സ്‌കൂളുകളില്‍ അനധികൃത വ്യാപാരം: സര്‍ക്കാര്‍ ഉത്തരവിന് പുല്ലുവില
താമരശ്ശേരി: സംസ്ഥാനത്തെ സ്‌കൂളുകളില്‍ അനധികൃത വ്യാപാരം തടഞ്ഞുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിന് പുല്ലുവില. കഴിഞ്ഞ വര്‍ഷം പൊതുവിദ്യാഭ്യാസ വകുപ്പ് ഡയരക്ടര്‍ പുറപ്പെടുവിച്ച ഉത്തരവാണ് ഭൂരിഭാഗം സ്‌കൂള്‍ അധികൃതരും അവഗണിക്കുന്നത്. സി.ബി.എസ്.ഇ അടക്കമുള്ള സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും നടക്കുന്ന അനധികൃത കച്ചവടത്തിനെതിരേ വ്യാപാരി സമിതി നല്‍കിയ പരാതിയിലായിരുന്നു നടപടി. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ്, സി.ബി.എസ്.ഇ, കെ.എസ്.ഇ സ്‌കൂളുകളില്‍ യാതൊരുവിധ കച്ചവടവും നടത്താന്‍ പാടില്ലെന്നായിരുന്നു ഡി.പി.ഐ ഉത്തരവ്. എന്നാല്‍ ഇവ കാറ്റില്‍ പറത്തിയാണ് പല സ്‌കൂളുകളും ഇരട്ടിയിലധികം വില വാങ്ങി സ്‌കൂള്‍ വിപണിയില്‍ കുട്ടികള്‍ക്കാവശ്യമായ സാധനങ്ങള്‍ അടിച്ചേല്‍പിക്കുന്നത്.
സ്‌കൂളുകളില്‍ നടന്നുവരുന്ന നിയമ വിരുദ്ധ കച്ചവടത്തെ കുറിച്ച് വ്യാപക പരാതികള്‍ കച്ചവടക്കാരില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും ഉയര്‍ന്നിരുന്നു. കോടിക്കണക്കിന് രൂപയുടെ വ്യാപാരം നടക്കുമ്പോഴും നികുതിയിനത്തില്‍ സര്‍ക്കാരിലേക്ക് ഒന്നും ലഭിക്കുന്നില്ലെന്ന് മാത്രമല്ല രക്ഷിതാക്കളെ പിഴിഞ്ഞ് സ്‌കൂള്‍ മാനേജ്‌മെന്റ് ലക്ഷങ്ങള്‍ സമ്പാദിക്കുകയും ചെയ്യുന്നു.
സംഘടിത ശക്തി ഉപയോഗിച്ചും രാഷ്ട്രീയ മത സ്വാധീനങ്ങള്‍ ഉപയോഗിച്ചും നിയമം കാറ്റില്‍ പറത്താന്‍ സ്വകാര്യ സ്‌കൂളുകള്‍ക്കാവുന്നു. ഇവരെ നിയന്ത്രിക്കാന്‍ അധികൃതര്‍ക്ക് സാധിക്കാതെ വരികയും ചെയ്യുന്നു.പരസ്യമായി ഇതിനെതിരേ രംഗത്തുവരാന്‍ രക്ഷിതാക്കള്‍ക്ക് ഭയമാണ്. തങ്ങളുടെ മക്കളുടെ ഭാവി തകര്‍ക്കപ്പെടുമെന്ന ആശങ്കയാണ് പലരേയും വിഷമത്തിലാക്കുന്നത്. ഇത്തരം ചൂഷണം കൊണ്ട് വട്ടിപ്പലിശക്കാരില്‍ നിന്നും പലിശക്ക് കടം വാങ്ങിയാണ് സാധാരണ രക്ഷിതാക്കള്‍ കുട്ടികളെ സ്‌കൂളില്‍ അയക്കുന്നത്.
നിയമ വിരുദ്ധമായി കച്ചവടം പൊടിപൊടിക്കുമ്പോഴും അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന അധികൃതരുടെ ഒത്താശയും ഏറെ പ്രതിഷേധത്തിന് കാരണമാവുന്നു. മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കാന്‍ രക്ഷിതാക്കള്‍ പെടാപാട് പെടുമ്പോള്‍ കഴുകന്‍ കണ്ണുമായി ചില സ്‌കൂള്‍ അധികൃതര്‍ വലവിരിച്ചു ലാഭം കൊയ്യുന്നത് സര്‍ക്കാര്‍ അറിയാത്തതായി നടിക്കുന്നതായും ആക്ഷേപം ഉയരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."