വഴിപാടായി ലഭിച്ച സ്വര്‍ണത്തിലും വെള്ളിയിലും കുറവ്; ശബരിമല സ്ട്രോങ് റൂം നാളെ പരിശോധിക്കും
തിരുവനന്തപുരം: ശബരിമലയില്‍ വഴിപാടായി ലഭിച്ച സ്വര്‍ണത്തിലും വെള്ളിയിലും കുറവ്. 40 കിലോ സ്വര്‍ണത്തിന്റെയും 100 കിലോ വെള്ളിയുടെയും കുറവാണ് കണ്ടെത്തിയത്. ഓഡിറ്റിങിലാണ് ഇക്കാര്യം കണ്ടെത്തിയത്. അതേസമയം, സ്വര്‍ണവും വെള്ളിയും സ്‌ട്രോങ് റൂമിലേക്ക് മാറ്റിയതിന് രേഖകളുമില്ല. ഇതിനെ തുടര്‍ന്ന് ഹൈക്കോടതി നിയോഗിച്ച ദേവസ്വം ഓഡിറ്റ് വിഭാഗം നാളെ സ്‌ട്രോങ് റൂം തുറന്ന് പരിശോധന നടത്തും.
കുറവ് കണ്ടെത്തിയ സ്വര്‍ണവും വെള്ളിയും സ്ട്രോങ് റൂമില്‍ എത്തിയിട്ടുണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുക. 2017 ന് ശേഷമുള്ള നടവരവ് ഉരുപ്പടികളാണ് സ്ട്രോങ് റൂമിലേക്ക് മാറ്റിയതിന് രേഖകളില്ലാത്തത്. ശബരിമലയില്‍ വഴിപാടിലൂടേയും കാണിക്കയിലൂടേയും ലഭിച്ച സ്വര്‍ണം, വെള്ളി തുടങ്ങിയവ ക്ഷേത്രത്തിലെ നാലാം രജിസ്റ്ററില്‍ രേഖപ്പെടുത്തണം എന്നാണ് വ്യവസ്ഥ. ഈ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുള്ള സ്വര്‍ണം പിന്നീട് സ്ട്രോങ് റൂമിലേയ്ക്ക് മാറ്റുമ്പോള്‍ അത് രജിസ്റ്ററിന്റെ എട്ടാം നമ്പര്‍ കോളത്തില്‍ രേഖപ്പെടുത്തണം. എന്നാല്‍ ഇപ്പോള്‍ നഷ്ടപ്പെട്ട സ്വര്‍ണവും വെള്ളിയും ലഭിച്ചുവെന്ന് രേഖകള്‍ ഉണ്ടെങ്കിലും ഇത് സ്ട്രോങ് റൂമിലേയ്ക്ക് മാറ്റിയതിന് തെളിവില്ല. നാളെ 12 മണിക്കാണ് സ്‌ട്രോങ്ങ് റൂം മഹസ്സര്‍ പരിശോധിക്കുക.
ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളുടെ സ്‌ട്രോങ് റൂം മഹസ്സര്‍ ആറന്മുളയിലാണ്. ഇവിടെ എത്തിയാകും പരിശോധന.
സ്‌ട്രോങ്‌റൂം തുറന്ന് മഹസര്‍ പരിശോധിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി ശബരിമല എക്‌സിക്യൂട്ടീവ് ഓഫിസര്‍ക്ക് ഹൈക്കോടതി നിയോഗിച്ച ഓഡിറ്റ് വിഭാഗം റിപ്പോര്‍ട്ട് നല്‍കി. സ്‌ട്രോംഗ് റൂം മഹസറില്‍ ഈ സ്വര്‍ണം എത്തിയതിന് രേഖയില്ലെങ്കില്‍ മാത്രമാകും സ്വര്‍ണ്ണം തൂക്കി നോക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുക. സ്‌ട്രോങ് റൂം ചുമതലയുള്ള അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഓഫിസറുടെ നേതൃത്വത്തിലാണ് നാളെ പരിശോധന.
അതേസമയം ശബരിമലയിലേത് തീര്‍ത്തും അനാവശ്യമായ വിവാദമാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു. ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍ ഒരു ഉദ്യോഗസ്ഥനാണ്. ഒരു തരി സ്വര്‍ണം പോലും ശബരിമലയില്‍ നിന്നും നഷ്ടപ്പെട്ടില്ല. ഉണ്ടായെങ്കില്‍ കര്‍ശന നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദേവസ്വം ബോര്‍ഡില്‍ നിന്നും വിരമിച്ചിട്ടും ആനുകൂല്യങ്ങള്‍ ലഭിക്കാത്ത ഒരു ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ഓഡിറ്റിങിന് അനുകൂലമായ സാഹചര്യമുണ്ടായത്. മോഹനന്‍ എന്ന ഈ ഉദ്യോഗസ്ഥന്‍ തന്റെ ചുമതല കൈമാറാത്തതിനാലാണ് ദേവസ്വം ബോര്‍ഡ് ആനുകൂല്യങ്ങള്‍ നിഷേധിച്ചത്. ഇതേ തുടര്‍ന്ന് ചുമതല കൈമാറും മുന്‍പ് ഓഡിറ്റിങ് നടത്തണമെന്ന് ചട്ടം പാലിച്ചാണ് നാളെ സ്‌ട്രോംഗ് റൂം തുറന്ന് പരിശോധിക്കുക്കുന്നതെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."