വാഹന നികുതി ഇന്നുമുതല്‍ ഓണ്‍ലൈനായി അടയ്ക്കാം
തിരുവനന്തപുരം: മോട്ടോര്‍ വാഹന നികുതി ഇന്ന് മുതല്‍ ഓണ്‍ലൈനായി അടയ്ക്കാം. നിലവില്‍ പുതിയ വാഹനങ്ങളുടെ നികുതി സ്വീകരിക്കുവാന്‍ മാത്രമായിരുന്നു ഓണ്‍ലൈന്‍ സംവിധാനം ഉണ്ടായിരുന്നത്. പഴയ വാഹനങ്ങളുടെ നികുതി ഓഫിസുകളില്‍ മാത്രമായിരുന്നു സ്വീകരിച്ചിരുന്നത്.
ഇന്റര്‍നെറ്റ് സൗകര്യം ഉണ്ടെങ്കില്‍ ഇനി മുതല്‍ സ്വന്തം വീട്ടിലിരുന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്‌സൈറ്റ് വഴി നികുതി അടയ്ക്കാം. ഇന്റര്‍നെറ്റ് സൗകര്യമില്ലാത്തവര്‍ക്ക് അക്ഷയ സെന്ററുകളും ഇ സേവ കേന്ദ്രങ്ങള്‍ വഴിയും നികുതി അടയ്ക്കാം. നികുതി അടയ്ക്കുവാന്‍ വാഹനത്തിന്റെ ഇന്‍ഷുറന്‍സ് സാധുതയുള്ളതായിരിക്കണമെന്ന നിബന്ധനയുണ്ട്. നികുതി അടയ്ക്കുവാനായി ലോഗ് ഇന്‍ ചെയ്യുമ്പോള്‍ ഏതെങ്കിലും കാരണവശാല്‍ വെബ്‌സൈറ്റില്‍ ഇന്‍ഷുറന്‍സിന്റെ വിവരം ലഭ്യമല്ലായെങ്കില്‍ കൈവശമുള്ള പോളിസി സര്‍ട്ടിഫിക്കറ്റ് സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്യാനുള്ള സ്‌ക്രീന്‍ വരുന്നതും അവിടെ അതു ചെയ്യേണ്ടതുമാണ്.
പൊതു ഉപയോഗത്തിനുള്ള വാഹനത്തിന്റെ നികുതി സ്വീകരിക്കണമെങ്കില്‍ തൊഴിലാളികള്‍ക്കുള്ള ക്ഷേമനിധിയുടെ വിഹിതം അടച്ചിരിക്കണമെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ക്ഷേമനിധിയുടെ വിഹിതം അടച്ചതിന്റെ വിവരം കംപ്യൂട്ടറില്‍ ലഭ്യമല്ലായെങ്കില്‍ ക്ഷേമനിധി അടച്ചതിന്റെ രസീത് സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്യണം.
ഓണ്‍ലൈനായി നികുതി അടച്ചു കഴിഞ്ഞാന്‍ വാഹന ഉടമക്ക് താല്‍ക്കാലിക രസീത് അപ്പോള്‍ തന്നെ പ്രിന്റ് ചെയ്‌തെടുക്കാന്‍ സാധിക്കും. അതിനുശേഷം ബന്ധപ്പെട്ട ഓഫിസില്‍ അനുബന്ധകാര്യങ്ങള്‍ പരിശോധിച്ച് അപ്രുവല്‍ ആയികഴിഞ്ഞാല്‍ നികുതി അടച്ചതിന്റെ ലൈസന്‍സ് (ടാക്‌സ് ലൈസന്‍സ്) ഏഴ് ദിവസത്തിനകം സ്വയം പ്രിന്റ് ചെയ്‌തെടുക്കാവുന്നതാണ്. ഏഴ് ദിവസത്തിനകം പ്രിന്റ് എടുക്കാന്‍ സാധിക്കുന്നില്ലായെങ്കില്‍ വാഹന ഉടമ താല്‍ക്കാലിക രസീതു സഹിതം ബന്ധപ്പെട്ട റീജിയനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍, ജോയിന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസറെ സമീപിക്കണം. നികുതി അടയ്ക്കുന്നതിനൊടൊപ്പം വാഹന ഉടമയുടെ വിലാസം നല്‍കിയാല്‍ അടച്ചതിന്റെ വിവരങ്ങള്‍ ഇമെയില്‍ വഴിയും ലഭ്യമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."