ബാലറ്റ് പേപ്പറിനായി തെര.കമ്മിഷന്റെ പേജില്‍ പൊങ്കാല
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അന്തിമഫലം അറിയിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പിനു താഴെ പൊങ്കാല. കമ്മിഷന്‍ ബി.ജെ.പിയുടെ ബി ടീമായി പ്രവര്‍ത്തിച്ച് ജനാധിപത്യത്തെ കൊലപ്പെടുത്തിയെന്നും ബാലറ്റ് പേപ്പര്‍ തിരിച്ചുകൊണ്ടുവരണമെന്നുമുള്‍പ്പെടെയുള്ള അഭിപ്രായങ്ങളാണ് പേജില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് ഇട്ട പോസ്റ്റിന് ഇതിനകം നാല്‍പ്പതിനായിരത്തോളം കമന്റുകളാണ് പൊങ്കാല രൂപത്തിലെത്തിയത്.
ഇലക്ട്രോണിക് വോട്ടിങ് യന്ത്രം മാറ്റി പകരം ബാലറ്റ് പേപ്പര്‍ കൊണ്ടുവരണം, രാജ്യവ്യാപകമായി വീണ്ടും തെരഞ്ഞെടുപ്പ് നടത്തണം, ജനാധിപത്യം സംരക്ഷിക്കണം, വോട്ടെണ്ണാന്‍ സമയം വൈകിയാലും ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരണം, വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണം തുടങ്ങിയ ആവശ്യങ്ങളും സൈബര്‍ ആക്ടിവിസ്റ്റുകള്‍ ഉന്നയിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് രംഗം ശുദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് കമ്മിഷന്റെ പേജില്‍ നടക്കുന്ന പ്രചാരണത്തിന് മുന്നില്‍ നില്‍ക്കുന്നവരില്‍ ഭൂരിഭാഗവും മലയാളികളാണ്. കൂടുതല്‍ കമന്റുകളും ഇംഗ്ലീഷിലാണെങ്കിലും ചിലത് മലയാളത്തിലുമുണ്ട്. മുഴുവന്‍ വിവിപാറ്റുകളും എണ്ണണമെന്ന പ്രതിപക്ഷകക്ഷികളുടെ ആവശ്യം നേരത്തെ കമ്മിഷന്‍ നിരസിച്ചിരുന്നു.
ഇതുസംബന്ധിച്ച തീരുമാനം അറയിച്ച് കമ്മിഷന്‍ പോസ്റ്റ്‌ചെയ്ത കുറിപ്പിനു താഴെയും ഇത്തരത്തില്‍ കാംപയിന്‍ നടന്നിരുന്നു. അന്ന് പല കമന്റുകള്‍ക്കും കമ്മിഷന്‍ മറുപടിയും നല്‍കുകയുണ്ടായി. എന്നാല്‍, പുതിയ പോസ്റ്റിനു താഴെ നടക്കുന്ന കമന്റുകള്‍ കമ്മിഷന്‍ അവഗണിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."