ലഡാക്കിനെ ഇന്ത്യന്‍ പ്രദേശമായി അംഗീകരിക്കുന്നില്ലെന്ന് ചൈന
ബെയ്ജിങ്: ഇന്ത്യ നിയമവിരുദ്ധമായി രൂപംനല്‍കിയ ലഡാക്കിനെ തങ്ങള്‍ ഇന്ത്യയുടെ ഭാഗമായി അംഗീകരിക്കുന്നില്ലെന്നും അവിടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെ എതിര്‍ക്കുന്നതായും ചൈന. കഴിഞ്ഞ ദിവസം ഇന്ത്യ അതിര്‍ത്തി പ്രദേശങ്ങളില്‍ 44 പുതിയ പാലങ്ങള്‍ തുറന്ന സാഹചര്യത്തിലാണ് ചൈനയുടെ പ്രതികരണം.
അതിര്‍ത്തിയില്‍ ഇന്ത്യ ഭൗതികസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതും സൈനികവിന്യാസം കൂട്ടുന്നതുമാണ് ഇരു രാജ്യങ്ങളും തമ്മിലെ പ്രശ്‌നങ്ങള്‍ക്ക് യഥാര്‍ഥ കാരണമെന്നും ഇത് അവസാനിപ്പിക്കാതിരുന്നാല്‍ സംഘര്‍ഷാവസ്ഥ രൂക്ഷമാവുകയേയുള്ളൂവെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഴാവോ ലിജിയാന്‍ മുന്നറിയിപ്പു നല്‍കി.
കഴിഞ്ഞ ദിവസം ലഡാക്കിലും അരുണാചല്‍ പ്രദേശിലും എട്ടു പാലങ്ങള്‍ വീതം ഇന്ത്യന്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്ത കാര്യം മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പെടുത്തിയപ്പോഴായിരുന്നു ചൈനീസ് വക്താവിന്റെ പ്രതികരണം.
ആദ്യം ഒരുകാര്യം വ്യക്തമാക്കട്ടെ, ഇന്ത്യ നിയമസാധുതയില്ലാതെ രൂപപ്പെടുത്തിയ ലഡാക്ക് കേന്ദ്രഭരണ പ്രദേശത്തെയും അരുണാചല്‍ പ്രദേശിനെയും ചൈന അംഗീകരിക്കുന്നില്ല.
അതിര്‍ത്തിയില്‍ സൈനികസംഘര്‍ഷമുണ്ടാക്കുന്നതിനായി ഭൗതിക സൗക്യങ്ങള്‍ വികസിപ്പിക്കുന്നതിനെ ഞങ്ങള്‍ എതിര്‍ക്കുന്നു- ലിജിയാന്‍ വ്യക്തമാക്കി. പുതുതായി ഇന്ത്യ നിര്‍മിച്ച പാലങ്ങള്‍ അതിര്‍ത്തിയിലേക്ക് എത്രയും പെട്ടെന്ന് സൈനികരെയും ആയുധങ്ങളും എത്തിക്കാന്‍ ലക്ഷ്യമിട്ടാണെന്നും ചൈനീസ് വിദേശകാര്യ വക്താവ് ആരോപിച്ചു.
അതിനിടെ കഴിഞ്ഞദിവസം ഇന്ത്യ-ചൈന ഏഴാമത് സൈനികതല ചര്‍ച്ച നടന്നു. 11 മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചയില്‍ സംഘര്‍ഷാവസ്ഥ ലഘൂകരിക്കാനുതകുന്ന ഒത്തുതീര്‍പ്പുകളൊന്നും ഉണ്ടായിട്ടില്ല. ജൂണില്‍ ഇന്ത്യ-ചൈന സൈനികര്‍ അതിര്‍ത്തിയില്‍ ഏറ്റുമുട്ടുകയും 20 ഇന്ത്യന്‍ പട്ടാളക്കാര്‍ കൊല്ലപ്പെടുകയും ചെയ്തതോടെയാണ് ലഡാക്കില്‍ ഇന്ത്യ-ചൈന സൈനികര്‍ മുഖാമുഖം നില്‍ക്കുന്ന സ്ഥിതിയുണ്ടായത്. കഴിഞ്ഞമാസം പാങ് ഗോങ്ങില്‍ സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടലിന്റെ വക്കത്തെത്തുകയും ആകാശത്തേക്ക് വെടിവയ്ക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."