ബീഫിന്റെ പേരിലുള്ള കൊലകള്‍ നിര്‍ത്തൂ
ന്യൂഡല്‍ഹി: ന്യൂനപക്ഷവിഭാഗങ്ങളുടെ ആത്മവിശ്വാസം നേടിയെടുക്കണമെന്ന് കഴിഞ്ഞദിവസം എന്‍.ഡി.എ എം.പിമാരെ അഭിസംബോധനചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തെ വിമര്‍ശിച്ച് മജ്‌ലിസുല്‍ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീന്‍ ഉവൈസി. ന്യൂനപക്ഷങ്ങളുടെ ആശങ്ക അകറ്റി അവരെ സംരക്ഷിക്കുന്ന ആളാണ് നിങ്ങളെങ്കില്‍ ആദ്യം ബീഫിന്റെ പേരില്‍ ആ വിഭാഗത്തില്‍ നിന്നുള്ളവര്‍ ആക്രമിക്കപ്പെടുന്ന സംഭവം അവസാനിപ്പിക്കൂവെന്ന് ഉവൈസി ആവശ്യപ്പെട്ടു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഉവൈസി.
നമ്മുടെ ഭരണഘടന പ്രകാരം ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് ഇവിടെ അഭിമാനത്തോടെ മനുഷ്യരെപോലെ ജീവിക്കാനുള്ള അവകാശമുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യം മനസിലാക്കുമെന്നാണ് ഞാന്‍ കരുതുന്നത്. അങ്ങിനെയാവുമ്പോള്‍ ന്യൂനപക്ഷവിഭാഗങ്ങള്‍ക്കിടയിലെ ഭീതിയില്ലാതാവും. ഭീതിയോടെയാണ് ഇവിടെ ന്യൂനപക്ഷങ്ങള്‍ കഴിയുന്നതെന്ന് ഗൗരവമായി പ്രധാനമന്ത്രി വിശ്വസിക്കുന്നുണ്ടെങ്കില്‍ ബീഫിന്റെ പേരിലുള്ള എല്ലാ കൊലകളും അവസാനിപ്പിക്കാന്‍ അദ്ദേഹം മുന്‍കൈ എടുക്കണം. മുസ്‌ലിംകളെ ആള്‍ക്കൂട്ട മര്‍ദനത്തിനിരയാക്കുക, എന്നിട്ട് വിഡിയോ ചിത്രീകരിക്കുക, ശേഷം അത് പ്രചരിപ്പിച്ച് ഒരിക്കലൂടെ ഭീതിപടര്‍ത്തുക. മധ്യപ്രദേശില്‍ നടന്നത് എന്താണോ അതൊരു ഉദാഹരണം മാത്രമാണെന്നും ഉവൈസി പറഞ്ഞു. കഴിഞ്ഞദിവസം മധ്യപ്രദേശില്‍ ബീഫ് കൈവശംവച്ചെന്നാരോപിച്ച് സ്ത്രീയുള്‍പ്പെടെ മൂന്നു മുസ്‌ലിംകളെ സംഘ്പരിവാര്‍ മര്‍ദിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഉവൈസിയുടെ പ്രതികരണം.
ന്യൂനപക്ഷവിഭാഗങ്ങള്‍ ഭീതിയിലാണ് കഴിയുന്നതെന്ന് മോദി സമ്മതിക്കുന്നുണ്ടെങ്കില്‍, ബീഫിന്റെ പേരില്‍ ആള്‍ക്കൂട്ട കൊലപാതകത്തിനിരയായ മുഹമ്മദ് അഖ്‌ലാഖ് എന്ന മധ്യവയസ്‌കന്റെ കൊലയാളികള്‍ നിങ്ങളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുന്‍നിരയില്‍ തന്നെ ഇരുന്നിരുന്നുവെന്ന് നിങ്ങള്‍ അറിയണം. 300ലേറെ എം.പിമാരുള്ള താങ്കളുടെ പാര്‍ട്ടിയില്‍ എത്ര മുസ്‌ലിംകളുണ്ടെന്ന് താങ്കള്‍ക്ക് പറയാന്‍ കഴിയുമോ? ഇതാണ് കഴിഞ്ഞ അഞ്ചുവര്‍ഷം മോദിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ചെയ്തുവന്ന കാപട്യം- ഉവൈസി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."