിയ മീന ഇഴജന്തുക്കളും പക്ഷികളും അടങ്ങിയ ഭൂമിയുടെ സന്തതികളുടെ അവകാശം കവര്‍ന്നെടുത്തില്ല. അവരെ ആരെയും ശല്യപ്പെടുത്താതെ കഴിഞ്ഞ നാല്‍പതിലേറെ വര്‍ഷമായി മീന കാടിന്റെ സ്‌നേഹവലയത്തില്‍ കഴിയുന്നു. ഇപ്പോഴത്തെ റിയല്‍ എസ്റ്റേറ്റ് നിരക്കനുസരിച്ച് കോടികള്‍ വിലവരുന്ന രണ്ടേക്കര്‍ ഭൂമി പ്രകൃതിക്കായി മാറ്റി വയ്ക്കുക എന്നത് അപൂര്‍വമാളുകള്‍ക്ക് മാത്രം സാധ്യമാകുന്ന ത്യാഗമാണ്. നഗരമധ്യത്തില്‍ ഒരുക്കിയ ഈ ശാന്തിയുടെ വനത്തിലേക്കാണ് ഒരു മാസം മുന്‍പ് അശാന്തിയുടെ ജെ.സി.ബി മുരള്‍ച്ചയുമായി കെ.എസ്.ഇ.ബി കടന്നെത്തിയത്. കോടിക്കണക്കിന് രൂപയുടെ പ്രലോഭനവുമായി റിയല്‍ എസ്റ്റേറ്റ് സംഘങ്ങള്‍ വട്ടമിട്ടു പറന്നപ്പോഴും തളളക്കോഴി കുഞ്ഞിനെ എന്ന പോലെ മീന സ്വന്തം സംരക്ഷണയില്‍ കാത്തുസൂക്ഷിച്ച വനത്തിലേക്ക് ആയിരുന്നു ഈ കടന്നുകയറ്റം.
ശാന്തിവനത്തിന്റെ മാറുപിളര്‍ന്നു കൊണ്ട് കെ.എസ്.ഇ.ബിയുടെ വൈദ്യുതി ടവര്‍ നിര്‍മാണം പുരോഗമിക്കുകയാണ്; ഒപ്പം, അവശേഷിക്കുന്ന ഈ പച്ചത്തുരുത്ത് എങ്കിലും സംരക്ഷിക്കണം എന്ന ആഗ്രഹത്തോടെ മീനയും മറ്റു പരിസ്ഥിതി സംരക്ഷകരും നടത്തുന്ന സമരവും.
അവഗണിക്കപ്പെട്ടു;
പഠന റിപ്പോര്‍ട്ടുകളും
ശാന്തിവനം സംരക്ഷണ പ്രശ്‌നം ഉന്നയിക്കപ്പെട്ടപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്, ആരെതിര്‍ത്താലും വികസന നടപടികളുമായി മുന്നോട്ടുപോകും എന്നായിരുന്നു. ഈ പച്ചത്തുരുത്ത് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് ചര്‍ച്ചക്ക് എത്തിയപ്പോള്‍ വൈദ്യുതി വകുപ്പ് മന്ത്രിയുടെ പ്രതികരണം, 20 വര്‍ഷമായി നിങ്ങള്‍ എവിടെയായിരുന്നു? ഉറങ്ങുകയായിരുന്നോ? നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകും എന്നായിരുന്നു. മന്ദം മുതല്‍ ചെറായി വരെയുള്ള 44,000 കുടുംബങ്ങള്‍ക്ക് തടസമില്ലാതെ വൈദ്യുതി എത്തിക്കാന്‍ ഇതല്ലാതെ മറ്റൊരു വഴിയില്ല എന്നാണ് വൈദ്യുതി ബോര്‍ഡിന്റെ അവകാശവാദം. പക്ഷേ ഈ വൈദ്യുതി ലൈനിന്റെ അലൈന്‍മെന്റ് നേരത്തെ മറ്റൊരു വഴിയിലൂടെ ആയിരുന്നു എന്ന സത്യം വൈദ്യുത മന്ത്രിയും മുഖ്യമന്ത്രിയും ഒക്കെ സൗകര്യപൂര്‍വം മറക്കുന്നു. നേരത്തെ തയാറാക്കിയ അലൈന്‍മെന്റ് നടപ്പാക്കിയാല്‍ സ്വാധീനമുള്ള ചിലരുടെ ഭൂമി നഷ്ടപ്പെടുമെന്ന് കണ്ടതോടെയാണ് പെട്ടെന്ന് വൈദ്യുതിലൈന്‍ ശാന്തിവനത്തിന് മുകളിലൂടെയായി വഴിമാറിയത്. അപ്പോഴും ഈ കാട് സംരക്ഷിക്കുന്ന വിധത്തില്‍ ഒരല്‍പം മാറ്റിവരയ്ക്കണം വൈദ്യുത ലൈന്‍ എന്ന് പരിസ്ഥിതിസ്‌നേഹികള്‍ ആവശ്യപ്പെട്ടു. ശാന്തി വനത്തിന്റെ ശാന്തത നശിപ്പിക്കാത്ത വിധം ആയിരിക്കും ലൈന്‍ വലിക്കുക എന്നായിരുന്നു അധികൃതര്‍ പിന്നീട് നല്‍കിയ ഉറപ്പും. പക്ഷേ, ഉത്തരവിറങ്ങിയപ്പോഴാകട്ടെ ശാന്തിവനത്തിന്റെ മാറുപിളര്‍ന്ന് ലൈന്‍ നിര്‍മിക്കുന്നതായി പദ്ധതി. നഗരമധ്യത്തിലുള്ള ഈ പച്ചപ്പിന്റെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ടുള്ള വിവിധ പഠനറിപ്പോര്‍ട്ടുകളുണ്ട്.
ശാന്തി വനത്തിലെ സസ്യ വിഭാഗങ്ങളുടെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് കേരള വനപഠന ഗവേഷണ കേന്ദ്രത്തിന്റ പഠനറിപ്പോര്‍ട്ടുണ്ട്. ഡല്‍ഹിയില്‍ നിന്നുള്ള നാഷണല്‍ മ്യൂസിയം നാച്ചുറല്‍ ഹിസ്റ്ററി വിദഗ്ധരും ഈ സ്വകാര്യ വനത്തിന്റെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് പഠനം നടത്തിയിരുന്നു. ഇതുകൂടാതെ സലിം അലി ഫൗണ്ടേഷന്‍, മലബാര്‍ നാച്ചുറല്‍ ഹിസ്റ്ററി, കൊച്ചിന്‍ നാച്ചുറല്‍ ഹിസ്റ്ററി തുടങ്ങിയവയും ശാന്തി വനത്തെ കുറിച്ച് പഠനം നടത്തിയിരുന്നു. അതെല്ലാം അവഗണിച്ചു കൊണ്ടാണ് വൈദ്യുത ബോര്‍ഡ് ഇപ്പോള്‍ ഈ വനം തകര്‍ത്തെറിയുന്നത്. ഇപ്പോള്‍ ഉള്ളതിന്റെ ഒരു അഞ്ചു മീറ്റര്‍ മാത്രം മാറ്റി അലൈന്‍മെന്റ് വരച്ചാല്‍ അപൂര്‍വ ജൈവസമ്പത്തിന്റെ വലിയൊരു ഭാഗം സംരക്ഷിക്കാനാവുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടിരുന്നു. മാത്രമല്ല ചെറിയൊരു മാറ്റി വരക്കല്‍ നടത്തിയിരുന്നെങ്കില്‍ മൊത്തം വൈദ്യുത ലൈനിന്റെ ദൈര്‍ഘ്യത്തില്‍ കുറവ് വരുമെന്നും അതുവഴി പദ്ധതിച്ചെലവ് ലാഭിക്കാമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ഈ നിര്‍ദേശങ്ങളും അവഗണിക്കപ്പെട്ടു.
തകര്‍ത്തെറിഞ്ഞു;
വീ@െടുക്കാനാവാത്ത വിധം
20 വര്‍ഷമായി കാത്തിരിക്കുന്ന പദ്ധതിയാണെന്നും ഇനിയും വൈകിപ്പിക്കാനാവില്ലെന്നും പാരിസ്ഥിതിക ആഘാതം പരമാവധി കുറച്ച് മുന്നോട്ട് കൊണ്ടുപോകുമെന്നുമാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കിയിരുന്നത്.
സോഷ്യല്‍ ഫോറസ്ട്രിയും കെ.എസ്.ഇ.ബിയും നടത്തിയ സര്‍വേ പ്രകാരം മൂന്ന് മരങ്ങള്‍ പൂര്‍ണമായും അഞ്ച് മരങ്ങള്‍ ഭാഗികമായും മാത്രമേ മുറിക്കേണ്ടി വരൂ എന്നും അവര്‍ ഉറപ്പ് നല്‍കിയിരുന്നു. 19.4 മീറ്റര്‍ ഉയരം വിഭാവനം ചെയ്യുന്ന ടവര്‍ 22.4 മീറ്ററായും 21.4 മീറ്റര്‍ ഉള്ള ടവര്‍ 24.6 മീറ്ററായും ഉയര്‍ത്തുമെന്നും വ്യക്തമാക്കിയിരുന്നു. പക്ഷേ ഉറപ്പുകളെല്ലാം കാറ്റില്‍ പറത്തുന്ന വിധമായിരുന്നു ആദ്യ ടവറിന്റ നിര്‍മാണത്തുടക്കം തന്നെ. യാതൊരു മുന്‍കരുതലും ഇല്ലാതെ ഈ കാടിനുള്ളിലേക്ക് ജെ.സി.ബി കയറ്റി അടിക്കാടും ചെറു മരങ്ങളും തകര്‍ത്തു കളഞ്ഞു. അപൂര്‍വമായ, വളരെ വലിയ ഒരു വെള്ള പൈന്‍ മരം മുറിച്ചു തള്ളി. ഒരു മരം മാത്രമേ മുറിക്കൂ, അര സെന്റ് സ്ഥലമേ ആവശ്യമുള്ളു എന്ന് പറഞ്ഞു തുടങ്ങിയവര്‍ ഇതിനകം പന്ത്രണ്ട് മരങ്ങള്‍ മുറിച്ച് നീക്കി പതിനഞ്ച് സെന്റിലധികം തരിശാക്കി. അമ്പത് മീറ്റര്‍ താഴ്ചയില്‍ അഞ്ച് പൈലിങ് നടത്തി. ഭൂമിയുടെ അഗാധത്തില്‍ നിന്ന് വന്ന വെള്ളവും ചെളിയും കലര്‍ന്ന സ്ലറി വലിയ ഹോസ് ഉപയോഗിച്ച് കാവിനുള്ളിലേക്ക് തള്ളി. അതോടെ ഉരഗ വര്‍ഗങ്ങളുടെയും തവള അടക്കമുള്ള ജീവികളുടെയും എല്ലാം ആവാസവ്യവസ്ഥ തകര്‍ന്നു. ചെറു ജീവജാലങ്ങള്‍ ചത്തുപൊങ്ങി. മൂന്ന് മരങ്ങള്‍ മാത്രമേ മുറിക്കുകയുള്ളൂ എന്നാണ് അധികൃത ഭാഷ്യമെങ്കിലും മുറിക്കേണ്ട 50 മരങ്ങളുടെ പട്ടികയാണ് ജോലിക്കാരുടെ കൈയില്‍ ഉള്ളതത്രെ. ഓരോ മരം മുറിക്കുമ്പോഴും സമീപത്ത്, പട്ടികയില്‍ പെടാത്ത ചെറു മരങ്ങളും മുറിഞ്ഞു വീഴുകയാണ്. ഇനി വീണ്ടെടുക്കാന്‍ കഴിയാത്ത വിധം ഈ ജൈവ സമ്പത്ത് നഷ്ടപ്പെടും എന്ന് ഉറപ്പ്. ഒരു മരം ഉല്‍പ്പാദിപ്പിക്കുന്നത് വര്‍ഷത്തില്‍ 1,00,375 ലിറ്റര്‍ ജീവ വായുവാണ് എന്നാണ് ശാസ്ത്രീയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഒരു കാട് ഇല്ലാതാകുമ്പോള്‍ നമുക്ക് നഷ്ടപ്പെടുന്ന ജീവവായുവിന്റെ അളവ് എത്രയെന്ന് ഇനിയും നാം ചിന്തിക്കുന്നില്ലെങ്കില്‍ വരും തലമുറ ശ്വസിക്കാനുള്ള ജീവവായു പോലും പണം കൊടുത്തു വാങ്ങേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."