സിറിയയിലെ കുര്‍ദുകള്‍ക്ക് ആയുധം നല്‍കുമെന്ന് യു.എസ്
വാഷിങ്ടണ്‍: തുര്‍ക്കിയുടെ എതിര്‍പ്പുകള്‍ തുടരുന്നതിനിടെ സിറിയയിലെ കുര്‍ദുകള്‍ക്ക് ആയുധങ്ങളും സൈനിക സഹായവും നല്‍കുമെന്ന് യു.എസ്. തീരുമാനത്തിന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇതിന് അംഗീകാരം നല്‍കിയതായി പെന്റഗണ്‍ വ്യക്തമാക്കി.
നടപടി നാറ്റോ സഖ്യകക്ഷി കൂടിയായ തുര്‍ക്കിയെ ചൊടിപ്പിക്കുമെന്നാണ് വിലയിരുത്തല്‍. തുര്‍ക്കിയിലെ കുര്‍ദുകളെ തീവ്രവാദികളായും കലാപകാരികളുമായാണ് തുര്‍ക്കി കാണുന്നത്. ഇവരുടെ ഒരു ഭാഗം തന്നെയാണ് സിറിയയിലെ കുര്ദുകളെന്നാണ് തുര്‍ക്കി വിലയിരുത്തുന്നത്. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന് അടുത്ത ആഴ്ച യു.എസ് സന്ദര്‍ശിക്കാനിരിക്കുകയാണ്.
റഖ മേഖലയില്‍ ഐ.എസിന്റെ തകര്‍ച്ച ഉറപ്പു വരുത്തേണ്ടത് ആവശ്യമാണെന്ന് പെന്റഗണ്‍ വക്താവ് ദന വൈറ്റ് പറഞ്ഞു.
റഖയില്‍ നിന്ന് അമ്പത് കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന താബ്ഖ മേഖലയിലാണ് ഇപ്പോള്‍ കുര്‍ദുകള്‍ ഐ.എസിനെതിരെ പോരാടുന്നത്. മെഷീന് ഗണ്ണുകള്‍, വെടിക്കോപ്പുകള്‍, ബുള്‍ഡോസറുകള്‍ അടക്കമുള്ള വസ്തുക്കള്‍ എന്നിവ നല്‍കാനാണ് തീരുമാനമെന്ന് പെന്റഗണ്‍ വ്യക്തമാക്കി.
ഐ.എസിനെതിരായ പോരാട്ടത്തിന് ശേഷം റഖ വിടുമെന്ന് കുര്‍ദുകളില്‍ നിന്ന് ഉറപ്പുലഭിച്ചിട്ടുണ്ടെന്നും യു.എസ് അറിയിച്ചു. എന്നാല്‍ ആയുധങ്ങള്‍ എപ്പോള്‍ നല്‍കുമെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.
ഐ.എസില്‍ നിന്ന് കൊബേനി പിടിച്ചെടുക്കുന്നതിനായി മുന്‍ പ്രസിഡന്റ് ബറാക് ഒബാമ 2014 ല്‍ കുര്‍ദുകള്‍ക്ക് ആയുധ സഹായം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."