യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിന് പിന്നില്‍ മുഖ്യമന്ത്രി: കെ. മുരളീധരന്‍
തൃശൂര്‍: യു.ഡി.എഫിന്റെ എല്ലാ സ്ഥാനാര്‍ഥികളുടെയും വിജയത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ സംഭാവനയുണ്ടെന്ന് നിയുക്ത വടകര എം.പി കെ.മുരളീധരന്‍.
ആലപ്പുഴയിലും മുഖ്യമന്ത്രി രണ്ടുവട്ടം പര്യടനം നടത്തിയിരുന്നുവെങ്കില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി വിജയിച്ചേനെ. കേരള സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും എതിരായ വികാരം കേരളത്തിലുണ്ടായി. ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ കഴിവുള്ള പ്രസ്ഥാനം കോണ്‍ഗ്രസ് മാത്രമാണെന്ന് ജനം തിരിച്ചറിഞ്ഞു. അതാണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചത്.
ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ജനം സര്‍ക്കാരിന് എതിരായിരുന്നു. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവയ്ക്കണോ വേണ്ടയോ എന്നത് അദ്ദേഹത്തിന്റെ തീരുമാനമാണ്. 2004ല്‍ കോണ്‍ഗ്രസിന് ഒരു സീറ്റും കിട്ടാതെവന്നപ്പോള്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന എ.കെ ആന്റണി സ്ഥാനമൊഴിഞ്ഞു.
അതൊരു ജനാധിപത്യ മാതൃകയാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ നേരിടാനുള്ള കരുത്ത് പാര്‍ട്ടിക്ക് ഉണ്ടാകണം. വട്ടിയൂര്‍ക്കാവില്‍ ഉപതെരഞ്ഞെടുപ്പ് നടക്കണമെങ്കില്‍ തന്റെ വിജയത്തെ ചോദ്യംചെയ്ത് എന്‍.ഡി.എ സ്ഥാനാര്‍ഥിയായിരുന്ന കുമ്മനം രാജശേഖരന്‍ കോടതിയില്‍ നല്‍കിയ ഹരജി പിന്‍വലിക്കണം.
വട്ടിയൂര്‍ക്കാവില്‍ എപ്പോള്‍ ഉപതെരഞ്ഞെടുപ്പ് നടന്നാലും കോണ്‍ഗ്രസിന് വിജയിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."