പ്രളയ അവശേഷിപ്പുമായി ചെങ്ങണാംകുന്ന് റഗുലേറ്റര്‍
പട്ടാമ്പി: ഓങ്ങല്ലൂര്‍ കാരക്കാട് ഭാരതപ്പുഴയില്‍ നിര്‍മാണം നടക്കുന്ന ചെങ്ങണാംകുന്ന് റഗുലേറ്റര്‍ പദ്ധതി പ്രളയ അവശേഷിപ്പായി മാറി.. പുഴയില്‍ മലവെള്ള പ്രവാഹമുണ്ടായപ്പോള്‍ ഒഴുകി വന്ന മരങ്ങളും ചില്ലകളും ചണ്ടിയും മറ്റു ജൈവ മാലിന്യക്കൂമ്പാരവും അടിഞ്ഞു കൂടി കോണ്‍ക്രീറ്റ് തുണുകളെ പൊതിഞ്ഞ നിലയിലാണ് പണി പാതി പിന്നിട്ട റഗുലേറ്റര്‍.
തടയണയുടെ നിര്‍മ്മാണം കഴിഞ്ഞ് ബാക്കി പ്രവര്‍ത്തനം തുടങ്ങേണ്ട സമയം കഴിഞ്ഞിട്ടും പ്രവൃത്തി മന്ദഗതിയിലാണ് നടക്കുന്നത്. ഭാരതപ്പുഴയിലെ ജല നിരപ്പ് ക്രമാതീതമായി താഴ്ന്നിട്ടും ഷട്ടറിന്റെ നിര്‍മ്മാണം ആരംഭിച്ചിട്ടില്ല. പ്രളയത്തില്‍ വന്നടിഞ്ഞ ചണ്ടി മാലിന്യങ്ങള്‍ നീക്കം ചെയ്യാനുള്ള നടപടിയും ഉണ്ടായില്ല. റഗുലേറ്ററിന്റെ പില്ലറുകളിലും സ്പാനുകളിലും വലിയ തോതില്‍ കമ്പിളി പുതപ്പു പോലെ ചണ്ടി അടിഞ്ഞു കിടക്കുന്നുണ്ട്.
പ്രദേശത്തെ ചില വ്യക്തികളുടെ നേതൃത്വത്തില്‍ ചണ്ടി നീക്കാന്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും പ്രായോഗികമാവുന്നില്ല. മൈനര്‍ ഇറിഗേഷന്‍ വകുപ്പിനു കീഴിലാണ് 33 കോടി രൂപ ചെലവിട്ട് ചെങ്ങണാംകുന്ന് പദ്ധതി നടപ്പാക്കുന്നത്. റഗുലേറ്റര്‍ കം ബ്രിഡ്ജ് പണിയണമെന്ന ആവശ്യം പോലും തിരസ്‌ക്കരിച്ചാണ് തടയണ മാത്രം പണിയുന്നത്. മന്ദഗതിയില്‍ നീങ്ങുന്ന പ്രവൃത്തി എന്നു തീരുമെന്ന് അറിയാന്‍ പോലും കഴിയാത്ത സ്ഥിതിയാണെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. പാലക്കാട്തൃശൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന തീരപ്രദേശമാണ് റഗുലേറ്ററിന്റെ ഇരുകരകളും. ദേശമംഗലം പഞ്ചായത്തും ഓങ്ങല്ലൂര്‍ പഞ്ചായത്തും ഉള്‍കൊള്ളുന്നതിനാല്‍ ബന്ധപ്പെട്ട വകുപ്പധികൃതരും അടിഞ്ഞുകൂടിയ മാലിന്യം നീക്കം ചെയ്യുന്നതിന് നടപടി എടുത്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."