സാംസ്‌കാരിക തലസ്ഥാനത്ത് ഒഴുകുന്നത് ചോരപ്പുഴ
സാംസ്‌കാരിക തലസ്ഥാനമെന്ന ഖ്യാതിയാണ് തൃശൂരിനെ ഇതര ജില്ലകളില്‍ നിന്നും വേറിട്ട് നിര്‍ത്തുന്നത്. അത്രമേല്‍ സഹിഷ്ണുതയും വൈവിധ്യമാര്‍ന്നതുമാണ് തൃശൂരിന്റെ പൈതൃകം. സംസ്ഥാനത്തിന്റെ പുണ്യമായി തീര്‍ന്ന സാഹിത്യ, സാംസ്‌കാരിക, രാഷ്ട്രീയ മഹാരഥന്‍മാര്‍ക്ക് ജന്മം നല്‍കാനും തൃശൂരിന് ഭാഗ്യം ലഭിച്ചു. സി.പി അച്യുതമേനോന്‍, ആറ്റൂര്‍ കൃഷ്ണപ്പിഷാരടി, ജോസഫ് മുണ്ടശ്ശേരി, നാലപ്പാട്ട് നാരായണമേനോന്‍, ബാലാമണിയമ്മ, കമലാ സുരയ്യ, സി. അച്യുതമേനോന്‍ എന്നിങ്ങനെ പോകുന്നു ആ പ്രഗത്ഭനിര.
കേരളത്തിന്റെ സാഹിത്യ - സാംസ്‌കാരിക കേന്ദ്രങ്ങളായ സാഹിത്യ അക്കാദമി, കലാമണ്ഡലം, സംഗീത നാടക അക്കാദമി, ലളിതകലാ അക്കാദമി, ഉണ്ണായിവാര്യര്‍ സ്മാരകം, അപ്പന്‍ തമ്പുരാന്‍ സ്മാരകം തുടങ്ങി നിരവധി സ്ഥാപനങ്ങളും ഈ നഗരത്തിന്റെ നിത്യചൈതന്യമായാണ് നിലകൊള്ളുന്നത്.അത്തരമൊരു ജില്ലയിലാണിന്ന് കൊലപാതക പരമ്പരകള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്ന വസ്തുത ഏതൊരു മനുഷ്യസ്‌നേഹിയേയും നൊമ്പരപ്പെടുത്തുന്നതാണ്.
ഏതു നിമിഷവും താന്‍ കൊല ചെയ്യപ്പെട്ടേക്കാമെന്ന ഭീതിയിലാണ് ഇന്ന് തൃശൂരിലെ സാധാരണക്കാര്‍. ഒരു കത്തിമുനയില്‍ ഏതു നിമിഷവും തീരാവുന്ന വിധം അരക്ഷിതമായിരിക്കുന്നു തൃശൂര്‍ പട്ടണത്തിലേയും സമീപ പ്രദേശങ്ങളിലേയും മനുഷ്യരുടെ ജീവിതം. അര്‍ധരാത്രിയുടെ മറവിലായിരുന്നു നേരത്തെ ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടലുകള്‍ ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് പട്ടാപ്പകല്‍ ആളുകള്‍ നോക്കിനില്‍ക്കെ, മുന്‍പില്‍പ്പെട്ട ഇരയെ നിഷ്‌കരുണം വെട്ടിമുറിക്കാന്‍ കൊലയാളികള്‍ക്ക് കരളുറപ്പ് കൂടിയിരിക്കുന്നു. കഴിഞ്ഞ പത്തു ദിവസത്തിനുള്ളില്‍ എട്ടുപേര്‍ തൃശൂരിലും പരിസര പ്രദേശങ്ങളിലുമായി കൊലക്കത്തിക്കിരയായി എന്നത് തന്നെ ഈ യാഥാര്‍ഥ്യം അരക്കിട്ട് ഉറപ്പിക്കുന്നു. ഗുണ്ടാ മാഫിയ ഏറ്റുമുട്ടലുകളിലാണ് ഏറെയും പേര്‍ കൊല്ലപ്പെട്ടത്. വ്യക്തികള്‍ തമ്മിലുണ്ടാകുന്ന നിസാരമായ വാക്ക് തര്‍ക്കങ്ങള്‍ പോലും കൊലപാതകങ്ങളില്‍ അവസാനിക്കുന്നുവെന്നത് ആശങ്കയുളവാക്കുന്നു.
ഒരു കൊലപാതകക്കേസിലെ പ്രതി ജാമ്യത്തില്‍ ഇറങ്ങിയാല്‍ കൊല ചെയ്യപ്പെട്ടവന്റെ ബന്ധുക്കള്‍ അവനെ വകവരുത്തുന്നു. ഇത്തരം കൊലപാതകങ്ങള്‍ക്ക് രാഷ്ട്രീയ നിറം കൊടുക്കുന്നത് അസ്ഥാനത്തായിരിക്കും. കൊല്ലുന്നവനും കൊല ചെയ്യപ്പെടുന്നവനും ഒരുപക്ഷേ വ്യത്യസ്ത രാഷ്ടീയ പാര്‍ട്ടികളുടെ പ്രവര്‍ത്തകരായിരിക്കാം. എന്നാല്‍ അപരന്‍ വച്ച് പുലര്‍ത്തുന്ന രാഷ്ട്രീയാശയത്തിന്റെ പേരിലല്ല അയാള്‍ വടിവാളില്‍ തീരുന്നത്. ഗുണ്ടാസംഘങ്ങളുടേയും മയക്ക് മരുന്ന്-കഞ്ചാവ് മാഫിയാ സംഘങ്ങളുടെയും ഒടുങ്ങാത്ത കുടിപ്പകയാണ് ദിനേനയെന്നോണം ഇപ്പോള്‍ തൃശൂരില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന കൊലപാതക പരമ്പരകളുടെ അടിസ്ഥാന കാരണം. തൊണ്ണൂറുകളിലും ഇതേപോലെ തൃശൂരിലും പ്രാന്തപ്രദേശങ്ങളിലും കൊലപാതകങ്ങള്‍ നടന്നിരുന്നു. നിരവധി ചെറുപ്പക്കാര്‍ക്കാണ് അന്ന് ജീവന്‍ വെടിയേണ്ടിവന്നത്. അന്ന് പൊലിസ് ഗുണ്ടകളെയും മാഫിയ സംഘങ്ങളെയും ശക്തമായി നേരിട്ടതിന്റെ ഫലമായി മാഫിയ- ഗുണ്ടാ തേര്‍വാഴ്ചക്ക് ശമനം ഉണ്ടായിരുന്നു. ഇന്ന് എന്തു കൊണ്ടോ പൊലിസ് പണ്ടത്തെപ്പോലെ മാഫിയ ഗുണ്ടാ സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ രംഗത്തിറങ്ങുന്നില്ല. സേനയുടെ ജോലിഭാരമായിരിക്കാം ഇത്തരം കാര്യങ്ങളില്‍ നിതാന്ത ജാഗ്രത പുലര്‍ത്താന്‍ പൊലിസിന് കഴിയാതെ പോകുന്നത്. ഇപ്പോള്‍ നടന്ന എട്ട് കൊലപാതകങ്ങളിലേയും പ്രതികളെ പെട്ടെന്ന് പിടികൂടാന്‍ പൊലിസിന് കഴിഞ്ഞിട്ടുണ്ട് എന്നത് വിസ്മരിക്കുന്നില്ല. പക്ഷേ ആശങ്ക തീരുന്നില്ലല്ലോ? ചോരപ്പുഴയുടെ ഒഴുക്ക് നിലയ്ക്കുന്നുമില്ല.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ 158 പേരാണ് തൃശൂരില്‍ കൊല്ലപ്പെട്ടതെന്ന് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കില്‍ പറയുന്നു. ഈ വര്‍ഷമാകട്ടെ 28 പേരും തൃശൂരില്‍ കൊലക്കത്തിക്കിരയായി. ഇതെല്ലാം ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളിലായിരുന്നു. ഇപ്പോള്‍ നടന്ന എട്ട് കൊലപാതകങ്ങളില്‍ ഒന്ന് പൊലിസ് മര്‍ദനത്താല്‍ സംഭവിച്ചതാണ്. അമ്പിളിക്കല കൊവിഡ് കെയര്‍ സെന്ററില്‍ കഞ്ചാവ് കേസിലെ പ്രതി തിരുവനന്തപുരം സ്വദേശി ഷമീര്‍ കൊല്ലപ്പെട്ടത് ജയില്‍ ജീവനക്കാരുടെ മര്‍ദനത്തെത്തുടര്‍ന്നായിരുന്നു. ജയില്‍ മര്‍ദനക്കേസുകളില്‍ പൊലിസ് അടുത്തിടെ ശിക്ഷക്ക് വിധേയമായിക്കൊണ്ടിരുന്നിട്ടും പൊലിസിലെ ഒരു വിഭാഗം ഇപ്പോഴും മൂന്നാംമുറ ഉപേക്ഷിക്കാന്‍ തയാറാവുന്നില്ല എന്നതും ഇതോടൊപ്പം ഓര്‍മിക്കേണ്ടതുണ്ട്.
ഗുണ്ടാ-മാഫിയ സംഘങ്ങളെ അമര്‍ച്ച ചെയ്യുന്നതില്‍ പൊലിസിനുണ്ടായ വീഴ്ചയാണ് ഇത്രയും ചുരുങ്ങിയ ദിവസത്തിനുള്ളില്‍ എട്ടുപേര്‍ തൃശൂരില്‍ മരിക്കാനിടയായത് എന്നുവേണം കരുതാന്‍. ഇതില്‍ അന്‍പത് ശതമാനവും ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള പക പോക്കലിന്റെ ഭാഗമായി സംഭവിച്ചതാണ് താനും. പിടിയിലാകുന്ന പ്രതികള്‍ ഒരു മാസത്തിനകം തന്നെ ജാമ്യം കിട്ടി പുറത്തുവരുന്നതും കൊലപാതകങ്ങള്‍ക്ക് ആക്കം കൂട്ടുന്നു.
നിയമത്തെ നോക്കു കുത്തിയാക്കി മാഫിയാ സംഘങ്ങള്‍ നിയമം കൈയിലെടുക്കുമ്പോള്‍ സാധാരണക്കാരന്റെ ജീവിതമാണ് ദുസഹമാകുന്നത്. കൊവിഡ് ഭയാശങ്കകള്‍ക്കൊപ്പം മാഫിയാ സംഘങ്ങളെയും പേടിച്ച് ജീവിക്കേണ്ടി വരിക എന്നത് എന്തു മാത്രം ഭയാനകമാണ്. വടിവാളുമായി വിലസുന്ന ഗുണ്ടകളുടെ കാരുണ്യത്തില്‍ നിലനിര്‍ത്തേണ്ടതല്ലല്ലോ സാധാരണ മനുഷ്യന്റെ ജീവിതം.
വൈകിയാണെങ്കിലും തൃശൂര്‍ റെയ്ഞ്ച് ഐ.ജി എസ്. സുരേഷിന്റെ നേതൃത്വത്തില്‍ ഗുണ്ടകളുടെ താവളങ്ങളില്‍ റെയ്ഡ് നടത്താനിറങ്ങിയത് ആശാവഹമാണ്. ഇതിനകം നിരവധി പേരെ കസ്റ്റഡിയിലെടുക്കാനും മാരകായുധങ്ങള്‍ കണ്ടെടുക്കാനും കഴിഞ്ഞുവെന്നതും ആശ്വാസകരം തന്നെ. പക്ഷേ ഈ താല്‍ക്കാലിക നടപടികള്‍ കൊണ്ട് മാഫിയ ഗുണ്ടാസംഘങ്ങളുടെ വേരറുക്കാന്‍ കഴിയുമോ? ഈ മുട്ടുശാന്തി നടപടികള്‍ അവസാനിച്ചാല്‍ ഗുണ്ടകള്‍ നാളെയും തലപൊക്കും. ചോരപ്പുഴ പിന്നെയും ഒഴുകും. പൊലിസിന്റെ നിയമങ്ങളും ചട്ടങ്ങളും കാലത്തിനൊത്ത് പരിഷ്‌കരിച്ചാല്‍ മാത്രമേ സംസ്ഥാനത്ത് തഴച്ചു വളരുന്ന കഞ്ചാവ്-മയക്ക് മരുന്ന് മാഫിയകളെയും ഗുണ്ടാസംഘങ്ങളെയും വേരോടെ പിഴുതെറിയാനാകൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."