തിരിച്ചുവരവിന്റെ ഇന്ത്യക്കുവേണ്ടി തിരിച്ചറിവുള്ളൊരു പ്രതിപക്ഷമാകാം
ഉത്തര്‍ പ്രദേശില്‍നിന്ന് ഒരു ഫ്‌ളാഷ് ബാക്: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിംകളുള്ള സംസ്ഥാനം. ബാബരി മസ്ജിദിന്റെ ഭൂമി. ഇപ്പോള്‍ സംഘ്പരിവാര്‍ തീപ്പൊരി യോഗി നാഥ് ഭരിക്കുന്ന നാട്. ഇവിടെയാണ് മുസഫര്‍നഗര്‍. ഫാസിസ്റ്റ് തേര്‍വാഴ്ചയില്‍ വേദനിച്ച മണ്ണ്. ഇത്തവണയും ബി.ജെ.പി ശതമാനത്തിലേറെ വോട്ട് വാങ്ങിയ മണ്ഡലമാണിത്.
മറ്റൊരു യു.പി മണ്ഡലമാണ് മാല്‍ദ ദക്ഷിണ്‍. ഇവിടെ ബി.ജെ.പി ജയിച്ചത് 37% വോട്ടിന്. ഇവിടെ 33.3% കോണ്‍ഗ്രസിലെ അബു ഹസിം ഖാനും 25% തൃണമൂല്‍ കോണ്‍ഗ്രസിലെ മുഅസ്സിം ഹുസൈനും നേടി. അതായത് 58.3 %വോട്ട് കോണ്‍ഗ്രസും തൃണമൂലും രണ്ടു പെട്ടിയിലാക്കിയ നേരം തോറ്റ 37 ശതമാനക്കാരന്‍ 'ജയിച്ചു'.
യു.പിയില്‍ ആകെ കോണ്‍ഗ്രസ് 1, ബി.എസ്.പി, എസ്.പി സംഖ്യം 19 സീറ്റ് നേടി. ബി.ജെ.പി 60 സീറ്റുകളും. യു.പി.എ,ബി.എസ്.പി, എസ്.പി സംഖ്യമായിരുന്നുവല്ലോ ഇവിടെ വേണ്ടത്. ഹിന്ദി, കന്നട ഭൂമികയിലെ ചിത്രവും ഇതുപോലെ തന്നെ. ഇതൊക്കെ കഴിഞ്ഞിട്ട് നാം ഡല്‍ഹിയില്‍ വിശാല സംഖ്യ സാധ്യത ആരായേണ്ട സമയമായിരുന്നില്ല രാജ്യത്തിന്. എന്നാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം രാജ്യത്തെ മതേതര രാഷ്ട്രീയ നേതൃത്വങ്ങള്‍ ഇക്കാര്യം കൃത്യമായി തിരിച്ചറിയാതെ പോയി എന്നു കുറ്റപ്പെടുത്താനാവില്ല. ആശയപരമായ പ്രതിരോധത്തെ കുറിച്ച് അവബോധം നേടിയിട്ടും പ്രാക്ടിക്കല്‍ ലോജിക്കില്‍ നമ്മുടെ രാഷ്ട്രീയ മോഹങ്ങള്‍ എല്ലാം മറക്കുന്നുവെന്നര്‍ഥം.
രാഹുല്‍ ഗാന്ധിയുടെ ദക്ഷിണേന്ത്യന്‍ സ്ഥാനാര്‍ഥിത്വം കേരളത്തില്‍ വലിയൊരു വോട്ട് ഏകീകരണത്തിനു വഴിവച്ചുവെന്നത് നേരാണ്. മതേതര വോട്ടുകള്‍ യു.ഡി.എഫ്, എല്‍.ഡി.എഫ് മുന്നണികള്‍ വീതം വയ്ക്കുമ്പോഴും കാവി ജയിക്കാനുള്ള പഴുതില്ലാതെ നോക്കുന്നുവെന്ന സര്‍ഗാത്മക രാഷ്ട്രീയം കേരളം കൈവരിച്ച പ്രബുദ്ധതയുടെ ലാഭമാണ്. കേരളത്തിലെ ഈ സ്ഥിതിയല്ല ഇതര സംസ്ഥാനങ്ങളില്‍. ഡി.എം.കെയുടെ നേതൃത്വത്തില്‍ ഒരു ഏകീകരണ സ്വരത്തിന് തമിഴ്‌നാട് കാണിച്ച പ്രബുദ്ധതയും പ്രശംസനീയമാണ്. എന്നാല്‍ ഉത്തരേന്ത്യയിലെ സ്ഥിതി മറിച്ചാണ്.
അവിടെ കേരളത്തിന്റെ സര്‍ഗാത്മക രാഷ്ട്രീയ സാഹചര്യമല്ല നിലവിലേത്. അതിജീവനത്തിന്റെ പോരാട്ടമായിരുന്നു. തെരഞ്ഞെടുപ്പ് എന്നതിലുപരി 'ഇന്ത്യന്‍ മഹായുദ്ധത്തെ' നേരിടാന്‍ യു.പി.എ മനക്കരുത്ത് ആര്‍ജിച്ചിരുന്നോ? എന്നാല്‍, ഫാസിസ്റ്റ് ചേരിയില്‍ വിഭിന്നമായിരുന്നു രീതി. അഞ്ചു വര്‍ഷത്തെ ഭരണ വിരുദ്ധ വികാരങ്ങള്‍ മറികടക്കാന്‍ പാര്‍ട്ടി അടിത്തറയില്‍ ഭദ്രമായ വോട്ട്‌നില ഉറപ്പു വരുത്തുകയായിരുന്നു മോദിയും അമിത് ഷായും. പൊതു സമ്മിതി നേടിയെടുക്കുന്നതില്‍ പരാജയപ്പെടുമെന്ന ഉറച്ച ബോധ്യം ഒരു ജനകീയ പ്രചാരത്തിലുപരി 'സ്വന്തം തട്ടകങ്ങള്‍ ' നഷ്ടപ്പെടാതെ നോക്കാനും അണികളെ പിടിച്ചു നിര്‍ത്താനുമുള്ള തന്ത്രങ്ങളാണ് എന്‍.ഡി.എ പയറ്റാന്‍ ശ്രമിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹിന്ദി ഭൂമിയിലും ഗുജറാത്തിലുമെല്ലാം നടത്തിയ ആ പ്രചാരത്തോളം സീരിയസ് മാറ്റര്‍ മുന്നോട്ടു വയ്ക്കുകയും സമാന മനസ്‌കരുടെ ഒരുമിച്ച ശബ്ദമായി അതു മാറ്റുകയും ചെയ്യാനായിരുന്നു പ്രതിപക്ഷ കക്ഷികള്‍ ശ്രമിക്കേണ്ടത്. അതിനു പകരം പല കോണില്‍ നടത്തിയ പ്രചാരണം വോട്ട് ഭിന്നിക്കാനേ വഴിവയ്ക്കുന്നുള്ളൂ. ഈ തിരിച്ചറിവ് പക്ഷെ, എക്‌സിറ്റ് പോള്‍ ഫലം വരും വരേ കാത്തിരുന്ന് രൂപപ്പെടുത്തേണ്ട ഫോര്‍മുലയല്ല. രാജ്യത്ത് ഒരു ഏകീകൃത പ്രതിപക്ഷ നിര എണ്ണ വണ്ണ വലിപ്പം നോക്കാതെ ഉരുത്തിരിയേണ്ട സന്ദര്‍ഭം ഇപ്പോള്‍ തന്നെയാണ്. അതിനുള്ള പാഠമാണ് ഈ ഫലം.
കേരളത്തിലേത് രാഹുല്‍ വന്ന പ്രകടനം മാത്രമായി കാണാനാവില്ല. രാഷ്ട്രീയ തരംഗം ഉണ്ടായെങ്കിലും അത്തരം ഒരു സെലിബ്രിറ്റി ചാലഞ്ച് പൊളിറ്റിക്‌സല്ലല്ലോ കേരളത്തിന്റെ പതിവ്. വാരിക്കൂട്ടിയ യു.ഡി.എഫിന്റെ ഭൂരിപക്ഷക്കണക്കുകള്‍ അതു സൂചിപ്പിക്കുന്നുണ്ട്. അതു കൃത്യമായും പിണറായി സര്‍ക്കാരിനുള്ള മറുപടിയാണ്.
മത, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെ കേന്ദ്ര സര്‍ക്കാരിന്റെ ഒളിയജന്‍ഡകളെ തുറന്നു കാട്ടുന്നതില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും കേരളത്തില്‍ വിജയിച്ചിട്ടുണ്ട്. ഫാസിസ്റ്റ് വിരുദ്ധ കാംപയിനില്‍ ഇരുപക്ഷവും ചലനാത്മകമായ ഇടപെടലുകള്‍ നടത്തുകയും ചെയ്തു. എന്നാല്‍ അതൊക്കെയും പാര്‍ട്ടി ലേബലില്‍ നടപ്പിലാക്കാന്‍ സി.പി.എം ശ്രമിക്കുകയും ചെയ്തു! മുസ്‌ലിം സ്വത്വബോധം പരിഹാസ്യമാക്കുകയെന്ന കാവി അജന്‍ഡകളെ കൈയടിച്ച് പ്രോത്സാഹിപ്പിക്കാന്‍ സി.പി.എം നീക്കം നടന്നില്ലേ. ആശയപരമായ കമ്മ്യൂണിസ്റ്റ് രാജ്യത്തെ സ്വപ്നം കണ്ടു ഫ്‌ളാഷ് മോബ് നടത്തിയ സര്‍ക്കാര്‍, ന്യൂനപക്ഷ സമുദായങ്ങളുടെ വാങ്ങി ജയിച്ച വോട്ട് വിഹിതം പോലും മറന്നു.
വിശ്വാസികള്‍ നില്‍ക്കുന്നതിന്റെ മറുപക്ഷം നില്‍ക്കുകയെന്ന'കമ്മ്യൂണിസ്റ്റ് ചൈന'യായി കേരളത്തെ കണ്ടവര്‍ ന്യൂനപക്ഷ വോട്ടുകള്‍ 'ഏകീകരിച്ചു'വെന്നു പരിതപിക്കുമ്പോള്‍ ഇതൊക്കെ തന്നെയാണ് പരിശോധന നടത്തേണ്ടത്. ആര് എന്നല്ല; ആശയമെന്ത് എന്നതിനാണ് പൗരന്മാര്‍ വില കല്‍പിക്കുന്നത്. കൊല്ലുന്നവന്റെ പാര്‍ട്ടിയല്ല: അഖ്‌ലാഖും ജുനൈദും ഫൈസലും റിയാസ് മുസ്‌ലിയാരും ശുകൂറും ശുഐബും അവസാനമായി കാസര്‍കോട്ടെ രണ്ടു കോണ്‍ഗ്രസ് പ്രവര്‍ത്തകരും കൊല്ലപ്പെട്ടവര്‍ തന്നെയാണ്. കേന്ദ്രം ഏക സിവില്‍കോഡ് കാര്യത്തിലോ, കേരളം മതാശ്ലേഷണ കാര്യത്തിലോ നിയമമിറക്കാന്‍ തുനിഞ്ഞാലും കാവി ചുവപ്പ് വ്യത്യാസമന്യേ അതു എതിര്‍ക്കുകയെന്നാണ് രാജ്യത്തിന്റെ രാഷ്ട്രീയമറിയുന്ന കേരളത്തിന്റെ രീതി.
മുസ്‌ലിംലീഗിനു ഈ തെരഞ്ഞെടുപ്പ് ശുഭപ്രതീക്ഷയുടേതാണ്. പാര്‍ട്ടി വിട്ടവരുടേയോ അങ്കത്തട്ടിലെ എതിരാളികളുടേയോ വീറും വാശിയോടുമല്ല ലീഗ് ഇത്തവണ മത്സരിച്ചത്. മുന്തിയ ഇനം വര്‍ഗീയച്ചുവയോടെ യു.പി മുഖ്യമന്ത്രിയില്‍നിന്ന് തന്നെയാണ് ലീഗിനു നേരെ വൈറസ് പ്രയോഗിച്ചു എതിരാളി വന്നത്.
യോഗി ആദിത്യനാഥിന് ലീഗോ പച്ചക്കൊടിയോ അധികമറിയാന്‍ പോലും ഇടമില്ല. വിഭജനാനന്തര ഇന്ത്യയിലെ മുസ്‌ലിം രാഷ്ട്രീയത്തിന്റെ ഗ്രാഫ് പഠിച്ച രാഷ്ട്രീയമറിയുന്ന പൊളിറ്റിക്കല്‍ ബൈനോക്കുലറൊന്നുമില്ല യോഗിയുടെ കയ്യില്‍. ഒരു ഇലക്ഷന്‍ നട്ടുച്ച നോക്കി യോഗി ഒഴിച്ചു വിട്ടതാണ് ആ വൈറസ് വിവാദം. മൂന്നിടത്ത് മത്സരിച്ച പാര്‍ട്ടിക്കു കേരളത്തില്‍ രണ്ടും മൂന്നും ലക്ഷത്തോടും തമിഴ്‌നാട്ടില്‍ ഒരു ലക്ഷത്തോടുമടുത്ത ഭൂരിപക്ഷമാണ് ഈ യോഗി വൈറസ് വിവാദത്തിനിടെ ലഭിച്ചത്. തമിഴ്‌നാട്ടിലെ രാമനാദപുരത്ത് ലീഗിനെ തോല്‍പ്പിക്കാനും ബി.ജെ.പിയെ ജയിപ്പിക്കാനും വന്നു പ്രസംഗിച്ചത് നരേന്ദ്ര മോദി നേരിട്ടായിരുന്നു.
ഈ സന്ദര്‍ഭത്തില്‍ ഉത്തരേന്ത്യയില്‍ മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ കര്‍മമണ്ഡലങ്ങളെ വിശാലമാക്കേണ്ട കൂടുതല്‍ ആവശ്യകതയിലേക്കുള്ള സന്ദേശമാണിത്. ഉത്തരേന്ത്യയില്‍ അടുത്ത അഞ്ചു വര്‍ഷം കൊണ്ടു ചെയ്യാവുന്ന കര്‍മപദ്ധതികളുടെ ബാഹ്യ റിസല്‍ട്ട് വരുംകാല ഇന്ത്യക്കും ആന്തരിക ഫലം ഒരു ജനതയുടെ ഉയിര്‍പ്പിനുമുള്ളതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."