HOME
DETAILS
MAL
വികേന്ദ്രീകരണ കാലത്തെ കേന്ദ്രീകരണം അപകടകരം
backup
October 14 2020 | 01:10 AM
സംസ്ഥാന സര്‍ക്കാരിന്റെ ഭരണനിര്‍വഹണ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിക്കൊണ്ടുള്ള കരട് നിര്‍ദേശങ്ങള്‍ ഇതിനകം വലിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയിരിക്കുന്നത്. വിശ്വാസ് മേത്ത അധ്യക്ഷനായ സെക്രട്ടറി തലത്തില്‍ രൂപപ്പെടുത്തിയ റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതി കരട് നിര്‍ദേശങ്ങള്‍ ഉപസമിതിയുടെ പരിഗണനയ്ക്ക് വന്നപ്പോള്‍ ഘടകകക്ഷി മന്ത്രിമാരില്‍ നിന്നും ശക്തമായ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രിയിലും ചീഫ് സെക്രട്ടറിയിലും വകുപ്പ് സെക്രട്ടറിമാരിലും മാത്രം അധികാരം കേന്ദ്രീകരിക്കുന്ന ഭേദഗതി നിര്‍ദേശങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് ഉപസമിതി യോഗത്തില്‍ മന്ത്രിമാരായ ഇ. ചന്ദ്രശേഖരനും കെ. കൃഷ്ണന്‍കുട്ടിയും നിലപാടെടുക്കുകയും ചെയ്തു.
ജനാധിപത്യ ഭരണ സമ്പ്രദായത്തില്‍ മന്ത്രിമാരാണ് അവരവരുടെ വകുപ്പുകളിലെ പരമാധികാരികള്‍. ജനപ്രതിനിധികളായ മന്ത്രിമാര്‍ ജനങ്ങളുടെ ആശയാഭിലാഷങ്ങള്‍ക്കായിരിക്കും മുന്‍തൂക്കം കൊടുക്കുക. ഒരു ജനപ്രതിനിധി ഒരുപാട് മനുഷ്യരുടെ പ്രതീക്ഷകളുടെ പ്രതീകമാണ്. നിലവില്‍ മന്ത്രിമാര്‍ ഫയലുകള്‍ കണ്ടതിന് ശേഷമാണ് അന്തിമ പരിഗണനയ്ക്കായി മുഖ്യമന്ത്രിക്കയക്കുക. പുതിയ ചട്ടം നിലവില്‍ വരികയാണെങ്കില്‍ ബന്ധപ്പെട്ട മന്ത്രി അറിയാതെ തന്നെ വകുപ്പ് സെക്രട്ടറിക്കോ മുഖ്യമന്ത്രിക്കോ ഫയലില്‍ തീരുമാനമെടുക്കാം. ഏത് ഫയലും മന്ത്രിമാര്‍ അറിയാതെ തന്നെ മുഖ്യമന്ത്രിക്ക് വരുത്താം. മന്ത്രിസഭാ യോഗത്തില്‍ എടുത്ത തീരുമാനത്തിന്റെ ഫയല്‍ തിരികെ വിളിച്ച് മുഖ്യമന്ത്രിക്ക് മാറ്റം വരുത്താമെന്നും കരട് നിര്‍ദേശത്തിലുണ്ട്. തന്റെ അഭാവത്തില്‍ എടുക്കുന്ന മന്ത്രിസഭാ തീരുമാനം മുഖ്യമന്ത്രിക്ക് റദ്ദ് ചെയ്യാനും വകുപ്പുണ്ട്. മുന്നണി ഭരണ സംവിധാനമുള്ള കേരളത്തില്‍ മന്ത്രിസഭയില്‍ എടുക്കുന്ന തീരുമാനം മുഖ്യമന്ത്രി തിരുത്തുമ്പോള്‍ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വത്തിനായിരിക്കും അത് ക്ഷതമേല്‍പ്പിക്കുക.
ഓരോ വകുപ്പിലും സെക്രട്ടറിമാര്‍ക്ക് മന്ത്രി അറിയാതെ നേരിട്ട് നിര്‍ദേശങ്ങള്‍ നല്‍കാമെന്നാകുമ്പോള്‍ മന്ത്രിമാര്‍ കേവലം കാഴ്ചക്കാരായി മാറുന്ന അവസ്ഥയായിരിക്കും സംജാതമാകുക. ഇത്തരം നിര്‍ദേശങ്ങളില്‍ ചിലത് അഴിമതിയാരോപണങ്ങള്‍ക്ക് വിധേയമാകുമ്പോള്‍ ഉത്തരം പറയേണ്ട ബാധ്യത മന്ത്രിമാര്‍ക്കുമായിരിക്കും. അത്തരം ചില നടപടികളുടെ പേരിലാണ് സര്‍ക്കാര്‍ ഇന്ന് രൂക്ഷമായ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കര്‍ മന്ത്രിസഭ അറിയാതെ നേരിട്ട് നടത്തിയതാണ് സ്പ്രിംഗ്‌ളര്‍ കരാറും ലൈഫ് ഭവനപദ്ധതിയിലെ വിവാദമായ ഇടപാടുകളും. രണ്ടിന്റേയും പേരില്‍ ഇതിനകം സര്‍ക്കാര്‍ വേണ്ടത്ര പഴികേട്ടു. ഇപ്പോഴും കേട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു. സ്വപ്നാ സുരേഷ് പ്രതിയായ സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്തു നില്‍ക്കുന്ന എം.ശിവശങ്കര്‍ വെളിപ്പെടുത്തിയത് സ്പ്രിംഗ്‌ളര്‍ കരാര്‍ മന്ത്രിസഭ അറിയാതെ താന്‍ നേരിട്ട് നടത്തിയതാണെന്നാണ്. മന്ത്രിമാരെ മറികടന്ന് സെക്രട്ടറിമാര്‍ക്ക് അമിതാധികാരം ലഭിക്കുമ്പോള്‍ ഇനിയും ശിവശങ്കര്‍മാര്‍ ഉണ്ടാകും. ഇതേപോലെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടനല്‍കിയേക്കാവുന്ന വേറെയും നിര്‍ദേശങ്ങളുണ്ട് കരട് രേഖയില്‍. ഉപസമിതി ചെയര്‍മാന്‍ മന്ത്രി എ.കെ ബാലന്റെ അധ്യക്ഷതയില്‍ രണ്ട് തവണ യോഗം ചേര്‍ന്നെങ്കിലും ഘടകകക്ഷി മന്ത്രിമന്ത്രിമാരുടെ രൂക്ഷമായ എതിര്‍പ്പിനെത്തുടര്‍ന്ന് തീരുമാനമെടുക്കാതെ പിരിയുകയാണുണ്ടായത്. തീരുമാനമെടുത്ത് മന്ത്രിസഭയുടെ അംഗീകാരത്തോടെ ഗവര്‍ണര്‍ അനുമതി നല്‍കിയാല്‍ മാത്രമേ ഭേദഗതി നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരൂ.
ഭരണനിര്‍വഹണ സംവിധാനത്തിന്റെ നടപടി ക്രമങ്ങളെയാണ് റൂള്‍സ് ഓഫ് ബിസിനസ് കൊണ്ട് വിവക്ഷിക്കുന്നത്. ഭരണം കാര്യക്ഷമമായും സമയബന്ധിതമായും മുന്‍പോട്ട് കൊണ്ടുപോകാന്‍ ഇത്തരം ചട്ടങ്ങള്‍ അനിവാര്യമാണ് താനും. എന്നാല്‍ കാലോചിതമായ മാറ്റങ്ങള്‍ റൂള്‍സ് ഓഫ് ബിസിനസില്‍ വരുത്താന്‍ കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ക്ക് ഭരണഘടനയുടെ 166 (3) അനുഛേദം അനുവാദം നല്‍കുന്നുണ്ട്. ഇതിന്റെ ചുവട് പിടിച്ചാണ് ഒരു വര്‍ഷം മുന്‍പ് സര്‍ക്കാര്‍ റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതിക്ക് തീരുമാനമെടുത്തത്. ഔദ്യോഗിക തലത്തില്‍ രൂപംകൊടുത്ത ഈ കരട് രേഖയാണിപ്പോള്‍ മന്ത്രിസഭാ ഉപസമിതിയുടെ രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നതും.
മന്ത്രിസഭ എടുക്കുന്ന പല തീരുമാനങ്ങളും ജനങ്ങളുടെ പ്രയാസങ്ങളും ദുരിതങ്ങളും പരിഹരിക്കാനാവശ്യമായവയായിരിക്കും. വ്യക്തികള്‍ക്ക് ലഭിക്കേണ്ട ന്യായമായ അവകാശങ്ങളും ഇത്തരം തീരുമാനങ്ങളില്‍ ചിലപ്പോള്‍ ഉണ്ടായിരിക്കും. ഇത്തരം ഫയലുകള്‍ അഭിപ്രായങ്ങള്‍ക്കായി താഴേത്തട്ടുകളിലേക്കയക്കുമ്പോള്‍ അതിന്മേല്‍, അഭിപ്രായം രേഖപ്പെടുത്താതെയും തീരുമാനങ്ങള്‍ എടുക്കാതെയും അവിടെ വച്ചു താമസിപ്പിക്കുന്നത് വഴി പല സേവനങ്ങളും പദ്ധതികളും യഥാസമയം സര്‍ക്കാരിന് നിര്‍വഹിക്കാനാവില്ല. താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ വകുപ്പ് സെക്രട്ടറിമാര്‍ക്ക് ഫയലുകള്‍ എത്തിക്കാതെ കാലവിളംബം വരുത്തുമ്പോള്‍ സര്‍ക്കാര്‍ എടുക്കുന്ന ജനോപകാരപ്രദമായ തീരുമാനങ്ങള്‍ ഫലപ്രാപ്തിയിലെത്താതെ പോകുന്നു എന്നത് യാഥാര്‍ഥ്യമാണ്.
താഴേത്തട്ടില്‍ ഫയല്‍ വച്ച് താമസിപ്പിക്കുന്ന ഉദ്യോഗസ്ഥന്‍ സര്‍വിസ് സംഘടനാ നേതാവാണെങ്കില്‍ അയാള്‍ക്കെതിരേ നടപടിയെടുക്കാന്‍ വകുപ്പ് സെക്രട്ടറിമാര്‍ ഭയപ്പെടും. ഇതു മറികടന്ന് വകുപ്പ് സെക്രട്ടറി കീഴുദ്യോഗസ്ഥനെതിരേ നടപടിയെടുത്താല്‍ അടുത്ത ദിവസം വകുപ്പ് സെക്രട്ടറി സീറ്റില്‍ ഉണ്ടാവില്ല. ഇതു പരിഹരിക്കാനായിരിക്കണം സെക്രട്ടറിമാര്‍ക്ക് മന്ത്രിമാര്‍ക്ക് തുല്യമായ അധികാരങ്ങള്‍ നല്‍കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചിട്ടുണ്ടാവുക. ഇതു പക്ഷേ ഗുണത്തേക്കാള്‍ ഏറെ ദോഷമാണ് ചെയ്യുക. ഭരണ നിര്‍വഹണത്തിലെ സ്തംഭനാവസ്ഥ ഒഴിവാക്കാനും ദൈനംദിന ഭരണം കാര്യക്ഷമമാക്കാനും ഫയലുകളില്‍ കാലവിളംബം വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കാനും ആവശ്യമായ അധികാരങ്ങള്‍ വകുപ്പ് സെക്രട്ടറിമാര്‍ക്ക് നല്‍കുകയാണ് വേണ്ടത്. അതല്ലാതെ, നയപരമായ തീരുമാനങ്ങള്‍ എടുക്കാനുള്ള അധികാരം സെക്രട്ടറിമാര്‍ക്ക് നല്‍കുമ്പോള്‍ അധികാര ദുര്‍വിനിയോഗവും അധികാരകേന്ദ്രീകരണവുമായിരിക്കും സംഭവിക്കുക. മന്ത്രിമാര്‍ നോക്കുകുത്തികളായിത്തീരുകയും ചെയ്യും. ഇതാകട്ടെ ജനാധിപത്യ ഭരണസംവിധാനത്തിന് ഒട്ടും യോജിച്ചതുമല്ല.
അധികാരമെല്ലാം മുഖ്യമന്ത്രിയിലും ചീഫ് സെക്രട്ടറിയിലും വകുപ്പ് സെക്രട്ടറിമാരിലും കേന്ദ്രീകരിക്കുകയും എല്ലാറ്റിന്റേയും ഉത്തരവാദിത്വം മന്ത്രിമാര്‍ ചുമലിലേറ്റേണ്ടിയും വരുന്ന ഒരവസ്ഥ അചിന്ത്യമാണ്. മന്ത്രിമാര്‍ക്ക് അവരെ തെരഞ്ഞെടുത്തയച്ച ജനങ്ങളോടും പാര്‍ട്ടികളോടും ഉത്തരം പറയേണ്ട ബാധ്യതയുണ്ട്. സെക്രട്ടറിമാര്‍ക്ക് അത്തരം ബാധ്യതകളൊന്നും ഇല്ല. ഒരു ജനാധിപത്യ വ്യവസ്ഥയില്‍ മന്ത്രിമാര്‍ക്കാണ് അവരുടെ വകുപ്പിന്റെ പൂര്‍ണ ഉത്തരവാദിത്വവും ചുമതലയും. സെക്രട്ടറിമാര്‍ക്ക് ഫയലുകളില്‍ ന്യായയുക്തമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനും മന്ത്രിയെടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കാനുമുള്ള അധികാരം മാത്രമേയുള്ളൂ. ഭരണഘടന വിഭാവനം ചെയ്യുന്ന ഭരണനിര്‍വഹണ ഭേദഗതികള്‍ സുഗമമായ ഭരണനിര്‍വഹണത്തിന് ആവശ്യമാണ്. അതോടൊപ്പം തന്നെ അത്തരം ഭേദഗതി നിര്‍ദേശങ്ങള്‍ ജനാധിപത്യ ഭരണ സംവിധാനത്തിനും ഭരണഘടന വ്യവസ്ഥ ചെയ്തിരിക്കുന്ന റൂള്‍സ് ഓഫ് ബിസിനസിനും വിരുദ്ധമാവുകയും ചെയ്യരുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."