ലൈഫ് മിഷന്‍: വിധി തിരിച്ചടിയല്ലെന്ന നിലപാടില്‍ കോണ്‍ഗ്രസ്
തിരുവനന്തപുരം: ലൈഫ് മിഷനില്‍ സര്‍ക്കാരിനെതിരായ അന്വേഷണത്തിന് ഹൈക്കോടതി സ്‌റ്റേ അനുവദിച്ചത് തങ്ങള്‍ മുന്നോട്ടുവച്ച ആരോപണങ്ങള്‍ക്കുള്ള തിരിച്ചടിയല്ലെന്ന നിലപാടില്‍ കോണ്‍ഗ്രസ്.
കേസില്‍ സി.ബി.ഐയുടെ എഫ്.ഐ.ആര്‍ ഹൈക്കോടതി റദ്ദാക്കാത്തത് ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നതിന് തെളിവാണെന്ന പൊതുനിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം. കോടതി വിധിക്കു പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പരാതിക്കാരനായ അനില്‍ അക്കര എം.എല്‍.എയും സമാനപ്രതികരണമാണ് നടത്തിയത്.
ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ സര്‍ക്കാരിന് സന്തോഷിക്കാനായി ഒന്നുമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സി.ബി.ഐ ഫയല്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ മുഖ്യ ആവശ്യം കോടതി തള്ളിയിരിക്കുകയാണ്. അത് വഴി സി.ബി.ഐയെ ഓടിക്കാമെന്ന സര്‍ക്കാരിന്റെ മോഹം നടക്കാതെ പോയി.
കേസ് സി.ബി.ഐക്ക് തുടര്‍ന്നും അന്വേഷിക്കാം. പദ്ധതിയില്‍ അഴിമതി നടന്നിട്ടുണ്ട് എന്ന കാതലായ കാര്യത്തിലും കോടതിക്ക് എതിരഭിപ്രായമില്ലെന്ന് വ്യക്തമായിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
പാവങ്ങളുടെ പേരില്‍ നടത്തിയ ലൈഫ് മിഷന്‍ പദ്ധതിയിലെ അഴിമതി മൂടിവയ്ക്കാനുള്ള സര്‍ക്കാരിന്റെ ശ്രമം പരാജയപ്പെടുകയാണ് ചെയ്തിരിക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.
ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ സര്‍ക്കാരിന് അഹങ്കരിക്കാന്‍ ഒന്നുമില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. എഫ്.സി.ആര്‍.എയുമായി ബന്ധപ്പെട്ട സാങ്കേതികത്വം ചൂണ്ടിക്കാട്ടിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് അന്തിമ വിധിയല്ല. കേസില്‍ കൃത്യമായ ക്രമക്കേട് കണ്ടെത്തിയതിനാലാണ് സി.ബി.ഐയുടെ എഫ്.ഐ.ആര്‍ ഹൈക്കോടതി റദ്ദാക്കാത്തതെന്നും മുല്ലപ്പള്ളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."