തൊഴില്‍ മേഖലയുടെ മ്ലാനത
മതിയായ മുന്നൊരുക്കങ്ങളില്ലാതെയുള്ള കേന്ദ്രസര്‍ക്കാരിന്റെ ലോക്ക്ഡൗണ്‍ പ്രഖ്യാപനം കനത്ത ആഘാതമുണ്ടാക്കിയത് തൊഴില്‍വിപണിയിലായിരുന്നു. ഇത് താല്‍ക്കാലികമോ നിസ്സാരമോ അല്ലെന്ന് തിരിച്ചറിയണം. 2020 ഓഗസ്റ്റ് രണ്ടാം വാരത്തില്‍ സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമി (സി.എം.ഐ.ഇ) എന്ന ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത് 2020 ഫെബ്രുവരി - ഏപ്രില്‍ കാലയളവില്‍ തൊഴിലില്ലായ്മയിലുണ്ടായ വര്‍ധനവ് 7.76 ശതമാനത്തില്‍ നിന്ന് 23.52 ശതമാനത്തിലേക്കാണെന്നാണ്. ലോക്ക്ഡൗണ്‍ ഭാഗികമായി പിന്‍വലിച്ചതിനെ തുടര്‍ന്ന് ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് ജൂലൈയില്‍ തൊഴിലില്ലായ്മാ നിരക്ക് 7.43 ശതമാനത്തിലേക്ക് താഴുകയായിരുന്നു. ഗ്രാമീണ മേഖലയിലാണ് നഗരമേഖലയേക്കാള്‍ മെച്ചപ്പെട്ട നിലവാരത്തിലെത്തിയത്. അതായത് 6.66 ശതമാനത്തിലേക്ക്. ഇതേത്തുടര്‍ന്ന് ഔദ്യോഗിക വൃത്തങ്ങളില്‍നിന്നുണ്ടായ പ്രതികരണം തൊഴില്‍ വിപണിയുടെ പുനരുദ്ധാരണത്തിന് ഗ്രാമങ്ങള്‍ നേതൃത്വം നല്‍കുമെന്നായിരുന്നു. ഇത് അതിരുകടന്ന ആത്മവിശ്വാസത്തിന്റെ പ്രതിഫലനമാണെന്ന് വൈകാതെ ബോധ്യപ്പെടുകയും ചെയ്തു. 2020 ജൂലൈ അവസാനത്തിനും ഓഗസ്റ്റ് 18നും ഇടക്ക് തൊഴിലില്ലായ്മ നിരക്ക് 6.6ല്‍ നിന്ന് 7.56 ശതമാനത്തിലേക്ക് ഉയര്‍ന്നു. പൊടുന്നനെ എന്ന് വിശേഷിപ്പിക്കാവുന്ന ഈ മാറ്റത്തിന് അടിസ്ഥാനപരമായി ചൂണ്ടിക്കാട്ടുന്നത്, തൊഴിലവസരസൃഷ്ടി പ്രധാനമായും ഗ്രാമീണമേഖലയിലാണ് നടന്നുവരുന്നതെന്നാണ്. കാര്‍ഷിക മേഖലയിലെ പ്രവര്‍ത്തനങ്ങളില്‍ ആദ്യഘട്ടം പൂര്‍ത്തീകരിക്കപ്പെടുന്നതോടെ അവിടെ തൊഴില്‍ അവസരങ്ങളില്‍ ഇടിവുണ്ടാകുമെന്ന വ്യാഖ്യാനമാണ്. ഇത് ഒരു പരിധിവരെ ശരിയായിരിക്കാം. മാത്രമല്ല, ഇന്ത്യയിലെ കാര്‍ഷിക മേഖല ഭാഗ്യവശാല്‍ നടപ്പുവര്‍ഷത്തില്‍ മികച്ച നിലയിലാണ്. അതേസമയം സമ്പദ്‌വ്യവസ്ഥയുടെ പുനരുജ്ജീവനത്തിന് കാര്‍ഷികമേഖലാ വികസനം കൊണ്ടുമാത്രം കഴിയില്ലെന്ന യാഥാര്‍ഥ്യം നിലനില്‍ക്കുന്നു.
ഭരണരംഗത്തും നയ രൂപീകരണ മേഖലയിലുമുള്ളവര്‍ ചെയ്യേണ്ടത് സമ്പദ്‌വ്യവസ്ഥയെ മേഖല അടിസ്ഥാനത്തില്‍ നിരീക്ഷിക്കുന്നതിനു പകരം കാര്‍ഷിക മേഖലയില്‍ നിലനില്‍ക്കുന്ന വികസനം ഉറപ്പുവരുത്തുന്നതിനൊപ്പം വ്യാവസായിക സേവന മേഖലകളുടെ വികസനം കൂടി കണക്കിലെടുത്തുള്ള സമഗ്രമായ കാഴ്ചപ്പാട് രൂപീകരിക്കുകയാണ്. എങ്കില്‍ മാത്രമേ തൊഴിലില്ലായ്മക്ക് കടിഞ്ഞാണിടാന്‍ സാധിക്കൂ.
തൊഴില്‍ മേഖലയില്‍ നിലനില്‍ക്കുന്ന സ്ഥിതി കൂടുതല്‍ ആശങ്കയുയര്‍ത്തുന്നതാണ്. ഏറ്റവുമൊടുവില്‍ ഏഷ്യന്‍ വികസന ബാങ്ക് (എ.ഡി.ബി) റിപ്പോര്‍ട്ടും ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ (ഐ.എല്‍.ഒ) പഠനരേഖയും വെളിവാക്കുന്നത്, കൊവിഡിന് ആറ് മാസത്തിനുള്ളില്‍ പരിഹാരം കണ്ടെത്തിയിട്ടില്ലെങ്കില്‍ 2020 ല്‍ 15-24 വയസ് പ്രായപരിധിയില്‍ പെടുന്ന 6.1 മില്യണ്‍ യുവാക്കള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നാണ് (ബിസിനസ് സ്റ്റാന്റേഡ് ഓഗസ്റ്റ് 19. 2020). ഇന്ത്യക്ക് പിന്നില്‍ 2.3 മില്യണ്‍ തൊഴില്‍ രഹിതരുമായി പാകിസ്താനുമുണ്ടാകും. ഏഷ്യന്‍ പസഫിക്ക് മേഖലയില്‍ 13 രാജ്യങ്ങളിലായി 14.8 മില്യണ്‍ യുവാക്കള്‍ക്കാണ് തൊഴിലവസരം ഇല്ലാതാവുക. ഇന്ത്യയില്‍ തൊഴില്‍രഹിതരുടെ നിരക്ക് വര്‍ഷാവസനത്തോടെ 32.5 ശതമാനത്തിലെത്തും. ശ്രീലങ്കയുടേത് 37.8 ശതമാനമായിരിക്കും. ഇന്ത്യയില്‍ തൊഴില്‍ നഷ്ടമുണ്ടാവുക കാര്‍ഷിക നിര്‍മാണ മേഖലകളിലായിരിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഔപചാരിക മേഖലയില്‍ വന്‍ തൊഴിലില്ലായ്മയാണ് കാണുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് മാസശമ്പളക്കാര്‍ക്ക് തൊഴിലവസരങ്ങളില്‍ 22 ശതമാനം (18.9 മില്യണ്‍) ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചില മേഖലകളില്‍ തൊഴില്‍ നഷ്ടം കൂടുന്ന സാഹചര്യത്തില്‍ തൊഴിലവസരങ്ങള്‍ വെട്ടിച്ചുരുക്കാനോ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ചുരുക്കാനോയുള്ള ശ്രമം നടക്കുകയാണ്. അത്തരം മാറ്റങ്ങള്‍ തൊഴില്‍ മേഖലയുടെ ഘടനയില്‍തന്നെ മാറ്റം വരുത്തിയേക്കും. മാസശമ്പളക്കാര്‍ക്കുള്ള തൊഴിലവസരങ്ങള്‍ തിരിച്ചുപിടിക്കുക പ്രയാസകരമാവും.
വേതനം വെട്ടിക്കുറക്കലും മരവിപ്പിക്കലും ട്രേഡ് യൂനിയനുകളെ പ്രത്യക്ഷ സമരത്തിന് നിര്‍ബന്ധിച്ചേക്കും. വേതന നഷ്ടത്തോടൊപ്പം ജിവനക്കാരുടെ ആരോഗ്യസുരക്ഷ അടക്കമുള്ള സാമൂഹിക സൗകര്യങ്ങളിലും കുത്തനെ ഇടിവുണ്ടാകും. ഇത്തരം സംഭവവികാസങ്ങളുടെ ആഘാതമുണ്ടാകുന്നത് ഉല്‍പാദന മേഖലയിലായിരിക്കും. ഇത് സാമ്പത്തിക പുനരുദ്ധാരണ സാധ്യതകള്‍ക്ക് തടസം സൃഷ്ടിക്കാനും സാധ്യതയുണ്ട്.
ഏറ്റവുമൊടുവില്‍ ലഭ്യമായ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത് ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ചാ നിരക്ക് നെഗറ്റീവ് മേഖലയിലേക്ക് എത്തിക്കഴിഞ്ഞെന്നാണ്. എല്ലാ പ്രമുഖ റേറ്റിങ് ഏജന്‍സികള്‍ക്കും ഇക്കാര്യത്തില്‍ ഏകാഭിപ്രായമാണുള്ളത്. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ പ്രതീക്ഷിച്ച വളര്‍ച്ചാ നിരക്ക് 6.8 ശതമാനമായിരുന്നെങ്കിലും ഇപ്പോള്‍ 10.9 ശതമാനത്തിലെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 2020 ഏപ്രില്‍- ജൂണ്‍ കലയളവില്‍ ഇത് 23.9 ശതമാനംവരെയായിരുന്നു. പക്ഷേ, ബാങ്ക് ഓഫ് ബറോഡയുടെ നിരീക്ഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍ ജി.ഡി.പി വളര്‍ച്ചാ നിരക്ക് 6.8 ശതമാനമായിരിക്കുമെന്നാണ്. ജി.ഡി.പിയുടെ തുടര്‍ച്ചയായ ഇടിവിനുള്ള ഏക പരിഹാരം സാധാരണ ജനങ്ങളുടെ ക്രയശേഷിയും ഡിമാന്‍ഡും ഉയര്‍ത്തുന്നതിനാവിശ്യമായ നിക്ഷേപം വര്‍ധിപ്പിക്കുകയെന്നതാണ്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വേറെ കുറുക്കുവഴികളില്ല.
വരുമാനത്തിലും തൊഴിലവസരങ്ങളിലും ഇപ്പോള്‍ സംഭവിച്ചിട്ടുള്ള ഇടിവ് കൊവിഡാനന്തരകാലയളവില്‍ രൂപം നല്‍കാന്‍ ഉദ്ദേശിക്കുന്ന സാമ്പത്തിക ഉത്തേജന നടപടികളിലൂടെ ഒരു പരിധിവരെയെങ്കിലും പിടിച്ചുനിര്‍ത്താന്‍ കഴിയുമെന്നാണ് കരുതേണ്ടത്. ഈ മഹാമാരിയെ അര്‍ഥവത്തായ നിലയില്‍, അര്‍ഹിക്കുന്ന ഗൗരവത്തോടെ കൈകാര്യം ചെയ്യുകയാണ് ഏക പോംവഴി. കൂടെ അനുയോജ്യമായ പരിസ്ഥിതി സംരക്ഷണ നടപടികള്‍ കണക്കിലെടുത്തുള്ള വികസന രൂപരേഖ തയാറാക്കുകയും അത് പ്രാവര്‍ത്തികമാക്കുകയും വേണം. അല്ലാത്തപക്ഷം നെഗറ്റീവ് സോണിലെത്തിയിരിക്കുന്ന വികസനനിരക്ക് കൂടുതല്‍ ഗുരുതരമാവും. കാര്‍ഷിക, സേവന മേഖലകളില്‍ കാണുന്ന 'ഗ്രീന്‍ സിഗ്നലുകള്‍' സ്ഥിരമായി തുടരുന്നതാണെന്ന് കണക്കുകൂട്ടുന്നത് മൗഢ്യമായിരിക്കും. സമ്പദ്‌വ്യവസ്ഥയുടെ ശാശ്വത വികസനത്തിനും പൊതുവായ തൊഴിലവസര സൃഷ്ടിക്കും പ്രൈമറി, സെക്കന്‍ഡറി, ടേര്‍ഷറി മേഖലകളുടെ ഏകോപനത്തിനും സമഗ്രമായൊരു വികസന പരിപ്രേക്ഷ്യമാണ് ഉണ്ടാവേണ്ടത്. മറിച്ചായാല്‍ വികസനമെന്നത് മരീചികയായി തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."