സി.പി ജലീലിന്റെ കൊലയാളികള്‍ക്കെതിരേ തിരിച്ചടിക്കുമെന്ന് മാവോയിസ്റ്റുകള്‍
കാളികാവ്: സി.പി ജലീലിന്റെ കൊലയാളികള്‍ക്കെതിരേ ഉചിതമായ സമയത്ത് തിരിച്ചടിക്കുമെന്ന് മാവോയിസ്റ്റുകള്‍. കോഴിക്കോട് റൂറലിലെ തിരുവമ്പാടിയിലാണ് പൊലിസിനെ വെല്ലുവിളിച്ച് മാവോയിസ്റ്റുകള്‍ പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. സി.പി ജലീലിന്റെ മരണം വിഷയമാക്കിയാണ് മാവോയിസ്റ്റുകളുടെ വെല്ലുവിളി. പാര്‍ട്ടി ഫണ്ട് സമാഹരണത്തിനെത്തിയ സി.പി ജലീലിനെതിരേ ഒരു പ്രകോപനവുമില്ലാതെയാണ് വെടിയുതിര്‍ത്തതെന്നും കൊലയാളികളായ പൊലിസുകാര്‍ക്കെതിരേ ഉചിതമായ സമയത്ത് തിരിച്ചടിക്കുമെന്നാണ് മാവോയിസ്റ്റുകള്‍ പറയുന്നത്.
വയനാട്ടിലെ ബത്തേരിയില്‍ നടക്കുന്ന ഭൂസമരത്തിന് പിന്തുണയും മാവോയിസ്റ്റുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സി.പി.എം റെഡ് ഫ്‌ളാഗ് പ്രവര്‍ത്തകരാണ് ഭൂസമരത്തിന് നേതൃത്വം നല്‍കുന്നത്. മലയാളം ഹാരിസണ്‍സിന്റെ കീഴിലുള്ള തൊവരിമല എസ്റ്റേറ്റ് ഭൂമി ഏപ്രില്‍ 20ന് റെഡ് ഫ്‌ളാഗ് പ്രവര്‍ത്തകര്‍ കൈയേറിയിരുന്നു. കൈയേറ്റക്കാരെ നിയമ നടപടിയിലൂടെ പൊലിസ് ഒഴിപ്പിച്ചിട്ടുണ്ട്. പ്രത്യക്ഷ സമരം നടക്കുന്നില്ലെങ്കിലും റെഡ് ഫ്‌ളാഗ് പ്രവര്‍ത്തകര്‍ സമരം തുടരുന്നുണ്ടെന്നാണ് പറയുന്നത്. തൊവരിമല എസ്റ്റേറ്റ് സമരത്തിനാണ് മാവോയിസ്റ്റുകള്‍ പിന്തുണ അറിയിച്ചിട്ടുള്ളത്.
പൊലിസിന്റെ കനത്ത നിരീക്ഷണം മറികടന്നാണ് മാവോയിസ്റ്റുകള്‍ തിരുവമ്പാടിയിലെത്തിയത്. തൊവരിമല എസ്റ്റേറ്റ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചും പൊലിസിനെതിരേ തിരിച്ചടിക്കുമെന്ന മുന്നറിയിപ്പ് നല്‍കുന്ന പോസ്റ്റുകള്‍ വ്യാപകമായി പതിക്കുകയും ചെയ്തിട്ടുണ്ട്. വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ മാവോവാദി സാന്നിധ്യമുണ്ട്. തിരുവമ്പാടിയില്‍ വയനാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കബനി ദളത്തിന് കീഴിലെ പ്രവര്‍ത്തകരാണ് എത്തിയിട്ടുള്ളത്. മാവോയിസ്റ്റ് സംഘങ്ങളില്‍ കൂടുതല്‍ പുതുമുഖങ്ങള്‍ എത്തിയതായും സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."