കാര്യങ്കോടു പുഴയുടെ കരയിടിച്ചില്‍ തടയാനുള്ള നടപടി തുടങ്ങി
നീലേശ്വരം: കാര്യങ്കോടു പുഴയുടെ കരയിടിച്ചില്‍ ഭീഷണി നേരിടുന്ന പ്രദേശങ്ങളിലെ കരയിടിച്ചില്‍ തടയാന്‍ നടപടി തുടങ്ങി. കാര്യങ്കോട്, മുണ്ടേമ്മാട്, ചാത്തമത്ത്, അച്ചാംതുരുത്തി എന്നിവിടങ്ങളിലെ കരയിടിച്ചില്‍ തടയാനുള്ള നടപടികളാണ് ജലവിഭവ വകുപ്പ് ആരംഭിച്ചത്.
നിലവില്‍ കാര്യങ്കോട് റെയില്‍പാലത്തിനു മേലേ ഭാഗത്തായി വലതുകര സംരക്ഷണ പ്രവൃത്തി നടന്നു വരുകയാണ്. മുണ്ടേമ്മാട് ദ്വീപില്‍ കാര്യങ്കോടു പുഴയുടെ സംരക്ഷണ പ്രവൃത്തിയും ആരംഭിച്ചിട്ടുണ്ട്. സംരക്ഷണ ഭിത്തി നിര്‍മിക്കാനുള്ള കരിങ്കല്ലുകള്‍ ഇതിനകം ഇറക്കിക്കഴിഞ്ഞു.
ചാത്തമത്ത്, കാര്യങ്കോട്, അച്ചാംതുരുത്തി എന്നിവിടങ്ങളിലെ കരയിടിച്ചില്‍ തടയുന്നതിനുള്ള എസ്റ്റിമേറ്റ് തയാറാക്കി വരുകയാണ്. കയ്യൂര്‍ അരയാക്കടവിന്റെ ഇരുകരകളുടെ സംരക്ഷണത്തിനായുള്ള എസ്റ്റിമേറ്റും ഇതോടൊപ്പം തയാറാക്കുന്നുണ്ട്. എം രാജഗോപാലന്‍ എം.എല്‍.എയുടെ ഇടപെടലിനെ തുടര്‍ന്നാണ് ഇതിനുള്ള നടപടികള്‍ തുടങ്ങിയത്. കാര്യങ്കോട് പ്രദേശത്ത് പതിനഞ്ചോളം കുടുംബങ്ങള്‍ കരയിടിച്ചിലിന്റെ ഭീഷണി നേരിടുന്നവരാണ്. മുന്നൂറോളം മീറ്റര്‍ നീളത്തില്‍ ഇവിടെ കരയിടിഞ്ഞിട്ടുണ്ട്. വീടുകളും ഭീഷണിയിലായിരുന്നു. അനധികൃത പൂഴി വാരലിനെ തുടര്‍ന്നാണു മുണ്ടേമ്മാട് ദ്വീപിലെ കരയിടിയുന്നത്. തെങ്ങുകളും മറ്റും കടപുഴകുന്ന സ്ഥിതിയിലാണ്. നൂറോളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."