കേരള-ലക്ഷദ്വീപ് തീരത്ത് കര്‍ശന സുരക്ഷയൊരുക്കി കോസ്റ്റ് ഗാര്‍ഡ്
കൊച്ചി: ഐ.എസ് ചാവേറുകള്‍ എത്തുന്നുവെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡ് കേരള-ലക്ഷദ്വീപ് തീരത്ത് കനത്ത സുരക്ഷയൊരുക്കി. ഇതിന്റെ ഭാഗമായി ലക്ഷദ്വീപിനും മിനിക്കോയ് ദ്വീപിനും ചുറ്റുമായി കോസ്റ്റ് ഗാര്‍ഡ് കപ്പലുകള്‍ വിന്യസിച്ചു. ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ സംഘം ശ്രീലങ്കയില്‍ നിന്ന് ലക്ഷദ്വീപിലേക്ക് കടന്നെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.
കോസ്റ്റ് ഗാര്‍ഡിനെ കൂടാതെ ഇന്ത്യന്‍ നാവികസേനയും തീരദേശ പൊലിസും കടലില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ലക്ഷദ്വീപ് തീരങ്ങളില്‍ തീര സംരക്ഷണ സേനയുടെ കപ്പലുകള്‍ നിരീക്ഷണം ഊര്‍ജിതമാക്കിയതോടെ കേരള തമിഴ്‌നാട് തീരത്തേക്ക് ഇവര്‍ എത്താനുള്ള സാധ്യതയാണ് കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ കാണുന്നത്.
കടലോര ജാഗ്രത സമിതി പ്രവര്‍ത്തകരും നിരീക്ഷണത്തിന് സഹായിക്കുന്നുണ്ട്. ദുരൂഹസാഹചര്യത്തില്‍ കാണുന്ന ബോട്ടുകളെ നിരീക്ഷിക്കുകയും വിവരം അറിയിക്കുകയും വേണമെന്ന് കോസ്റ്റ് ഗാര്‍ഡും പൊലിസും മത്സ്യത്തൊഴിലാളികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മിനിക്കോയ് ദ്വീപ് കേന്ദ്രീകരിച്ചാണ് കോസ്റ്റ് ഗാര്‍ഡ് കപ്പലുകളുടെ തിരച്ചില്‍ നടക്കുന്നത്.
കഴിഞ്ഞ 23ന് ശ്രീലങ്കന്‍ കോസ്റ്റ് ഗാര്‍ഡ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് തീരത്ത് നിരീക്ഷണം ശക്തമാക്കിയത്. വെള്ള നിറമുള്ള ബോട്ടുകളില്‍ 15ഓളം ഐ.എസ് തീവ്രവാദികള്‍ ലക്ഷദ്വീപ് ലക്ഷ്യമാക്കി നീങ്ങുന്നുവെന്നായിരുന്നു ലങ്കന്‍ കോസ്റ്റ് ഗാര്‍ഡ് നല്‍കിയ വിവരം.
ശ്രീലങ്കന്‍ സ്‌ഫോടന പരമ്പരയ്ക്ക് പിന്നാലെ ഐ.എസ് തീവ്രവാദികള്‍ കേരളം ലക്ഷ്യമിടുന്നുവെന്ന് എന്‍.ഐ.എ നേരത്തെ കേരളത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം ഒരു വെള്ള ബോട്ട് തമിഴനാട് തീരത്തേക്ക് യാത്ര ചെയ്യുന്നതായുള്ള വിവരം തീരസംരക്ഷണ സേനക്ക് പൊലിസ് കൈമാറിയിരുന്നു. തീരസംരക്ഷണ സേനയുടെ നിരീക്ഷണ കപ്പല്‍ ബോട്ടിലുണ്ടായിരുന്നവരെ കസ്റ്റഡയിലെടുത്തു. കൊച്ചിയില്‍ നിര്‍മിച്ച ബോട്ട് തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുന്നതായി രേഖകളില്‍ നിന്നും വ്യക്തമായതോടയാണ് ചോദ്യം ചെയ്യലിന് ശേഷം ഇവരെ വിട്ടയച്ചത്. തീരസംരക്ഷണ സേനയുടെ ഡോണിയര്‍ വിമാനങ്ങളും നിരീക്ഷണം നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."