എണ്ണവില വര്‍ധനക്കെതിരേ ഫിറോസിന്റെ 'വര' പ്രതിഷേധം
തിരൂരങ്ങാടി: കുതിച്ചുയരുന്ന എണ്ണവിലക്കെതിരേ ചിത്രംവരച്ച് പ്രതിഷേധം. വെളിമുക്ക് പടിക്കല്‍ സ്വദേശി സി.കെ ഫിറോസ് ആണ് പേപ്പറില്‍ വാട്ടര്‍ കളറില്‍ ചിത്രം ഒരുക്കി തന്റെ സര്‍ഗ്ഗാത്മകതയിലൂടെ പ്രതിഷേധത്തിന്റെ വേറിട്ട കാഴ്ചയൊരുക്കിയത്. ഇന്ധനമില്ലാത്തതിനാല്‍ വാഹനങ്ങള്‍ തള്ളിനീക്കുന്ന തന്റെ ഭാവനയാണ് വര്‍ണങ്ങളിലൂടെ പേപ്പറിലേക്ക് പകര്‍ത്തിയത്. ഒരു മണിക്കൂറോളം സമയമെടുത്താണ് ചിത്രം വരച്ചത്. പടിക്കല്‍ ടൗണ്‍ മുസ്‌ലിം യൂത്ത്‌ലീഗ് വെള്ളിയാഴ്ച സംഘടിപ്പിക്കുന്ന തള്ളല്‍ സമരത്തിന് പോസ്റ്റര്‍ തയാറാക്കാന്‍ നല്‍കിയാണ് തന്റെ പ്രതിഷേധം പൂര്‍ത്തിയാക്കിയത്.
പടിക്കല്‍ ആറങ്ങാത്തുപറമ്പ് ചോലക്കാട് മുഹമ്മദലി-നഫീസ ദമ്പതികളുടെ മകനായ ഫിറോസ് കക്കാട് സ്വകാര്യ സ്ഥാനാപനത്തിലെ ഗ്രാഫിക് ഡിസൈനറാണ്. മണ്ണ്, മണല്‍ എന്നിവ ഉപയോഗിച്ച് ചിത്രങ്ങള്‍ ഒരുക്കുന്നതിലും വിദഗ്ധനാണ് ഫിറോസ്. ഗാന്ധിജി, ടിപ്പുസുല്‍ത്താന്‍, യാസര്‍ അറഫാത്ത്, സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍, സി.എച്ച് മുഹമ്മദ്‌കോയ, പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി, സോണിയാഗാന്ധി, ജി.എം ബനാത്ത്‌വാല, ഇ. അഹമ്മദ്, അബ്ദുസ്സമദ്‌സമദാനി, കപില്‍ദേവ്, സച്ചിന്‍ തെണ്ടുല്‍ക്കര്‍, അസ്ഹറുദ്ധീന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ഷാരൂഖ്ഖാന്‍ തുടങ്ങി നിരവധി പ്രമുഖരുടെ ചിത്രങ്ങള്‍ ഫിറോസ് തയാറാക്കിയിട്ടുണ്ട്. ഗ്രാഫിക് ഡിസൈനിങിലും വീഡിയോ എഡിറ്റിങിലും വൈദഗ്ധ്യം നേടിയ ഫിറോസ് ഒരുക്കിയ സിമന്റില്‍ ഹിറാഗുഹ, പുരാതന കഅബാലയം, മസ്ജിദുന്നബവി,മസ്ജിദുല്‍ അഖ്‌സ തുടങ്ങിയവ ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."