നൊബേല്‍ ജേതാക്കള്‍ 2020
വൈദ്യശാസ്ത്രം
ഹെപ്പറ്റൈറ്റിസ് സി വൈറസ് കണ്ടെത്തിയ ശാസ്ത്രജ്ഞര്‍ക്ക് ഇത്തവണത്തെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം. അമേരിക്കന്‍ ശാസ്ത്രജ്ഞരായ ഹാര്‍വി ജെ ആള്‍ട്ടര്‍, ചാള്‍സ് എം റൈസ്, ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ മൈക്കല്‍ ഹാട്ടന്‍ എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്.
രക്തത്തിലെ ഹെപ്പറ്റൈറ്റിസ് സി കരള്‍ കാന്‍സറുമടക്കമുള്ള ഗുരുതര രോഗങ്ങളിലേക്ക് നയിക്കുന്നതാണെന്ന കണ്ടെത്തലാണ് ഇതെന്നു പുരസ്‌കാര ജൂറി വിലയിരുത്തി. സുവര്‍ണഫലകവും ഒരു കോടി സ്വീഡിഷ് ക്രോണയും (8.18 കോടി രൂപ ) ജേതാക്കള്‍ക്ക് സമ്മാനമായി ലഭിക്കും. ഹെപ്പറ്റൈറ്റിസ് ഗവേഷണത്തില്‍ ഇതു രണ്ടാം തവണയാണ് നൊബേല്‍ ലഭിക്കുന്നത്. ശാസ്ത്രജ്ഞനായ ബറൂച് ബ്ലുംബെര്‍ഗിന് ഹെപ്പറ്റൈറ്റിസ് ബി വൈറസിനെ കണ്ടെത്തിയതിന് നേരത്തെ പുരസ്‌കാരം നല്‍കിയിട്ടുണ്ട്.
അറുപതുകളില്‍ യു.എസ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തില്‍ ഗവേഷകനായിരിക്കെ ഹാര്‍വി ജെ. ആള്‍ട്ടറാണ് ഗവേഷണത്തിന്റെ ആദ്യ ഘട്ടം പൂര്‍ത്തീകരിച്ചത്. 1980ല്‍ ഷിറോണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ ഗവേഷകനായിരുന്ന മൈക്കല്‍ ഹാട്ടന്‍ വൈറസ് രോഗബാധിതനായ ഒരു ആള്‍ക്കുരങ്ങില്‍നിന്ന് ഈ വൈറസിന്റെ പകര്‍പ്പ് സൃഷ്ടിച്ചെടുത്തു.
തുടര്‍ന്ന് ചാള്‍സ് എം. റൈസ് ജെനിറ്റിക്ക് എന്‍ജിനീയറിങ്ങിലൂടെ വൈറസിന്റെ ശേഷി മനസിലാക്കി രക്തദാനത്തിലൂടെ ഹെപ്പറ്റൈറ്റിസ് ബാധിക്കുന്നതെങ്ങനെയെന്ന അറിവ് നല്‍കുന്നതായിരുന്നു ഈ ഗവേഷണങ്ങള്‍.
സാഹിത്യം
സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം വ്യക്തിയുടെ അസ്തിത്വത്തെ സാര്‍വലൗകികമാക്കുന്ന തീഷ്ണ സൗന്ദര്യശബ്ദമായ യു. എസ്. കവയിത്രി ലൂയിസ് ഗ്ലക്കിന്. മനുഷ്യജീവിതത്തിന്റെ ക്ലേശങ്ങളും കുടുംബബന്ധങ്ങളുടെ ആഴവും പ്രതിഫലിപ്പിക്കുന്ന ഭാവ കവിതകളിലൂടെ ശ്രദ്ധേയയായ ലൂയിസ് ഗ്ലിക്ക്, സമകാലിന അമേരിക്കന്‍ സാഹിത്യത്തിലെ ഏറ്റവും പ്രമുഖ കവികളിലൊരാണ്. നൊബേല്‍ സമ്മാനം ലഭിക്കുന്ന 16-ാമത്തെ വനിത. 2010നു ശേഷം സാഹിത്യ നൊബേല്‍ ലഭിക്കുന്ന നാലാമത്തെ വനിതയും.
1943ല്‍ ന്യൂയോര്‍ക്കില്‍ ജനിച്ച 77 കാരിയായ ലൂയിസ് ഗ്ലക്ക് മസാച്യുസെറ്റ്‌സിലാണ് താമസം. യു.എസിലെ യേല്‍ സര്‍വകലാശാല ഇംഗ്ലീഷ് പ്രഫസറാണ്. 1993ല്‍ പുലിറ്റ്‌സര്‍ പുരസ്‌കാരം, 2014ല്‍ നാഷണല്‍ ബുക്ക് അവാര്‍ഡ് തുടങ്ങി നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. 1968ല്‍ പുറത്തിറങ്ങിയ 'ഫസ്റ്റ് ബോണ്‍ 'ആണ് ആദ്യകൃതി. 'ദി ട്രയംഫ് ഓഫ് അക്കിലസ് ','ദി വൈല്‍ഡ് ഐറിസ് 'തുടങ്ങിയവ പ്രധാന കൃതികളാണ്.
പട്ടിണി ഇല്ലായ്മയാണ് സമാധാനം
ഈ വര്‍ഷത്തെ സമാധാന നൊബേല്‍ പുരസ്‌കാരം ഐക്യരാഷ്ട്ര സംഘടനയ്ക്കു കീഴിലുള്ള വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്. വിശപ്പിനെതിരായ പോരാട്ടത്തിനാണ് പുരസ്‌കാരം. പട്ടിണി നേരിടാനുള്ള ശ്രമങ്ങള്‍ക്കും സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ സമാധാനത്തിനുള്ള സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും പട്ടിണിയെ യുദ്ധത്തിനെയും സംഘര്‍ഷത്തിന്റെയും ആയുധമായി ഉപയോഗിക്കുന്നത് തടയാനുള്ള ശ്രമങ്ങളിലും പ്രേരകശക്തിയായി പ്രവര്‍ത്തിച്ചതിനാണ് പുരസ്‌കാരം.
ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിന് ഐക്യരാഷ്ട്ര സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷ്യസുരക്ഷാ മേഖലയിലെ ഏറ്റവും വലിയ സംഘടയാണിത്. കഴിഞ്ഞ വര്‍ഷം 88 രാജ്യങ്ങളിലെ 10 കോടി പേര്‍ക്കാണ് യു.എന്‍. വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ സഹായം ലഭിച്ചത്. കോവിഡ് വ്യാപനം സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍പത്തേക്കാള്‍ പ്രസക്തിയേറ്റുന്നു.' കോവിഡിന് മെഡിക്കല്‍ വാക്‌സിന്‍ കണ്ടെത്തുംവരെ, ഭക്ഷണമാണ് ഏറ്റവും നല്ല വാക്‌സിന്‍' നൊബേല്‍ സമിതി വിലയിരുത്തി.
റോം ആസ്ഥാനമായുള്ള വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ നേതൃത്വം യു. എസിനാണ്. 2017 മുതല്‍ സൗത്ത് കാരലീന മുന്‍ ഗവര്‍ണര്‍ ഡേവിഡ് ബീസ് ലീ ആണ് അധ്യക്ഷന്‍. പുരസ്‌കാരം ഡിസംബര്‍ 10ന് സമ്മാനിക്കും.
ഭൗതികശാസ്ത്രം
തമോഗര്‍ത്ത ഗവേഷണത്തില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ റോജര്‍ പെന്റോസ്, റെയ്‌നാഡ് ഗെന്‍സല്‍, ആന്‍ഡ്രിയ ഗെസ് എന്നീ പ്രശസ്ത ശാസ്ത്രജ്ഞര്‍ക്ക് ഈ വര്‍ഷത്തെ ഭൗതിക ശാസ്ത്ര നൊബേല്‍ ലഭിച്ചു. 1915ല്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ അവതരിപ്പിച്ച സാമാന്യ ആപേക്ഷികതാ സിദ്ധാന്തം (ജനറല്‍ തിയറി ഓഫ് റിലേറ്റിവിറ്റി ) അടിസ്ഥാനമാക്കി തമോഗര്‍ത്തങ്ങളുടെ അസ്തിത്വം ഗണിതതലത്തില്‍ കണ്ടെത്തിയ റോജര്‍ പെന്റോസിനാണ് നൊബേല്‍ പുരസ്‌കാരത്തിന്റെ നേര്‍പകുതി ലഭിക്കുക. ബാക്കി മറ്റു രണ്ടുപേര്‍ക്കുമായി നല്‍കും.
ബ്രിട്ടണിലെ ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ ഇമെരിറ്റസ് പ്രഫസറാണ് പെന്റോസ്. ജര്‍മനിയിലെ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ റെയ്‌നാഡ് ഗെന്‍സലും യു.എസിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകയായ ആന്‍ഡ്രിയ ഗെസും ആകാശഗംഗയുടെ കേന്ദ്രഭാഗത്തു നിലനില്‍ക്കുന്ന അതീവ പിണ്ഡമുള്ള തമോഗര്‍ത്തം കണ്ടെത്തിയത് ഗവേഷണത്തിന് കുതിപ്പേകി.
ഭൗതികശാസ്ത്ര നൊബേല്‍ നേടുന്ന നാലാമത്തെ വനിതയാണ് ആന്‍ഡ്രിയ.
സാമ്പത്തിക ശാസ്ത്രം
ഇന്ത്യടക്കമുള്ള രാജ്യങ്ങളിലെ വിപണിലേലങ്ങളെ നവീകരിച്ച് ലേലതത്വം പരിഷ്‌കരിക്കുകയും പുതിയ മാതൃകകള്‍ അവതരിപ്പിക്കുകയും ചെയ്ത അമേരിക്കന്‍ സാമ്പത്തിക വിദഗ്ധര്‍ക്കാണ് ഈ വര്‍ഷത്തെ ധനശാസ്ത്ര നൊബേല്‍. സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാല പ്രഫസര്‍ പോള്‍ ആര്‍. മില്‍ഗ്രം, മുന്‍ പ്രഫസര്‍ റോബര്‍ട്ട്. ബി. വിത്സണ്‍ എന്നിവരാണ് വിപണിക്കും നികുതിദായകര്‍ക്കും നേട്ടമുണ്ടാക്കിക്കൊടുത്ത ഈ കണ്ടെത്തലിലൂടെ ആദരിക്കപ്പെട്ടത്.
സ്റ്റാന്‍ ഫോര്‍ഡില്‍ പോള്‍ മിലഗ്രാമിന്റെ റിസര്‍ച്ച് ഗൈഡായിരുന്നു റോബര്‍ട്ട്. ഇരുവരും അയല്‍ക്കാരും.
മോഹവിലയ്ക്ക് വിളിച്ച് വസ്തുവിന്റെ യഥാര്‍ഥ വിലയെക്കാളേറെ വില നല്‍കേണ്ടി വരുന്ന പഴയ ലേലവ്യവസ്ഥയ്ക്കു പകരമാണ് ലോകവിപണിയെ ആകെ സ്വാധീനിച്ച പുതിയ മാതൃക ഇരുവരും അവതരിപ്പിച്ചത്. മില്‍ഗ്രാമിന്റെയും വിത്സണിന്റെയും കണ്ടുപിടിത്തങ്ങള്‍ ലോകമെമ്പാടും വില്‍ക്കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കും നികുതിദായകര്‍ക്കും പ്രയോജനകരമായതായി പുരസ്‌കാര നിര്‍ണയ സമിതി വിലയിരുത്തി. സ്വര്‍ണമെഡലിനൊപ്പം ഏകദേശം 1.1 ദശലക്ഷം ഡോളറാണ് സമ്മാനത്തുക.
രസതന്ത്രം
രസതന്ത്രത്തിലെ ഈ വര്‍ഷത്തെ നൊബേല്‍ സമ്മാനം രണ്ടു വനിതാ ശാസ്ത്രജ്ഞര്‍ക്ക്. ഇമ്മാനുവല്‍ ഷാപെന്റിയര്‍ (ഫ്രാന്‍സ് ), ജെന്നിഫര്‍ ഡോഡ്‌ന (യു.എസ് ) എന്നിവര്‍ക്കാണ് പുരസ്‌കാരം. ഭാവിയില്‍ ആരോഗ്യരംഗത്ത് വിപ്ലവമുണ്ടാക്കുമെന്നു പ്രതീക്ഷിക്കുന്ന ജിനോം എഡിറ്റിങ്ങിലെ ക്രിസ്പര്‍ കാസ് 9 സാങ്കേതികവിദ്യ വികസിപ്പിച്ചതാണ് ഇവരുടെ സംഭാവന. ഫ്രാന്‍സില്‍ ജനിച്ച ഷാപെന്റിയര്‍ (51വയസ് )ഇപ്പോള്‍ ജര്‍മനിയിലെ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകയാണ്. 56 വയസുള്ള ജെന്നിഫര്‍ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ ശാസ്ത്രജ്ഞയായ അമേരിക്കന്‍ വംശജയാണ്. ഇതാദ്യമായാണ് വനിതകള്‍ മാത്രമുള്ള ഗ്രൂപ്പിന് രസതന്ത്ര നൊബേല്‍ ലഭിക്കുന്നത്.
മൃഗങ്ങളുടെയും സസ്യങ്ങളുടെയും സൂക്ഷ്മജീവികളുടെയും ഡി.എന്‍.എ. വളരെ കൃത്യതയോടെ എഡിറ്റ് ചെയ്യാനുള്ള ക്രിസ്‌പെര്‍ ജെനറ്റിക് സിസേര്‍സ് എന്ന ശാസ്ത്ര ഉപാധിയാണ് ഇരുവരും ചേര്‍ന്ന് വികസിപ്പിച്ചത്. കംപ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ പോലെ പ്രോഗ്രാം ചെയ്ത് ജീന്‍ എഡിറ്റിങ് നടത്താന്‍ കഴിയുന്നതാണ് ഇവരുടെ കണ്ടെത്തല്‍. ഇവരുടെ നേട്ടത്തോടെ രസതന്ത്ര നൊബേലിന് അര്‍ഹരായ വനിതകളുടെ എണ്ണം 7ആയി. മേരി ക്യൂറി (1911), ഐറിന്‍ ക്യൂറി (1935), ഡൊറോത്തി ഹോജ്ഗ്കിന്‍ (1964), ആദായെനോത് (2009), ഫ്രാന്‍സെസ് ആര്‍നോള്‍ഡ് (2018) എന്നിവരാണ് മുന്‍ ജേതാക്കള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."