മഹാരാഷ്ട്രയില്‍ ഗവര്‍ണര്‍-മുഖ്യമന്ത്രി പോര്
മുംബൈ: ക്ഷേത്രങ്ങള്‍ അടക്കമുള്ള ആരാധനാലയങ്ങള്‍ തുറന്നുനല്‍കുന്നതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയില്‍ ഗവര്‍ണര്‍ ഭഗത് സിങ് കോശിയാരിയും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും തമ്മില്‍ വാക്‌പോര്. മറ്റു പ്രമുഖ നഗരങ്ങളിലെല്ലാം ക്ഷേത്രങ്ങള്‍ തുറന്നുനല്‍കിയെന്നും മഹാരാഷ്ട്രയിലും എത്രയും പെട്ടെന്നു തുറന്നുനല്‍കണമെന്നും ആവശ്യപ്പെട്ട് ഗവര്‍ണര്‍ മുഖ്യമന്ത്രിക്കയച്ച കത്തിലെ പരാമര്‍ശങ്ങളാണ് വിവാദമായത്.
ക്ഷേത്രങ്ങള്‍ തുറക്കണമെന്ന ആവശ്യത്തോടൊപ്പം മുഖ്യമന്ത്രിയെ പരിഹസിച്ചായിരുന്നു ഗവര്‍ണറുടെ കത്ത്. നിങ്ങള്‍ വലിയ ഹിന്ദുത്വവാദിയായിരുന്നല്ലോയെന്നും ഇപ്പോള്‍ അതൊക്കെ വിട്ട് സെക്യുലറായോയെന്നും ഗവര്‍ണര്‍ കത്തില്‍ ചോദിച്ചിരുന്നു. ഇതോടെ, മറുപടിയുമായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രംഗത്തെത്തി. തനിക്ക് ആരുടെയും ഹിന്ദുത്വ സര്‍ട്ടിഫിക്കേറ്റ് വേണ്ടെന്നു വ്യക്തമാക്കിയ അദ്ദേഹം, സര്‍ക്കാരിനെതിരായ നീക്കത്തില്‍ നടി കങ്കണ റണൗട്ടിനൊപ്പം നിന്ന ഗവര്‍ണറെ പരിഹസിക്കുകയും ചെയ്തു. എന്നാല്‍, ക്ഷേത്രങ്ങളടക്കമുള്ളവ തുറക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ആലോചിച്ചു തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ബാറുകളും റെസ്‌റ്റോറന്റുകളുമൊക്കെ തുറന്നിട്ടും ആരാധനാലയങ്ങള്‍ തുറക്കാതിരിക്കാന്‍ നിങ്ങള്‍ക്കു ദൈവികമായ കല്‍പന വന്നിട്ടുണ്ടോയെന്ന ഗവര്‍ണറുടെ ചോദ്യത്തിന്, ഞാന്‍ നിങ്ങളെപ്പോലെ അത്ര വലിയവനല്ലെന്നായിരുന്നു ഉദ്ധവിന്റെ മറുപടി. മുംബൈ പാക് അധീന കശ്മിരായെന്നു പറഞ്ഞ നടിയെ സ്വീകരിച്ചിരുത്തിയ നിങ്ങളാണോ ഹിന്ദുത്വം പഠിപ്പിക്കുന്നതെന്നും അദ്ദേഹം മറുപടിയില്‍ ചോദിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."