സ്വാഭാവിക വനം വച്ചു പിടിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹം
കാട്ടിക്കുളം: മണ്ണിലെയും അന്തരീക്ഷത്തിലെയും ജലത്തെ വലിച്ച് ഊറ്റി വരള്‍ച്ചക്കും കഠിന ചൂടിനും വന്യജീവികളുടെ ആവാസവ്യവസ്ഥ തകരാനും കാരണമായ യൂക്കാലി, അക്ക്വേഷ്യ മരങ്ങള്‍ മുറിച്ചുമാറ്റി സ്വഭാവികവനം വച്ചുപിടിപ്പിക്കാനുള്ള സര്‍ക്കാര്‍ തിരുമാനം സ്വാഗതാര്‍ഹമെന്ന് വയനാട് വന്യമൃഗശല്യ പ്രതിരോധ ആക്ഷന്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു.
യൂക്കാലി, അക്ക്വേഷ്യ മാത്രമല്ല ഇതിനേക്കാള്‍ അപകടകാരിയായ തേക്കിന്‍തോട്ടങ്ങളും മുറിച്ചുമാറ്റണം. വയനാട് വനമേഖലയുടെ 45 ശതമാനം തേക്കിന്‍ തോട്ടങ്ങള്‍ ഉള്‍പ്പെട്ടതാണ്. മിസോറം ഫോറസ്റ്റ് റിസേര്‍ച്ച് യൂനിവേഴ്‌സിറ്റിയുടെ 2011ലെ പഠനറിപ്പോര്‍ട്ടില്‍ വളരെ വ്യക്തമായി പ്രതിപാധിച്ചിട്ടുണ്ട്.
വന്യജീവി ശല്യം പൂര്‍ണമായും തടയണമെങ്കില്‍ വന്യജീവികള്‍ക്ക് കാട്ടില്‍ ഭക്ഷണവും, വെള്ളവും കിട്ടുകയും അവയുടെ ആവാസവ്യവസ്ഥ പുനസ്ഥാപിക്കുകയും വേണം.അതിന്റെ പൂര്‍ണ പരിഹാരത്തിന് തേക്കിന്‍ തോട്ടങ്ങള്‍ കൂടി മുറിച്ചു മാറ്റി സ്വഭാവിക വനവല്‍ക്കരണം നടത്തണം. അതോടെ വയനാട്ടിലെ കാലാവസ്ഥാ വ്യതിയാനം തിരികെ കൊണ്ടുവരാന്‍ കഴിയും. ഓരോ വര്‍ഷവും വയനാട്ടില്‍ ചൂടുംവന്യമൃഗശല്യവും കൂടിവരികയാണ്. ഈ വര്‍ഷം തിരുനെല്ലി പഞ്ചായത്തില്‍ 39 ഡിഗ്രി വരെ ചൂട് അനുഭവപ്പെട്ടു.
കാരണം വ്യക്തമാണ്, വയനാട്ടിലെ തേക്കിന്‍തോട്ടങ്ങളുടെ വിസ്തൃതിയുടെ പകുതിയും തിരുനെല്ലി പഞ്ചായത്തിലാണ്. ഡിപ്പാര്‍ട്ടുമെന്റ് കണക്കില്‍ 221 ചതുരശ്ര കിലോമീറ്ററുള്ള പഞ്ചായത്ത് വിസ്തൃതിയില്‍ 162 ചതുരശ്രകിലോമീറ്ററും തോല്‍പ്പെട്ടി വന്യജീവി സങ്കേതവും, നോര്‍ത്ത് വയനാട് ഡിവിഷന്റെ ബേഗൂര്‍ റെയിഞ്ചുമാണ്. ഇതില്‍ 65 ശതമാനവും തേക്കിന്‍ തോട്ടങ്ങളാണ്. ഇവിടെയാണ് കഴിഞ്ഞ 30 വര്‍ഷത്തിനിപ്പുറം 79 ആളുകള്‍ വന്യജീവികളാല്‍ കൊല്ലപ്പെട്ടത്. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്.
കൃഷിനാശത്തിലും വളര്‍ത്തുമൃഗങ്ങള്‍ കൊല്ലപ്പെട്ടതിലും പരുക്കേറ്റവരിലുമെല്ലാം ഈ പഞ്ചായത്ത് തന്നെയാണ് മുന്‍പന്തിയില്‍. യൂക്കാലി, അക്ക്വേഷ്യ മരങ്ങള്‍ മുറിച്ചു മാറ്റുന്ന തീരുമാനത്തെ അഭിനന്ദിക്കുന്നതോടൊപ്പം തേക്കിന്‍ തോട്ടങ്ങള്‍ കൂടി മുറിച്ചു മാറ്റി വയനാടിനെ രക്ഷിക്കണമെന്നാണ് വയനാട് വന്യമൃഗശല്യ പ്രതിരോധ ആക്ഷന്‍ കമ്മിറ്റിയുടെ ആവശ്യം.
സര്‍ക്കാര്‍ തീരുമാനം വൈല്‍ഡ് ലൈഫ് ഡിവിഷനില്‍ നടപ്പാക്കണമെങ്കില്‍ 1996 -ലെ സുപ്രീംകോടതി സ്റ്റേ ഉത്തരവ് വെക്കേറ്റ് ചെയ്യണം. അതിനുള്ള നടപടിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."