ഇടതുപക്ഷമില്ലാത്ത ഇന്ത്യ
മതേതര ജനാധിപത്യ വിശ്വാസികളുടെ ആശങ്കകളെയും മാധ്യമങ്ങളുടെ എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങളെയും ശരിവച്ചുകൊണ്ടാണു പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നിരിക്കുന്നത്. ഇന്ത്യയെ തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷകള്‍ക്ക് ഈ ഫലവും കരുത്തേകുന്നില്ല.
ഒന്നും രണ്ടും യു.പി.എ സര്‍ക്കാരുകളുടെ രൂപീകരണത്തില്‍ നിര്‍ണായക റോളുണ്ടായിരുന്ന, രാജ്യത്തെ ഇരുനൂറോളം ജില്ലകളില്‍ നിര്‍ണായക സ്വാധീനമുണ്ടായിരുന്ന ഇടതുപക്ഷ കക്ഷികളുടെ തകര്‍ച്ചയാണ് ഇതിനിടയില്‍ ഏറെ ഭീകരമായത്. 34 വര്‍ഷം തുടര്‍ച്ചയായി ഭരിച്ച പശ്ചിമബംഗാളില്‍ നിന്ന് ഒരു സീറ്റുപോലും സി.പി.എമ്മിനു ലഭിച്ചില്ല. ത്രിപുരയിലും പാര്‍ട്ടി സംപൂജ്യരാണ്. സംഘടനാ ശരീരം ഏറക്കുറെ ശക്തമായ കേരളത്തില്‍ നിന്നുപോലും ഒരു സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാനേ ഇടതുപക്ഷത്തിനായുള്ളൂ.
ചുരുക്കത്തില്‍, ബദലാകുമെന്ന് ഒരു കാലത്ത് പ്രതീക്ഷിക്കപ്പെട്ടിരുന്ന, രാജ്യത്തെ ഇരുനൂറോളം ജില്ലകളില്‍ നിര്‍ണായക സ്വാധീനമുണ്ടായിരുന്ന ഇടതുപക്ഷം ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയുമായി തകര്‍ന്നു തരിപ്പണമായി. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി പാര്‍ട്ടിയുടെ വോട്ടുവിഹിതം തുടര്‍ച്ചയായി കുറഞ്ഞുവരികയായിരുന്നുവെന്നു പതിനാറാം ലോക്‌സഭാ തെരഞ്ഞെടുപ്പു ഫലം അവലോകനം ചെയ്തു സി.പി.എം കേന്ദ്രകമ്മിറ്റി ചൂണ്ടിക്കാട്ടിയതു കൂടി പരിഗണിക്കുമ്പോള്‍ ആഴത്തിലുള്ള ആത്മപരിശോധന വേണ്ടതുണ്ട്.
ജാതിയെന്ന സമസ്യ
90 ശതമാനത്തിലധികം തൊഴിലാളികള്‍ അധിവസിക്കുന്ന രാജ്യത്തു തൊഴിലാളിവര്‍ഗ പാര്‍ട്ടികള്‍ മുഖ്യപ്രതിപക്ഷം പോലുമാകുന്നില്ലെന്ന വസ്തുത അമ്പരപ്പിക്കുന്നതാണ്. ഇതെന്തുകൊണ്ട് എന്ന പരിശോധനയില്‍ ഇന്ത്യന്‍ ജനതയെ വരിഞ്ഞു മുറുക്കുന്ന 'ജാതി'യെന്ന യാഥാര്‍ഥ്യത്തെ അഡ്രസ് ചെയ്യുന്നിടത്ത് ഇടതുപക്ഷപാര്‍ട്ടികള്‍ക്കു സംഭവിച്ച പാളിച്ചകള്‍ വലിയ ഘടകമായിരുന്നെന്നു മനസ്സിലാകും.
ജന്മം ജാതിയെ നിശ്ചയിക്കുകയും ജാതി തൊഴിലിനെ നിശ്ചയിക്കുകയും ജാതിയും തൊഴിലും ചേര്‍ന്നു പീഡന പര്‍വങ്ങളൊരുക്കുകയും ചെയ്യുന്ന അതിസങ്കീര്‍ണവും വിചിത്രവുമായ ചിത്രമുള്ള ഇന്ത്യയില്‍, തൊഴില്‍വിഭജനം കമ്യൂണിസ്റ്റ് ഏകകങ്ങള്‍ കൊണ്ടു മാത്രം അപഗ്രഥിക്കാവുന്നതല്ല. ഇതു തിരിച്ചറിയാനും കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം കൈയിലെടുക്കുന്ന 'തൊഴിലാളി'യെ ഇന്ത്യന്‍ സാഹചര്യത്തിലേയ്ക്കു വിവര്‍ത്തനം ചെയ്യാനും ഇടതുപക്ഷത്തിനു കഴിഞ്ഞിട്ടില്ല.
വര്‍ഗരാഷ്ട്രീയത്തിനും ദലിത് വിമോചന പോരാട്ടങ്ങള്‍ക്കുമിടയില്‍ 'സ്വത്വവാദ ഭീഷണി' മുഴക്കി കൃത്രിമമായ മതിലൊരുക്കാനാണു ബ്രാഹ്മണിക് യുക്തിബോധത്തില്‍ നിന്ന് ഇനിയും മുക്തമായിട്ടില്ലാഞ്ഞ വരേണ്യ ഇടതുബുദ്ധിജീവികളും വര്‍ഗരാഷ്ട്രീയവിശാരദന്മാരും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എന്തുകൊണ്ടു മുഹമ്മദ് അഖ്‌ലാക്, രോഹിത് വെമുല തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഇടത് ഉത്തരങ്ങള്‍ അതിനാല്‍ത്തന്നെ മൂര്‍ത്തമോ മൂര്‍ച്ചയുള്ളതോ ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങളെ സമഗ്രമായി ഉള്‍ക്കൊള്ളുന്നതോ അല്ല.
ജാതിയെന്ന വസ്തുനിഷ്ഠ യാഥാര്‍ഥ്യത്തെ അതായിത്തന്നെ അഭിസംബോധന ചെയ്യാനും കമ്യൂണിസം കൈകാര്യം ചെയ്യുന്ന 'തൊഴിലാളി'യെ നീതി നിഷേധിക്കപ്പെടുന്ന സകല പീഡിതരിലേയ്ക്കും വികസിപ്പിക്കാനും പ്രത്യയശാസ്ത്ര ദുശ്ശാഠ്യങ്ങള്‍ മാറ്റിവച്ചു കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കു കഴിയാത്തിടത്തോളം ഇനിയുള്ള കാലം കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ മുന്നോട്ടുപോക്കു ദുഷ്‌കരമാകും.
ദലിത് മുന്നേറ്റങ്ങളുടെ ചാലകശക്തിയായ അംബേദ്കറിസത്തെയും അടിച്ചമര്‍ത്തപ്പെട്ടവന്റെ പ്രതീക്ഷയായ മാര്‍ക്‌സിസത്തെയും ദിശാബോധത്തോടെ എകോപിപ്പിക്കാനും ഇരു ദര്‍ശനങ്ങള്‍ക്കുമിടയില്‍ യോജിപ്പിന്റെ മേഖല കണ്ടെടുക്കാനും സംഘടനാ കെട്ടുറപ്പും കീഴാളപക്ഷ നിലപാടുകളുമുള്ളവരെന്ന നിലയില്‍ ഇടതുപക്ഷത്തിനു ബാധ്യതയുണ്ടായിരുന്നു.
എന്നാല്‍, ഖേദകരമെന്നു പറയട്ടെ, വര്‍ഗവും ജാതിയും പരസ്പര വിരുദ്ധമല്ല, അടിച്ചമര്‍ത്തപ്പെട്ടവന്റെ ആത്മാഭിമാനപ്പോരാട്ടങ്ങളില്‍ പരസ്പരപൂരകങ്ങളായി നില്‍ക്കേണ്ടവയാണെന്ന് ഇന്ത്യന്‍ തെരുവുകള്‍ നിരന്തരം കരഞ്ഞ് വിളിക്കുമ്പോഴും ആ വിളി കേള്‍ക്കാനോ അതിനോടു ക്രിയാത്മകമായി പ്രതികരിക്കാനോ ഇതുവരേയും ഇടതുപക്ഷത്തിനു കഴിഞ്ഞിട്ടില്ല. യാന്ത്രികമായ വര്‍ഗവിശകലനങ്ങളും 'സ്വത്വവാദവിരുദ്ധ' പ്രബന്ധരചനകളുമായി കാലംകഴിക്കുകയാണവര്‍.
രാജ്യത്തെ പിന്നാക്ക, ദലിത് സമുദായങ്ങള്‍ അനുഭവിക്കുന്ന അടിമസമാനമായ ജീവിതസാഹചര്യവും സാമൂഹികവിവേചനവും അംഗീകരിച്ചുകൊണ്ടാണ്, ഡോ. അംബേദ്കറുടെ നേതൃത്വത്തില്‍ ഭരണഘടനാശില്‍പ്പികള്‍ സാമൂഹികസംവരണം നടപ്പിലാക്കാനുള്ള നിര്‍ദേശം ഭരണഘടനയില്‍ ഉള്‍ച്ചേര്‍ത്തത്. ജാതീയ ഉച്ചനീചത്വങ്ങളും സാമൂഹികവിവേചനവും പരിഹരിക്കപ്പെടാതെ ഇന്ത്യക്കു മുന്നോട്ടുപോകാനാവില്ലെന്ന തിരിച്ചറിവ് ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനവുമാണ്.
എന്നാല്‍, ദലിത് രാഷ്ട്രീയം പ്രതീക്ഷയോടെ മുന്നോട്ടു വെക്കുന്ന ഈ സാമൂഹികസംവരണത്തെ വരെ തള്ളിപ്പറഞ്ഞും സാമ്പത്തികസംവരണമെന്ന സമകാലിക ഇന്ത്യയിലെ പ്രതിലോമരാഷ്ട്രീയത്തെ മുറുകെപ്പിടിച്ചും മുന്നോട്ടു പോവുകയായിരുന്നു കേരളത്തിലടക്കം കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍. ദലിത് രാഷ്ട്രീയത്തിനെതിരായ സവര്‍ണമുദ്രാവാക്യങ്ങളെ പ്രയോഗതലത്തില്‍ ഏറ്റെടുത്തും ജാതി വ്യവസ്ഥ സൃഷ്ടിക്കുന്ന സാമൂഹികവിവേചനത്തിന്റെ ഗുരുതരസ്വഭാവത്തെ അവഗണിച്ചും സാമ്പത്തിക സംവരണ സിദ്ധാന്തവുമായി മുന്നോട്ടുപോകാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കുള്ള ന്യായം വര്‍ഗ സങ്കല്‍പത്തോട് ഏറ്റവും ചേര്‍ന്നുനില്‍ക്കുന്നത് അതാണെന്ന കണ്ടെത്തലത്രേ..!
രാജ്യത്തെ ഐ.എ.എസ്, ഐ.പി.എസ് ജോലികളില്‍ 80 ശതമാനവും ജനസംഖ്യയില്‍ 12 ശതമാനം മാത്രമുള്ള സവര്‍ണരുടെ കൈവശമാണെന്നും ജനസംഖ്യയില്‍ 52 ശതമാനം വരുന്ന പിന്നാക്കക്കാര്‍ക്ക് ഈ ഉയര്‍ന്ന ജോലികളിലുള്ള പ്രാതിനിധ്യം വെറും നാലു ശതമാനം മാത്രമാണെന്നതുമടക്കമുള്ള മണ്ഡല്‍ കമ്മിഷന്‍ കണ്ടെത്തലുകള്‍ പോലും കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നയവിചാരങ്ങളില്‍ മാറ്റമുണ്ടാക്കാന്‍ സഹായിച്ചിട്ടില്ല.
നയപരമായ പാളിച്ചകള്‍
ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ നയസമീപനങ്ങളിലും രാഷ്ട്രീയത്തിലും വന്ന പ്രതിലോമകരമായ പാളിച്ചകളും അപചയത്തിനു കാരണമായിട്ടുണ്ട്. കോണ്‍ഗ്രസിന്റെ തെറ്റായ സാമ്പത്തികനയത്തെക്കുറിച്ചു നിരന്തരം പഴി പറയുന്ന ഇടതുപക്ഷത്തിനു മുന്നോട്ടുവയ്ക്കാനുള്ള 'ശരിയായ സാമ്പത്തികനയം' എന്താണെന്നോ ലോകത്തെവിടെയാണ് ആ നയങ്ങള്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നതെന്നോ ജനങ്ങള്‍ക്കു മനസ്സിലാവുന്ന ഭാഷയില്‍ വിശദീകരിക്കാന്‍ ഇതുവരെ ഇടതുപക്ഷത്തിനായിട്ടില്ല. എന്നു മാത്രമല്ല, നവലിബറല്‍ നയങ്ങളെ എതിര്‍ക്കുന്നുവെന്നു പേര്‍ത്തും പേര്‍ത്തും പറയുന്ന പാര്‍ട്ടികള്‍ നേതൃത്വം നല്‍കിയ സംസ്ഥാനസര്‍ക്കാരുകള്‍ പലപ്പോഴും അതേ നയങ്ങളുടെ നടത്തിപ്പുകാരായിരുന്നുവെന്നും കാണാം.
നന്ദിഗ്രാമും സിംഗൂരുമടക്കം പശ്ചിമബംഗാളില്‍ പാര്‍ട്ടിയെ ആമൂലാഗ്രം തകര്‍ത്ത ജനവിരുദ്ധനയങ്ങള്‍ രാജ്യത്തെ പ്രമുഖ ഇടതുപാര്‍ട്ടി നേതൃത്വം നല്‍കുന്ന സര്‍ക്കാരില്‍ നിന്ന് എങ്ങനെ സംഭവിച്ചുവെന്നതു രാഷ്ട്രീയ എതിരാളികളെ പോലും അമ്പരപ്പിക്കുന്ന ചോദ്യമാണ്. ഇത്തരം വ്യതിയാനങ്ങളോടുള്ള പ്രതികരണമായി കൊണ്ടുകൂടി അടുത്തകാലത്തു രാജ്യത്തുയര്‍ന്നുവന്ന ജനകീയ പ്രതിരോധ സമരങ്ങളോടും നവസാമൂഹിക പ്രസ്ഥാനങ്ങളോടും ക്രിയാത്മകമായി സംവദിക്കാനോ അവരെ വിശ്വാസത്തിലെടുക്കാനോ പാര്‍ട്ടിക്കായതുമില്ല.
തൃണമൂല തലത്തില്‍ വേരുകളുള്ള ഇത്തരം ജനകീയ സമരങ്ങളുടെ നായകത്വമേറ്റെടുക്കുന്നതോ പോകട്ടെ, അത്തരം സമരങ്ങളുടെ എതിര്‍പക്ഷത്തു വരാതിരിക്കാനുള്ള രാഷ്ട്രീയവിവേകം പോലും പലപ്പോഴും പാര്‍ട്ടിയും സര്‍ക്കാരും പ്രകടിപ്പിച്ചില്ല. വെള്ളത്തില്‍ മത്സ്യമെന്നപോലെ ജനങ്ങളോടൊപ്പം ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളില്‍ കഴിയേണ്ട പാര്‍ട്ടിയെ സംബന്ധിച്ച് ഇതു ചെറിയ വീഴ്ചയല്ല.
ഇടതുപക്ഷത്തിന് ഏറ്റവും കൂടുതല്‍ എം.പിമാരെ സമ്മാനിച്ചിരുന്ന പശ്ചിമബംഗാളിലെ സി.പി.എം തകര്‍ച്ച സവിശേഷമായി പരിശോധിക്കപ്പെടേണ്ടതാണ്. അധികാരത്തിന്റെയും സമ്പത്തിന്റെയും കേന്ദ്രീകരണം പാര്‍ട്ടിയിലുണ്ടാക്കിയ ദുഷ്പ്രവണതകളും ദീര്‍ഘനാളത്തെ അധികാരത്തുടര്‍ച്ചയുണ്ടാക്കിയ ആലസ്യവും ഭരണീയരോടുള്ള ഉത്തരവാദിത്വനിര്‍വഹണത്തില്‍ വന്ന ഗുരുതര പാളിച്ചകളുമെല്ലാം തകര്‍ച്ചയ്ക്കു കാരണമായി.
ഭരണീയരോടുള്ള മിനിമം ഉത്തരവാദിത്വമെങ്കിലും നിര്‍വഹിച്ചിരുന്നെങ്കില്‍ ഏതാനും വര്‍ഷം പരിഹരിക്കപ്പെടുമായിരുന്ന നിരവധി പ്രശ്‌നങ്ങള്‍ 34 വര്‍ഷം ഭരിച്ചിട്ടും പശ്ചിമബംഗാളില്‍ നിലനിന്നു. കൂലിപ്പണിയെടുക്കുന്ന കുട്ടികളും ഫ്‌ളൈഓവറുകള്‍ക്കു ചുവടെ അന്തിയുറങ്ങുന്ന പാവങ്ങളും മനുഷ്യന്‍ മനുഷ്യനെ വലിച്ചോടുന്ന സൈക്കിള്‍ റിക്ഷകളും സോനാഗച്ചിയില്‍ ജീവിതം വില്‍ക്കുന്ന ബാലികമാരുമെല്ലാം ചേര്‍ന്നതാണു സ്വാതന്ത്ര്യം ലഭിച്ചു മുക്കാല്‍ നൂറ്റാണ്ടോടടുക്കുമ്പോഴും പശ്ചിമബംഗാള്‍.
മുപ്പത്തിനാലു വര്‍ഷം തുടര്‍ച്ചയായി ഏക കക്ഷി ഭരണം നടത്തിയിട്ടും രാജ്യത്തിനാകെ മാതൃകയാക്കാവുന്ന വികസനം ഉയര്‍ത്തിക്കാണിക്കാനായില്ല.
സൈദ്ധാന്തിക പിടിവാശിയും
വിഭാഗീയതയും
'നമ്മളെന്തുകൊണ്ടു തോറ്റു'വെന്ന സന്ദേശം സിനിമയിലെ ജനപ്രിയ ഡയലോഗ് കൊണ്ടു വിശദീകരിക്കാവുന്നത്ര ഹാസ്യാത്മകമോ ലളിതമോ അല്ല ഇന്ത്യന്‍ ഇടതുപക്ഷമഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍. അതേസമയം, പ്രായോഗിക രാഷ്ട്രീയത്തെക്കുറിച്ചു തീര്‍ത്തും അശ്രദ്ധരെന്നു തോന്നിപ്പിക്കുമാറു പാര്‍ട്ടി നടത്തുന്ന മാരത്തണ്‍ സൈദ്ധാന്തികചര്‍ച്ചകളും 'താത്വികാവലോകന'ങ്ങളും പലപ്പോഴും മേല്‍പ്പറഞ്ഞ സിനിമയിലെ പല രംഗങ്ങളെയും ഓര്‍മിപ്പിക്കും. ത്രിപുരയിലെ കമ്യൂണിസ്റ്റ് നേതാവായിരുന്ന നൃപന്‍ ചക്രബര്‍ത്തിയെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി, മരിക്കുന്നതിന്റെ തൊട്ടുമുമ്പു മാത്രം അംഗത്വം തിരിച്ചുനല്‍കിയ സി.പി.എം നടപടി മുന്നില്‍വച്ച്, അദ്ദേഹത്തെ സി.പി.എം അവഗണിച്ചുവെന്ന തരത്തില്‍ ബി.ജെ.പി കഴിഞ്ഞ ഡിസംബറില്‍ നൃപന്‍ ചക്രബര്‍ത്തി അനുസ്മരണം സംഘടിപ്പിച്ചിരുന്നു.
രാഷ്ട്രീയനൈതികതയുടെ ആള്‍രൂപമായിരുന്ന ആ കമ്യൂണിസ്റ്റ് നേതാവിന്റെ പ്രത്യയശാസ്ത്രവുമായി തങ്ങള്‍ക്കുള്ള വൈരുദ്ധ്യങ്ങളെല്ലാം ബുദ്ധിപൂര്‍വം മറച്ചുവച്ചു ബി.ജെ.പി അദ്ദേഹത്തിന് അനുസ്മരണം സംഘടിപ്പിക്കുമ്പോള്‍, ഡല്‍ഹിയില്‍ മുഖ്യശത്രു കോണ്‍ഗ്രസ്സോ ബി.ജെ.പിയോയെന്നു ചര്‍ച്ച ചെയ്തു തമ്മില്‍ത്തല്ലുകയായിരുന്നു സി.പി.എമ്മിലെ യെച്ചൂരി, കാരാട്ട് പക്ഷങ്ങള്‍..! തീര്‍ച്ചയായും പ്രത്യയശാസ്ത്ര കെട്ടുപാടുകളൊന്നുമില്ലാതെ പ്രായോഗികരാഷ്ട്രീയം കൈയാളുന്ന വലതുപക്ഷ സംഘടനകളെ പോലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കു പ്രവര്‍ത്തിക്കാനോ പ്രചാരണം നടത്താനോ കഴിയില്ല. അതേസമയം, മുങ്ങിത്താഴാന്‍ പോകുന്ന കപ്പലിലിരുന്ന് അടുത്തവര്‍ഷം ധരിക്കേണ്ട യൂനിഫോമിനെക്കുറിച്ചു ചര്‍ച്ച നടത്തുന്ന വിഡ്ഢികളായ നാവികരെ പോലെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സ്വപ്നാടകരാകാന്‍മാത്രം 'സൈദ്ധാന്തികഭാരം' പാര്‍ട്ടിക്കാവശ്യമുണ്ടോയെന്നും പരിശോധിക്കണം.
കേവല ബൗദ്ധികവ്യായാമങ്ങളെന്നതിനപ്പുറം കൃത്യമായ വിഭാഗീയതയും പക്ഷം പിടിക്കലും കുതികാല്‍ വെട്ടുമൊക്കെ ഇത്തരം സൈദ്ധാന്തികചര്‍ച്ചകളുടെ ഭാഗമാണെന്നു വരുമ്പോള്‍ ഈ ചര്‍ച്ചകള്‍ അരോചകം മാത്രമല്ല അശ്ലീലം കൂടി ആകുകയാണ്. അഭിപ്രായവ്യത്യാസങ്ങള്‍ വിഭാഗീയതയുണ്ടാക്കുകയാണോ, വിഭാഗീയത അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാക്കുകയാണോ എന്നറിയില്ലെങ്കിലും വിഭാഗീയതയെന്ന ഓമനപ്പേരിട്ടു വിളിക്കുന്ന ഗ്രൂപ്പിസം ഇന്നു പാര്‍ട്ടിയില്‍ സജീവമാണ്.
പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ക്കിടയില്‍ പോലും പരസ്പര വിശ്വാസമില്ലെന്നു കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച രാഷ്ട്രീയ,സംഘടനാ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. പ്രധാനപ്രശ്‌നങ്ങളില്‍ പി.ബി അംഗങ്ങള്‍ക്കിടയില്‍ വലിയ ഭിന്നതയുണ്ടെന്നും ഉള്‍പ്പാര്‍ട്ടി ചര്‍ച്ചകള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തുന്നതില്‍ മുന്നില്‍ നില്‍ക്കുന്നതു പിബി അംഗങ്ങള്‍ തന്നെയാണെന്നതുമടക്കമുള്ള റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതാണ്.
കേരളത്തില്‍ തന്നെ പാലക്കാടു പോലെയുള്ള ചില മണ്ഡലങ്ങളിലെ പരാജയത്തിനു പിന്നിലും വിഭാഗീയതയ്ക്കു പങ്കുണ്ടെന്നും കേള്‍ക്കുന്നു. ഇനിയും ഉപേക്ഷിക്കാത്ത ഇത്തരം വിഭാഗീയതകളും കാലഹരണപ്പെട്ട സംഘടനാരീതികളുമൊക്കെയായി എത്രകാലം ഈ പാര്‍ട്ടിക്കു മുന്നോട്ടുപോകാന്‍ കഴിയുമെന്നതു പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ ഉറക്കെ ചോദിക്കേണ്ടതുണ്ട്.
ഇനിയും ഭാവിയുണ്ട്
തീര്‍ച്ചയായും സമകാലിക ഇന്ത്യയിലെ ഏറ്റവും പ്രസക്തമായ രാഷ്ട്രീയചോദ്യങ്ങളിലൊന്നാണ് ഇടതുപക്ഷമില്ലാത്ത ഇന്ത്യയുടെ ഭാവി സംബന്ധിച്ചത്. ഇന്ത്യന്‍ ജനതയുടെ നടുവൊടിച്ച, നരസിംഹറാവു സര്‍ക്കാര്‍ മുതല്‍ നടപ്പിലാക്കിവന്ന, തീവ്ര വലതുപക്ഷ സാമ്പത്തികനയങ്ങള്‍ക്കു ബദലാകാന്‍ പദ്ധതികളൊന്നുമില്ലെന്നു മാത്രമല്ല, അങ്ങനെയൊന്ന് ആവശ്യമാണെന്ന ബോധ്യം പോലുമില്ലാതെയാണു മോദിയും കൂട്ടരും വീണ്ടും അധികാരമേല്‍ക്കാനൊരുങ്ങുന്നത്.
നെഹ്‌റുവിന്റെ സോഷ്യലിസ്റ്റ് നയവും ദേശീയപ്രസ്ഥാനത്തിന്റെ പാരമ്പര്യ നയങ്ങളുമെല്ലാം കൈയൊഴിഞ്ഞ്, കോര്‍പ്പറേറ്റ് ദാസ്യത്തില്‍ മത്സരിക്കുന്ന കോണ്‍ഗ്രസിനുമില്ല ബദലായി മറ്റൊന്നു മുന്നോട്ടുവയ്ക്കാന്‍. ചുരുക്കത്തില്‍, കോര്‍പറേറ് അനുകൂല ഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങള്‍ കൈയൊഴിയില്ലെന്നത് ഇടതിതരകക്ഷികളുടെ പിടിവാശി മാത്രമല്ല; ബദലായി മറ്റൊന്നു മുന്നോട്ടു വയ്ക്കാനില്ലാത്തവരുടെ നിസ്സഹായത കൂടിയാണ്.അതേസമയം, ആഗോളവല്‍ക്കരണ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കും നവസാമ്പത്തിക താല്‍പ്പര്യങ്ങള്‍ക്കുമെതിരേ താത്വികമായി നിലപാടുകളുള്ളവരാണ് ഇടതുപക്ഷം. സാധാരണക്കാരന്റെ നടുവൊടിക്കുന്ന സാമ്പത്തികനയങ്ങളെ ചെറുത്തുതോല്‍പ്പിക്കാനും അവനെ രാഷ്ട്രീയമായി ശാക്തീകരിക്കാനും പ്രതീക്ഷയര്‍പ്പിക്കാവുന്ന ഒരു സംഘവും നിലവില്‍ ഇടതുപക്ഷമാണ്. പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ താല്‍ക്കാലികമായി തിരിച്ചടി നേരിട്ടെങ്കിലും ഇടതുപക്ഷത്തിനു പ്രതീക്ഷകള്‍ അവസാനിപ്പിക്കാറായിട്ടില്ല എന്നോര്‍മിപ്പിക്കുന്ന ചില നല്ല സൂചനകളും അടുത്തിടെ മുഖ്യധാരാ ഇടതു പക്ഷത്തിന്റെ മുന്‍കൈയില്‍ നടന്നിരുന്നു.
അഖില ഭാരതീയ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ അടുത്തിടെ രാജസ്ഥാനിലും മഹാരാഷ്ട്രയിലും നടന്ന കര്‍ഷകപ്രക്ഷോഭങ്ങളും മുംബൈയിലേയ്ക്കുള്ള കര്‍ഷകരുടെ ലോങ് മാര്‍ച്ചും അതിനു ലഭിച്ച വമ്പിച്ച ജനസ്വീകാര്യതയുമൊക്കെ അത്തരത്തിലുള്ളതാണ്. അടിസ്ഥാനവര്‍ഗത്തിന്റെയും അടിച്ചമര്‍ത്തപ്പെട്ടവന്റെയും മേല്‍ പ്രതികരണങ്ങളെ പാര്‍ലമെന്ററി രാഷ്ട്രീയത്തിലേയ്ക്കു പരിവര്‍ത്തിപ്പിക്കുന്നതില്‍ പരാജയപ്പെടുന്നതെന്തുകൊണ്ടെന്നു പരിശോധിക്കുന്നതിനൊപ്പം തികച്ചും ജൈവികമായ അത്തരം സമരങ്ങള്‍ക്കു തുടര്‍ച്ച നല്‍കാനും മറ്റു തൊഴിലിടങ്ങളില്‍ നിന്നുകൂടി സമാനമായ സമരങ്ങള്‍ വളര്‍ത്തിക്കൊണ്ടു വരാനും ഇടതുപാര്‍ട്ടികള്‍ ശ്രമിക്കണം.
പാര്‍ലമെന്ററി രാഷ്ട്രീയം മുഖ്യപ്രവര്‍ത്തന ഇടമായി സ്വീകരിച്ച ഒരു പാര്‍ട്ടിക്കു പാവപ്പെട്ടവന്റെ പ്രതികരണങ്ങളെ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേയ്ക്കു വികസിപ്പിക്കാനോ ബാലറ്റ് പെട്ടിയില്‍ വീഴുന്ന വോട്ടായി മൂര്‍ത്തവത്കരിക്കാനോ സാധ്യമാകുന്നില്ലെങ്കില്‍ അത്തരം പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന സമരരൂപങ്ങളൊക്കെയും ഫലത്തില്‍ പ്രഷര്‍കുക്കറിലെ സേഫ്റ്റി വാള്‍വിന്റെ പണി മാത്രമാണെടുക്കുക. മൂലധനമുതലാളിത്തത്തിന്റെ സകല മര്‍ദനങ്ങളുമേല്‍ക്കുന്ന പീഡിതന്റെ സ്വയം പൊട്ടിത്തെറിക്കല്‍ ശേഷിയെപോലും ദുര്‍ബലപ്പെടുത്തും അത്തരം സേഫ്റ്റി വാള്‍വുകള്‍.യാഥാര്‍ഥ്യബോധത്തോടെ കാര്യങ്ങള്‍ വിലയിരുത്തി, ചുമതലാബോധത്തോടെ മുന്നോട്ടുപോയാല്‍ ഇടതുപക്ഷത്തിന് ഇന്ത്യയില്‍ ഇനിയും ഭാവിയുണ്ടെന്നു തെളിയിക്കുന്ന നിരവധി സംഭവങ്ങള്‍ വേറെയും സമീപകാലചരിത്രത്തില്‍ തന്നെയുണ്ട്. ശരിയായ ആത്മപരിശോധനകളും പക്വതയുള്ള രാഷ്ട്രീയനീക്കങ്ങളും ജനങ്ങളെ അണിനിരത്തിയുള്ള ചെറുത്തുനില്‍പ്പുകളുമുണ്ടെങ്കില്‍ ഇടതുപക്ഷം ഗതിനിര്‍ണയിക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയമെന്ന സ്വപ്നവും വിദൂരത്തല്ല.
അതേസമയം, ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒളിച്ചോടിയും വിഭാഗീയതയടക്കം പ്രതിലോമ പ്രവണതകളെ താലോലിച്ചും കാലം കഴിക്കാനാണു തീരുമാനമെങ്കില്‍ ഇടതുപക്ഷത്തിന്റെ മാത്രമല്ല ഇന്ത്യയുടെയും ഭാവി ഇരുളടഞ്ഞു തന്നെയിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."