എരവാലരുടെ ആവശ്യം കുമ്പിളില്‍ തന്നെ
പുതുനഗരം: പദ്ധതികളൊന്നും നടപ്പിലായില്ല എരവാലരുടെ ആവശ്യം സര്‍ക്കാര്‍ പരിഹരിക്കാത്തത് പുത്തന്‍പാടം-പറത്തോട് കോളനിവാസികള്‍ക്ക് ദുരിതത്തിന്റെ ജീവിതമായി.വഴിയില്ലാതെ, അര്‍ഹതപെട്ട റേഷന്‍കാര്‍ഡ് ലഭ്യമാകാതെ തൊഴിലിനും സ്‌കോളര്‍ഷിപ്പിനുമുള്ള പട്ടികവര്‍ഗ്ഗ സര്‍ട്ടിഫിക്കറ്റുകള്‍എന്നിവ ലഭ്യമാകാതെ എരവാലന്‍ വിഭാഗങ്ങളുടെ ജീവിതം ഓലക്കുടിലുകളില്‍ തന്നെ.
കൊല്ലങ്കോട് ഗ്രാമപഞ്ചായത്തില്‍ തെന്മലയോടുചേര്‍ന്ന് പ്രദേശമായ പുത്തന്‍പാടം, പറത്തോട് കോളനികളില്‍ ഭവനപദ്ധതികള്‍ കൃത്യമായി അനുവദിക്കാത്തതിനാല്‍ ഓലക്കുടിലുകളിലുള്ള വീടുകളും തകര്‍ച്ചനേരിട്ടുകൊണ്ടിരിക്കുകയാണ്. രണ്ടുകോളനികളിലായി അന്‍പതിലധികം വീടുകളാണ് ഉള്ളത്. ഇതില്‍ വിരലിലെണ്ണാവുന്ന വീടുകള്‍മാത്രമാണ് ഓടിട്ടത് മറ്റുള്ളവയെല്ലാം പുരാതനകോളനികളെ ഓര്‍മ്മപെടുത്തുന്ന ഓലക്കുടിലുകളാണ്. മാറുന്നസര്‍ക്കാറുകള്‍ വിവിധ പേരുകളില്‍ ഭവന പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടെങ്കിലും പുത്തന്‍പാടത്തും പറത്തോട്ടിലും വീടുകള്‍ നിര്‍മ്മിക്കുവാനുള്ള പദ്ധതി പാസാക്കുന്നതിലുള്ള കാലതാമസത്തിന് ഇന്നുവരെ അറുതിയുണ്ടായിട്ടില്ല.
പട്ടികജാതിക്കാരാണെന്നും പട്ടികവര്‍ഗ്ഗക്കാരാണെന്നുമെല്ലാം തരംതിരിക്കുന്നതിലും ജാതി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിലെ പ്രതിസന്ധി പരിഹരിക്കാത്തതുമാണ് പദ്ധതികളില്‍ ഉള്‍പെടുത്താതിരിക്കാന്‍ കാരണമായി അധികൃതര്‍ പറയുന്നത്. കോളനിക്കുസമീപത്തുള്ള തോട്ടിനുകുറുകെ പാലം നിര്‍മ്മിച്ചതും പരിസരങ്ങളിലെ ചാത്തുണ്ണിമാഷ് സൗജന്യമായി നല്‍കിയ ഭൂമിയില്‍ അംഗണ്‍വാടി നിര്‍മ്മിച്ചതും സമ്പൂര്‍ണ്ണ വൈദ്യുതീകരണം എത്തിയതും ഒഴിച്ചാല്‍ കോളനികളില്‍ വികസനം എത്തിനോക്കീട്ടിയില്ലെന്ന് കോളനിവാസികള്‍ പറയുന്നു.
ജാതിനിര്‍ണ്ണയിക്കാത്തതിന്റെ പേരില്‍ ജീര്‍ണ്ണാവസ്ഥയിലുള്ള കുടിലുകളില്‍ വസിക്കേണ്ട അവസ്ഥക്ക് മാറ്റമുണ്ടാവണമെന്നാവശ്യപെട്ട് കഴിഞ്ഞ സര്‍ക്കാര്‍കാലത്തും ഇത്തവണയും കോളനിവാസികള്‍ നിവേദനം നല്‍കിയെങ്കിലും ജാതിനിര്‍ണ്ണയം സ്ഥിരമായാല്‍ മാത്രമെ കോളനിവാസികള്‍ക്ക് ഭവനപദ്ധതികളുടെ കാര്യത്തില്‍ അന്തിമതീരുമാനം ഉണ്ടാകൂഎന്ന മറുപടികളാണ് ലഭിക്കുന്നതെന്ന് കോളനിവാസിയായ തത്ത പറയുന്നു.നിലവില്‍ പട്ടിക ജാതി വിഭാഗത്തിലാണ് എരവാലന്‍ വിഭാഗക്കാരെ ഉള്‍പെടുത്തീയിട്ടുള്ളത്.എന്നാല്‍ മുതലമട, എലവഞ്ചേരി, പോത്തുണ്ടി, നെല്ലിയാമ്പതി എന്നിവിടങ്ങളില്‍ എരവാലന്‍ വിഭാഗങ്ങള്‍ക്ക് പട്ടിഗ വര്‍ഗസര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനാല്‍ തങ്ങള്‍ക്കും പട്ടികവര്‍ഗ്ഗ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കണമെന്ന ആവശ്യമുന്നയിച്ചുട്ടുള്ള കുടില്‍കെട്ടിസമരമാണ് റവന്യു അധികൃതര്‍ ഇടപെട്ട് സമരപ്പന്തലുകള്‍ പൊളിച്ചുനീക്കിയതോടെ എരവാലരുടെ ന്യായമായ ആവശ്യങ്ങള്‍ ചോദ്യചിഹ്നമായി മാറിയത്.
ജാതിനിര്‍ണ്ണയം പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി കിര്‍ത്താഡ്‌സ് കോളനികളില്‍ പരിശോധന നടത്തിയ റിപ്പോര്‍ട്ട് ലഭിക്കുന്നതിനനുസ രിച്ചാണ് കോളനിവാസികളുടെ ജാതി നിര്‍ണ്ണയത്തിലും അതിലൂടെ വികസനപദ്ധതികളിലും പൂര്‍ണ്ണതകൈവരിക്കുകയെന്ന് പൊതുപ്രവര്‍ത്തകര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."