ജില്ലയിലെ ബോംബ് സ്‌ക്വാഡ് പരിശോധന 'വഴിപാട് ' പോലെ
കോഴിക്കോട്: സ്‌ഫോടക വസ്തുക്കളുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ വര്‍ധിക്കുമ്പോഴും 'വഴിപാട് ' പരിശോധനകളുമായി ജില്ലയിലെ ബോംബ് സ്‌ക്വാഡ്. നിരന്തരമായി സംഘര്‍ഷങ്ങളും സ്‌ഫോടനങ്ങളും നടക്കുന്ന മേഖലകളില്‍ ശ്രദ്ധയോടെ കാര്യങ്ങള്‍ നിരീക്ഷിക്കേണ്ട അധികൃതര്‍ തങ്ങളുടെ കൃത്യനിര്‍വഹണത്തില്‍ ജാഗ്രത കാട്ടാത്തത് അക്രമികള്‍ക്ക് തണലാവുകയാണ്. കോഴിക്കോട് റൂറല്‍ പൊലിസ് ജില്ലയില്‍പ്പെടുന്ന വടകര, നാദാപുരം, താമരശേരി സബ്ഡിവിഷനുകള്‍ ഉള്‍പ്പെടുന്ന മേഖലയ്ക്കുള്ള ബോംബ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനമാണ് പേരിനുമാത്രമായി മാറുന്നത്. റെയ്ഡുകള്‍ നടത്തുമ്പോള്‍ സ്‌ക്വാഡിന് നേതൃത്വം വഹിക്കേണ്ട ഉദ്യോഗസ്ഥരില്‍ പലരും അതില്‍ പങ്കെടുക്കാറില്ല. എന്നാല്‍ പിന്നീട് കള്ളരേഖയുണ്ടാക്കി പരിശോധനയുടെ അലവന്‍സ് തട്ടിയെടുക്കുന്നുണ്ടെന്ന ആരോപണവും ശക്തമാണ്. ജനങ്ങളെയോ ഉന്നത ഉദ്യോഗസ്ഥരെയോ ബോധ്യപ്പെടുത്താനായി നടത്തുന്ന ബോംബ് പരിശോധനകളില്‍ പങ്കെടുക്കുന്ന ഉദ്യോഗസ്ഥര്‍ പ്രമുഖ പത്രങ്ങള്‍ക്ക് റെയ്ഡിനെക്കുറിച്ച് മുന്‍കൂട്ടി വിവരം നല്‍കുകയും ചെയ്യും. കണ്ണൂര്‍ ജില്ലാ അതിര്‍ത്തിയായ പെരിങ്ങത്തൂരില്‍ തുടങ്ങി കല്ലിക്കണ്ടി, പാറക്കടവ്, വിലങ്ങാട്, വയനാട് ജില്ലയുടെ അതിര്‍ത്തിയായ പക്രംതളം, കൂരാച്ചുണ്ട്, ബാലുശേരി, കൊടുവള്ളി, കൊയിലാണ്ടി, അത്തോളി, എലത്തൂര്‍ തുടങ്ങിയ കുന്നും മലകളും തീരപ്രദേശങ്ങളുമടങ്ങിയ അതിവിശാലമായ ഭൂപ്രദേശം ഉള്‍ക്കൊള്ളുന്നതാണ് കോഴിക്കോട് റൂറല്‍ പൊലിസ് പരിധി. ഇതില്‍ നാദാപുരം സബ്ഡിവിഷന്‍ ഏറെ പ്രധാനപ്പെട്ടതാണ്. പതിറ്റാണ്ടുകളായി ഇവിടെ രാഷ്ട്രീയ സംഘര്‍ഷങ്ങളും കൊലപാതകങ്ങളും ഉണ്ടാകാറുണ്ട്. സംഘര്‍ഷങ്ങള്‍ക്ക് ആക്കംകൂട്ടുന്ന രീതിയിലാണ് ഇവിടങ്ങളില്‍ ബോംബ് സ്‌ഫോടനങ്ങള്‍ നടക്കാറ്. ബോംബ് നിര്‍മാണ വേളയില്‍ പൊട്ടിത്തെറിയുണ്ടായും മറ്റും നിരവധിപേര്‍ ഇവിടെ കൊല്ലപ്പെട്ടിരുന്നു.
മലയോര മേഖലകളില്‍ നിരവധി ബോംബ് നിര്‍മാണ കേന്ദ്രങ്ങളുണ്ടെന്ന് നിയമപാലകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അറിയാം. അതേസമയം ഇവിടങ്ങളിലെല്ലാം നടക്കുന്ന റെയ്ഡുകള്‍ ഭൂരിഭാഗവും കാട്ടിക്കൂട്ടലുകള്‍ മാത്രമാവുകയാണ്. വിശാലമായ ഈ പ്രദേശങ്ങളില്‍ ബോംബ് പരിശോധന നടത്താനുള്ള സ്‌ക്വാഡിന്റെ ആസ്ഥാനം പയ്യോളി പൊലിസ് സ്റ്റേഷന് സമീപത്തുള്ള ഒരു കുടുസ് മുറിയാണ്. ഒരു എസ്.ഐയുടെ നേതൃത്വത്തിലുള്ള ആറംഗങ്ങളാണ് ഇവിടെയുള്ളത്. തങ്ങളുടെ പരിധിയില്‍ പരിശോധനകള്‍ നടത്തുന്നതിന് പുറമേ വി.ഐ.പി എസ്‌കോര്‍ട്ടും ഇവര്‍ പോകണം. പ്രശ്‌നസങ്കീര്‍ണമായ നാദാപുരം മേഖലയില്‍ ബോംബ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു പകല്‍ കേന്ദ്രം സജ്ജമാക്കിയിട്ടുണ്ട്. നാലുപേരാണ് ഇവിടെയുള്ളത്. എന്നാല്‍ റെയ്ഡുകളും മറ്റു പരിശോധനകളും നടക്കുമ്പോള്‍ പലപ്പോഴും സ്‌ക്വാഡിന് നേതൃത്വം കൊടുക്കേണ്ടവര്‍ ഉണ്ടാകാറില്ല. റെയ്ഡുകള്‍ നടത്തുന്ന സ്റ്റേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഡോഗ് സ്‌ക്വാഡും ഇവരെ അനുഗമിക്കണമെന്നാണ് നിയമമെങ്കിലും പലപ്പോഴും ഇതുമുണ്ടാകാറില്ല. സംഘാംഗങ്ങള്‍ സന്ദര്‍ശനം നടത്തി തിരികെ പോകാറാണ് പതിവ്. അതാണെങ്കില്‍ നേരത്തെ തീരുമാനിച്ച ചില സ്ഥലങ്ങളില്‍ ചടങ്ങ് പരിശോധന മത്രമായി മാറുകയാണെന്നും വ്യാപക പരാതിയുണ്ട്.
പരിശോധനകളില്‍ പങ്കെടുക്കാത്ത ഉദ്യോഗസ്ഥര്‍ പോലും കാലാകാലങ്ങളായി അതിന്റെ പേരിലുള്ള ആനുകൂല്യം കൈപ്പറ്റുന്നതായാണ് വിവരം. അത്യാധുനിക സൗകര്യങ്ങളെല്ലാം ബോംബ് സ്‌ക്വാഡിനുണ്ടെങ്കിലും ഇവ ഉപയോഗിച്ച് സ്വന്തമായി ആയുധങ്ങളോ ബോംബുകളോ കണ്ടുപിടിക്കുന്നത് അപൂര്‍വമാണ്. പലപ്പോഴും ജനം നല്‍കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തി സ്‌ഫോടക വസ്തുക്കളും മറ്റും കണ്ടെത്തുന്നത്. ഇങ്ങിനെ കണ്ടെത്തുന്നവ ആഘോഷപൂര്‍വം നശിപ്പിക്കുകയല്ലാതെ സംഘര്‍ഷ മേഖലകളില്‍ സ്‌ക്വാഡിന്റെ പ്രവര്‍ത്തനം വേണ്ടതുപോലെ നടക്കുന്നില്ലെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."