HOME
DETAILS
MAL
അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകനെ ഇ.ഡി ചോദ്യംചെയ്തു
backup
October 14 2020 | 19:10 PM
ന്യൂഡല്‍ഹി: ഹത്രാസിലേക്കുള്ള യാത്രയ്ക്കിടെ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ ഉള്‍പ്പെടെയുള്ള നാലുപേരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്തു. ഇവരിലൂടെ സംശയകരമായ പണമിടപാടുകള്‍ നടന്നുവെന്ന് ഉത്തര്‍പ്രദേശ് പൊലിസ് ആരോപിച്ച പശ്ചാത്തലത്തിലാണ് ഇ.ഡി ഇന്നലെ മഥുര ജയിലിലെത്തി ചോദ്യംചെയ്തത്.
ഡല്‍ഹി വംശീയാതിക്രമം, ഹത്രാസില്‍ കലാപമുണ്ടാക്കാനുള്ള നീക്കം എന്നിവയ്ക്കായി വെബ്‌സൈറ്റിലൂടെ പ്രചാരണം നടത്തി പണം സ്വരൂപിച്ചുവെന്ന് യു.പി പൊലിസ് എഫ്.ഐ.ആറില്‍ ആരോപിച്ചിരുന്നു. ഡല്‍ഹി വംശീയാതിക്രമവുമായി ബന്ധപ്പെട്ട പണമിടപാടുകള്‍ അന്വേഷിക്കുന്ന അതേസംഘം തന്നെയാണ് ഇവരെയും ചോദ്യംചെയ്തത്. ഇതിനായി നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് മഥുര കോടതിയില്‍നിന്ന് അനുമതി നേടിയിരുന്നു.
സിദ്ദീഖ് കാപ്പനൊപ്പം അറസ്റ്റ് ചെയ്യപ്പെട്ടവരിലൊരാളായ മസൂദ് അഹമ്മദ് പോപുലര്‍ ഫ്രണ്ട് അംഗമാണെന്നും അയാളുടെ അക്കൗണ്ടിലേക്ക് പണം വന്നിട്ടുണ്ടെന്നുമാണ് ഇതിനായി നല്‍കിയ അപേക്ഷയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. മുസഫ്ഫര്‍ നഗര്‍ സ്വദേശിയും കാംപസ് ഫ്രണ്ട് ദേശീയ ട്രഷററുമായ അത്തീഖുര്‍റഹ്മാന്‍, കാര്‍ ഡ്രൈവര്‍ രാംപൂര്‍ സ്വദേശി ആലം എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.
യു.എ.പി.എയുടെ 17, 14 വകുപ്പുകളും 124എ (രാജ്യദ്രോഹം) വകുപ്പുകളുമാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ഭീകരപ്രവര്‍ത്തനത്തിന് ഫണ്ട് സ്വരൂപിക്കുന്ന കുറ്റത്തിനുള്ള വകുപ്പാണ് യു.എ.പി.എയുടെ 17. അതോടൊപ്പം ഐ.പി.സി 153എ, 295എ (മതവികാരം വ്രണപ്പെടുത്താന്‍ ബോധപൂര്‍വം ശ്രമങ്ങള്‍ നടത്തുക) ഐ.ടി ആക്ട് 2008ലെ സെക്ഷന്‍ 65 (കംപ്യൂട്ടര്‍ സോഴ്‌സ് രേഖകള്‍ തിരുത്തുക), 72 (ആശയവിനിയമ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് നിന്ദ്യമായ സന്ദേശങ്ങള്‍ അയക്കുക), 76 (സ്വകാര്യതാ ലംഘനം നടത്തുക) എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."