തീര്‍ഥാടന വേളയില്‍ സഹായികളായി കേരളത്തില്‍ നിന്ന് 50 വളണ്ടിയര്‍മാര്‍
കൊണ്ടോട്ടി: ഹജ്ജ് തീര്‍ഥാടകര്‍ക്ക് യാത്രയിലും തീര്‍ഥാടന വേളയിലും സഹായികളായി കേരളത്തില്‍ നിന്ന് 50 വളണ്ടിയര്‍മാരെ (ഖാദിമുല്‍ ഹുജ്ജാജ്) അയക്കും. 200 തീര്‍ഥാടകര്‍ക്ക് ഒരാള്‍ എന്ന തോതില്‍ ഓരോ സംസ്ഥാനങ്ങളില്‍ നിന്ന് വളണ്ടിയര്‍മാരെ നിയമിക്കണമെന്നാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി നിര്‍ദേശം നല്‍കിയിരിക്കുന്നത്. കര്‍ശന നിബന്ധനകളാണ് വളണ്ടിയര്‍മാരെ നിയമിക്കുമ്പോള്‍ പാലിക്കേണ്ടത്. വളണ്ടിയര്‍മാരുടെ യാത്രാ ചെലവിന്റെ പകുതി കേന്ദ്ര ഹജ്ജ് കമ്മിറ്റി വഹിക്കും. ശേഷിക്കുന്ന തുക സംസ്ഥാന സര്‍ക്കാര്‍ വഹിക്കണം.
വളണ്ടിയര്‍മാര്‍ സര്‍ക്കാര്‍ ജീവനക്കാരായിരിക്കണം. 25 നും 58നും മധ്യേ പ്രായമുളള പുരുഷന്മാരായിരിക്കണമെന്നും നിര്‍ബന്ധമാണ്. ഹജ്ജ്,ഉംറ തീര്‍ഥാടനം നേരത്തെ ചെയ്തവരായിരിക്കണം. അറബി ഭാഷയില്‍ അറിവുള്ളവര്‍ക്ക് പരിഗണന നല്‍കും. പൊലിസ്,എക്‌സൈസ്,വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും മുന്‍ഗണനയുണ്ടാകും. അപേക്ഷ ജൂണ്‍ 7നകം സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ക്ക് നല്‍കണം.
വളണ്ടിയര്‍മാരായി തിരഞ്ഞെടുക്കുന്നവര്‍ തീര്‍ഥാടകരെ ഹജ്ജ് ക്യാംപ് മുതല്‍ അനുഗമിക്കും. സഊദിയിലെ ഹജ്ജ് കോണ്‍സിലേറ്റുമായി സഹകരിച്ചായിരിക്കണം പ്രവര്‍ത്തനം. 5000 തീര്‍ഥാടകരുള്ള സംസ്ഥാനങ്ങള്‍ക്ക് ഒരു ഉദ്യോഗസ്ഥനേയും 10,000 തീര്‍ഥാടകര്‍ക്ക് 2 പേരേയും 15,000 പേരുള്ള സംസ്ഥാനങ്ങളില്‍ നിന്ന് മൂന്ന് പേരേയും നിലവില്‍ വേണ്ട വളണ്ടിയര്‍മാര്‍ക്ക് പുറമെ അയക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."