ഫൊര്‍മോസയിലെ റമദാന്‍ വിശേഷങ്ങള്‍
ഫൊര്‍മോസ എന്ന ലാറ്റിന്‍ വാക്കിനര്‍ഥം 'ഭംഗിയുള്ളത്', 'മനോഹരമായത്' എന്നാണ്. പതിനാറാം നൂറ്റാണ്ടിന്റെ പകുതിയില്‍ തായ്‌വാന്‍ സന്ദര്‍ശിച്ച ചില പോര്‍ച്ചുഗീസ് നാവികരാണ് സുന്ദരിയായ ഈ കൊച്ചു ദ്വീപിനെ ആദ്യമായി 'ഇല്‍ഹ ഫൊര്‍മോസ' (മനോഹരമായ ദ്വീപ്) എന്ന് നാമകരണം ചെയ്തത്. കാലാന്തരത്തില്‍ വിവിധ രാജ്യങ്ങളുടെയും ഭരണാധികാരികളുടെയും തേര്‍വാഴ്ച്ചയുടെ ഭാഗമെന്നോണം സ്പാനിഷ് ഫൊര്‍മോസ, ഡച്ച് ഫൊര്‍മോസ, റിപ്പബ്ലിക് ഓഫ് ഫൊര്‍മോസ എന്നുമെല്ലാം പല രാജ്യക്കാരും വിളിപ്പേര് നല്‍കിയിട്ടുണ്ട്. പതിനേഴാം നൂറ്റാണ്ടിന്റെ അവസാന പകുതിയില്‍ ഡച്ച് ഭരണത്തില്‍ നിന്നും ദ്വീപിനെ തിരിച്ചു പിടിക്കാന്‍ വന്ന ചൈനീസ് പ്രവിശ്യന്‍ ഭരണാധികാരിയായിരുന്ന കോഷിംഗയുടെ സൈന്യത്തിലെ ചില മുസ്‌ലിം മത വിശ്വാസികളായ പട്ടാളക്കാരെയാണ് ആദ്യ മുസ്‌ലിം സമൂഹമായി ഇവിടെ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നത്.
രാജ്യത്തിന്റെ മൊത്തം ജനസംഖ്യയില്‍ അര ശതമാനം പോലും ഇല്ലാത്തവരാണ് തായ്‌വാനിലെ മുസ്‌ലിം സമൂഹം. എണ്ണത്തില്‍ കൂടുതല്‍ പേരും ഖൂദൂ വംശത്തിലുള്ളവരാണ്. ചൈന, മ്യാന്‍മാര്‍, തായ്‌ലന്റ് പോലുള്ള രാജ്യങ്ങളില്‍ നിന്നും കുടിയേറിപ്പാര്‍ത്തവര്‍ക്ക് പുറമെ, ഇന്തോനേഷ്യ, മലേഷ്യ, ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, ചില ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുപോലും പഠനവും, ഉപജീവന മാര്‍ഗവുമായി രാജ്യ ജനസംഖ്യയുടെ മൂന്നിരട്ടി മുസ്‌ലിംകള്‍ ഇന്നിവിടെ കഴിഞ്ഞു പോകുന്നു. 1947 ലാണ് ആദ്യ മുസ്‌ലിം പള്ളി തായ്‌പേയില്‍ നിര്‍മിക്കുന്നത്.
തായ്‌വാനിലെ റമദാന്‍ കാലം
വീടുകളിലും പള്ളികളിലും ഉയരുന്ന ഖുര്‍ആന്‍ വചനങ്ങളാണ് ഇതര മാസങ്ങളില്‍ നിന്ന് റമളാനിനെ ദ്വീപിലെ ജീവിതത്തില്‍ കൂടുതല്‍ വ്യത്യസ്തമാക്കുന്നത്. വിദ്യാര്‍ഥികളും തൊഴിലാളികളുമെല്ലാം ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത് കാണാവുന്നതാണ്. ശാന്ത മഹാ സമുദ്രത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന ഫൊര്‍മോസയിലെ ഏത് കാലാവസ്ഥയിലും ചെറിയ കുട്ടികളടക്കം നോമ്പനുഷ്ഠിക്കുന്ന കാഴ്ച വിശ്വാസികളല്ലാത്ത നാട്ടുകാര്‍ക്ക് കൗതുകമാണ്. വിശുദ്ധ റമദാന്‍ ആഗതമാവുന്നതോടെ മുസ്‌ലിംകളുടെ പൊതുജീവിതത്തില്‍ തന്നെ മാറ്റങ്ങള്‍ വരികയായി. റമളാന്‍ മാസത്തില്‍, അയല്‍ വീടുകളിലും കുടുംബങ്ങളിലും നോമ്പ് തുറക്കാന്‍ പോവുന്ന പതിവുണ്ടല്ലോ നാം കേരളീയര്‍ക്ക്. എന്നാല്‍ ഇങ്ങനെയൊരു കാഴ്ച ഇവിടെ കാണുന്നത് വിരളമാണ്. നമ്മുടെ നാട്ടില്‍ വീടുകളിലേക്ക് വേണ്ടപ്പെട്ടവരെയെല്ലാവരെയും നോമ്പ് തുറക്കാന്‍ ക്ഷണിക്കുന്നതും സല്‍ക്കരിക്കുന്നതും വലിയ പുണ്യ പ്രവര്‍ത്തിയായിട്ടാണ് നാം കണക്കാക്കുന്നത്. പലപ്പോഴും ഇവ മത്സര ബുദ്ധിയോടെ നടത്തുന്നതും, അതുവഴി ഭക്ഷണം പാഴാക്കുന്നതും നാം സാക്ഷികളായിട്ടുണ്ടാവാം. പക്ഷെ, ഇവിടുള്ളവര്‍ മറ്റൊരു രീതിയിലാണ് ഓരോ ഇഫ്താറുകളും നോക്കിക്കാണുന്നത്. മക്കളെയും പേര മക്കളെയും കൂട്ടി കുടുംബസമേതം ഓരോ ദിവസവും കിലോമീറ്ററുകള്‍ സഞ്ചരിച്ച് നോമ്പ് തുറക്കാന്‍ പള്ളികളിലെത്തിച്ചേരുന്നു. പിന്നീടവര്‍ സുദീര്‍ഘമായ തറാവീഹ് നമസ്‌കാരാനന്തരമാണ് വീട്ടിലേക്ക് മടങ്ങുന്നത്. ഇഫ്താര്‍ സമയത്ത് വളരെ വിപുലമായ രീതിയില്‍ ചൈനീസ്, ഇന്തോനേഷ്യ
ന്‍, തായ്‌വാന്‍ ഭക്ഷണങ്ങളെല്ലാം പള്ളിയില്‍ തന്നെ പാചകം ചെയ്യുന്നു. പള്ളിയുടെ തൊട്ടടുത്ത് വസിക്കുന്ന വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സാധാരണക്കാരും, ഉദ്യോഗാര്‍ഥികളും വിദ്യാര്‍ഥികളുമെല്ലാം ചേര്‍ന്നുകൊണ്ടാണ് ഇഫ്താര്‍ വിഭവങ്ങളുണ്ടാക്കുന്നത്. മഗ്‌രിബ് നിസ്‌കാരാനന്തരം മുതിര്‍ന്നവര്‍ അത് വിളമ്പി നല്‍കുമ്പോള്‍ ചെറിയൊരു ഗൃഹാതുരത്വവും അനുഭവപ്പെടുന്നു. പലരും വീടുകളില്‍ നിന്നും എണ്ണക്കടികളും, മറ്റു പലഹാരങ്ങളുമെല്ലാം പാകം ചെയ്ത് പള്ളിയിലേക്ക് കൊണ്ടു വരാറുമുണ്ട്. അതേസമയം ആവശ്യക്കാര്‍ക്കനുസരിച്ചുള്ള ഹലാല്‍ മാംസാഹാരം തായ്‌വാന്‍ നഗരങ്ങളില്‍ ലഭ്യമല്ല. ഈ പരിമിതി നോമ്പ് കാലത്ത് മാംസാഹാരം കഴിക്കുന്ന ചിലര്‍ക്കെങ്കിലും പ്രയാസമുണ്ടാക്കാറുണ്ട്.
ഓരോ റമദാന്‍ വര്‍ഷാരംഭത്തിലും ചൈനയില്‍ നിന്നു കേള്‍ക്കുന്ന ഒട്ടും ശുഭകരമല്ലാത്ത ഇസ്‌ലാമോഫോബിയയുടെ വാര്‍ത്തകള്‍ക്കിടയിലും ചൈനീസ് ഭാഷ സംസാരിക്കുന്ന ഈ കൊച്ചു ഫൊര്‍മോസയിലെ ജീവിതാനുഭവം ഹൃദ്യമാണ്.
(ലേഖകന്‍ തായ്‌വാനിലെ ചാങ്‌യാന്‍ ക്രിസ്ത്യന്‍ യൂനിവേഴ്‌സിറ്റിയിലെ ഗവേഷണ വിദ്യാര്‍ഥിയാണ്)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."