മലബാറില്‍ ഒന്നേകാല്‍ ലക്ഷം വിദ്യാര്‍ഥികള്‍ക്ക് ബിരുദ സീറ്റില്ല
കണ്ണൂര്‍: മലബാറില്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയ ഒന്നേകാല്‍ ലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്ക് ഇത്തവണ ബിരുദ പഠനത്തിന് സര്‍ക്കാര്‍, എയ്ഡഡ് കോളജുകളില്‍ സീറ്റില്ല.
1,48,016 വിദ്യാര്‍ഥികളാണ് കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ നിന്നായി ഇത്തവണ പ്ലസ്ടു പരീക്ഷയില്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയത്. എന്നാല്‍, മലബാറിലെ ആറു ജില്ലകളിലായുള്ള സര്‍ക്കാര്‍, എയ്ഡഡ് കോളജുകളില്‍ 20,224 ബിരുദ സീറ്റുകളാണുള്ളത്.
പ്രൊഫഷനല്‍ കോഴ്‌സുകളുടെ അവസ്ഥയും ഇതിന് സമാനമാണ്. 217 സര്‍ക്കാര്‍, എയ്ഡഡ് കോളജുകളാണ് സംസ്ഥാനത്ത് ആകെയുള്ളത്. ഇതില്‍ മലബാറില്‍ 79 കോളജുകള്‍ മാത്രമാണുള്ളത്. മലപ്പുറത്ത് മാത്രം ഇത്തവണ 47,664 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി.
ജില്ലയിലെ ബിരുദ സീറ്റുകളാവട്ടെ 4,056 എണ്ണവും. ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ വിജയിച്ച 10 ശതമാനം വിദ്യാര്‍ഥികള്‍ക്കുപോലും സ്വന്തം ജില്ലയില്‍ ബിരുദ പഠനത്തിന് അവസരമില്ല.
മറ്റു ജില്ലകളില്‍ നിന്ന് ഉപരിപഠനത്തിന് അര്‍ഹത നേടിയവരുടെ എണ്ണം (ലഭ്യമായ ബിരുദ സീറ്റുകളുടെ എണ്ണം ബ്രായ്ക്കറ്റില്‍): കാസര്‍കോട്- 11,095 പേര്‍ (1230 സീറ്റുകള്‍), കണ്ണൂര്‍-25,737 (4151), വയനാട്-7801 (1322), കോഴിക്കോട്- 32,228 (5276), പാലക്കാട്- 23,491 (3739). മെഡിക്കല്‍, എന്‍ജിനിയറിങ് അടക്കമുള്ള പ്രൊഫഷനല്‍ കോഴ്‌സുകളുടെ എണ്ണമെടുത്താലും മറ്റു ജില്ലകളെ അപേക്ഷിച്ച് മലബാറില്‍ സീറ്റുകള്‍ വളരെ കുറവാണ്.
അഞ്ച് മേഖലാ കോളജ് ഡയരക്ടറേറ്റില്‍ മലബാറില്‍ ഒന്ന് മാത്രമാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."