യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കുഴിയുണ്ട്, സൂക്ഷിക്കുക
ബോവിക്കാനം: പൈപ്പ് ലൈനിലെ ജല ചോര്‍ച്ചയടക്കാന്‍ എടുത്ത കുഴി യാത്രക്കാര്‍ക്ക് അപകട ഭീഷണിയുയര്‍ത്തുന്നു. ചെര്‍ക്കള-ജാല്‍സൂര്‍ അന്തര്‍ സംസ്ഥാന പാതയ്ക്കരികിലെ ബോവിക്കാനത്ത് വില്ലേജ് ഓഫിസിനു മുന്‍വശം മൂടാതെ കിടക്കുന്ന കുഴിയാണു യാത്രക്കാര്‍ക്കു ഭീഷണിയായി നില കൊള്ളുന്നത്.
മൂന്നു മാസം മുന്‍പ് ജല അതോറിറ്റി അധികൃതര്‍ പൈപ്പ് ലൈന്‍ നന്നാക്കുന്നതിനു വേണ്ടി കുഴിച്ച കുഴിയാണ് മൂടാതെ കിടക്കുന്നത്.
ദിവസേന നൂറു കണക്കിനാളുകള്‍ കാല്‍നടയായും നിരവധി വാഹനങ്ങളും കടന്നു പോകുന്ന റോഡരികിലാണ് അധികൃതര്‍ കുഴി എടുത്തത്. പൈപ്പ് ലൈനിന്റെ തകരാര്‍ പരിഹരിച്ചു മാസങ്ങള്‍ കഴിഞ്ഞിട്ടും കുഴി മൂടാത്തതിനാല്‍ ഇവിടെ ഇരുചക്രവാഹനങ്ങളും കാല്‍നടയാത്രക്കാരും അപകടത്തില്‍പെടുന്നത് പതിവായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഒരു ബൈക്ക് യാത്രക്കാരനു കുഴിയില്‍ വീണു പരുക്കേറ്റിരുന്നു.
തെരുവുവിളക്ക് ഇല്ലാത്തതിനാല്‍ രാത്രിയില്‍ ഇതിലൂടെ നടന്നുപോകുന്നവരാണ് കൂടുതലും അപകടത്തില്‍പെടുന്നത്.
വാഹനങ്ങള്‍ക്കും വഴിയാത്രക്കാര്‍ക്കും ഭീഷണിയായി മാറിയ റോഡരികിലെ കുഴി നികത്താന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."