മോദി സര്‍ക്കാര്‍ പരിധികള്‍ ലംഘിച്ചുവെന്ന് മന്‍മോഹന്‍ സിങ്
ന്യൂഡല്‍ഹി: 2019 ല്‍ ബി.ജെ.പി സര്‍ക്കാരിനെ പുറത്താക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണമെന്നാവശ്യപ്പെട്ട് മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡോ. മന്‍മോഹന്‍ സിങ്. മോദിയുടെ ഭരണം പൂര്‍ണ പരാജയമാണെന്നും എല്ലാ പരിധികളും ലംഘിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭാരത് ബന്ദിന്റെ ഭാഗമായി ഡല്‍ഹി രാംലീല മൈതാനിയില്‍ പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'രാജ്യത്തിന് താല്‍പര്യമില്ലാത്ത എണ്ണമറ്റ കാര്യങ്ങള്‍ മോദി സര്‍ക്കാര്‍ ചെയ്തു. എല്ലാ പരിധിയും അവര്‍ ലംഘിച്ചു. ഈ സര്‍ക്കാരിനെ മാറ്റാനുള്ള സമയം അടുത്തുവന്നു. കര്‍ഷകര്‍ മുതല്‍ ചെറുകിട കച്ചവടക്കാര്‍ വരെ ഇന്ന് കഷ്ടപ്പാടിലാണ്. ഒരു തൊഴില്‍ അവസരവും കാണാത്തതിനാല്‍ യുവാക്കളും അസ്വസ്ഥരാണ്'- മന്‍മോഹന്‍ സിങ് പറഞ്ഞു.
രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. കഴിഞ്ഞദിവസങ്ങള്‍ മറന്നുകൊണ്ട് ജനങ്ങളുടെ ശബ്ദം കേള്‍ക്കാന്‍ വേണ്ടി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒന്നിക്കേണ്ട സമയമാണിത്. നമ്മുടെ ചെറിയ പ്രശ്‌നങ്ങള്‍ മാറ്റിവച്ചാല്‍ മാത്രമാണ് ഇതു സാധ്യമാവുക. നമ്മുടെ രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാന്‍ തയ്യാറാവാണമെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."