പെര്‍ള വീവേഴ്‌സ് കോപ്പറേറ്റീവ് സൊസൈറ്റി; അടച്ചുപൂട്ടല്‍ ഭീഷണിയില്‍
പെര്‍ള: പെര്‍ള എസ്.എന്‍ വീവര്‍സ് കോപ്പറേറ്റിവ് സെസൈറ്റി അടച്ചു പൂട്ടല്‍ ഭീഷണിയില്‍. എന്‍മകജെ പഞ്ചായത്തിലെ പെര്‍ളയില്‍ ഗ്രാമീണ മേഖലയിലെ യുവതികള്‍ക്ക് തൊഴില്‍ അവസരമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സൊസൈറ്റി പ്രവര്‍ത്തനം ആരംഭിച്ചത്.
തുടക്കത്തില്‍ 50ഓളം കൈത്തറികളും പരിശിലകനും ഉണ്ടായിരുന്നു. ആവശ്യത്തിന് തൊഴിലാളികളും ഉണ്ടായിരുന്നു. മാത്രവുമല്ല അതിര്‍ത്തി പ്രദേശമെന്നതുകൊണ്ടുതന്നെ ഇവിടെ നെയ്‌തെടുക്കുന്ന തുണിതരങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയായിയിരുന്നു. കൈത്തറി തുണികള്‍ക്ക് പുറമെ ബെഡ് ഷീറ്റുകള്‍, തോര്‍ത്ത് എന്നിവയായിരുന്നു ഇവിടുത്തെ പ്രധാന ഉല്‍പന്നങ്ങള്‍. വിപണനം കുടുതലും കര്‍ണാടകയിലായിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ ആവശ്യക്കാര്‍ സൊസൈറ്റിയില്‍ നേരിട്ടെത്തി ഉല്‍പന്നങ്ങള്‍ വാങ്ങിയിരുന്നു. എന്നാല്‍ പുതുതലമുറ കൈത്തറി ഉല്‍പന്നങ്ങളില്‍നിന്ന് പിന്‍മാറുകയും ആവശ്യക്കാര്‍ കുറയുകയും ചെയ്തു. അതൊടൊപ്പം സൊസൈറ്റിയില്‍ പരിശീലകന്‍ സര്‍വിസില്‍ നിന്നും വിരമിച്ചതോടെ പകരം ഒരാളെ നിയമിച്ചുവെങ്കിലും മറ്റ് ജോലി ലഭിച്ചതോടെ ജോലിയില്‍നിന്ന് വിടുതല്‍ വാങ്ങുകയായിരുന്നു. ഇതോടെ സൊസൈറ്റിയില്‍ പരിശീലകന്‍ ഇല്ലാതായി.
തൊഴിലാളികളില്‍ പലരും വിവാഹിതരായും മറ്റും പോയതോടെ സ്ത്രീ തൊഴിലാളികളുടെ ലഭ്യതയും കുറഞ്ഞു. തറികളില്‍ പലതും നാശത്തിന്റെ വക്കിലെത്തി. എന്നാല്‍ കേടുപാട് തീര്‍ക്കുവാനുള്ള ഫണ്ട് സൊസൈറ്റിയില്‍ ഇല്ലാത്തത് കാരണം കേടുപാടുകള്‍ തീര്‍ത്തതുമില്ല. അതുപോലെ തന്നെ അസംസ്‌കൃത വസ്തുക്കളായ നൂല്‍, കളര്‍ തുടങ്ങിയവ ലഭിക്കണമെങ്കില്‍ കണ്ണൂരിലെ കേന്ദ്ര സൊസൈറ്റിയുമായി ബന്ധപ്പെടണം. നേരത്തെ അസംസ്‌കൃത സാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍ ലഭിച്ചിരുന്നുവെങ്കില്‍ സര്‍ക്കാര്‍ അതും നിര്‍ത്തലാക്കിയതോടെ സൊസൈറ്റിയുടെ പ്രവര്‍ത്തനം തീര്‍ത്തും പ്രതിസന്ധിയിലായി.
നിലവില്‍ ആറ് തൊഴിലാളികള്‍ മാത്രമാണ് ഇവിടെ ജോലിയിലുള്ളത്. ഇവര്‍ തന്നെ തുണിത്തരങ്ങള്‍ നെയ്‌തെടുക്കണം. നൂലിന് കളര്‍ ചേര്‍ക്കണം. നെയ്‌തെടുക്കാനുള്ള നൂല്‍ ചുറ്റിയെടുക്കണം. ജോലി ഭാരം കുടുതലെങ്കിലും തുഛമായ വേതനം മാത്രമെ തൊഴിലാളികള്‍ക്ക് ലഭിക്കുന്നുള്ളു. ഇത് കാരണം ഇവരും ജോലി ഉപേക്ഷിക്കാന്‍ തിരുമാനിച്ചിരിക്കുന്നു. അങ്ങിനെ വന്നാല്‍ എട്ട് പതിറ്റാണ്ടുകളുടെ പരമ്പര്യമുള്ള നെയ്ത്ത് സൊസൈറ്റി അടച്ചു പൂട്ടേണ്ടി വരും.
അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത കുറയുകയും അവയ്ക്കുള്ള സബ്‌സിഡി നിര്‍ത്തലാക്കിയതു കാരണവും തൊഴാലാളികള്‍ക്ക് നെയ്‌തെടുക്കുന്ന തുണിത്തരങ്ങള്‍ക്ക് നിശ്ചിത തുക മാത്രമെ നല്‍കാവുവെന്ന സര്‍ക്കാര്‍ മാനദണ്ഡമാണ് തൊഴിലാളികള്‍ക്ക് വേതനം കുറയുകയും പലരും ഈ രംഗത്തേക്ക് കടന്ന് വരാന്‍ തയ്യാറാവാത്തതും. നിലവിലുള്ള തൊഴിലാളികള്‍ ജോലിയില്‍നിന്ന് പിരിഞ്ഞു പോയാല്‍ സൊസൈറ്റി അടച്ചു പൂട്ടുക തന്നെ വേണ്ടി വരുമെന്ന് സെക്രട്ടറി രാധകൃഷ്ണ ആര്‍ ഭട്ട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."