ഈഡനിലെ കയ്പ്പുനീര്‍
ഇന്ത്യന്‍ ക്രിക്കറ്റിനും ലോകക്രിക്കറ്റിനും മറക്കാനാകാത്ത ഒരുപാട് ചരിത്ര മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച സ്റ്റേഡിയമാണ് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍. 1987ല്‍ ഇംഗ്ലണ്ടിനെ ഫൈനലില്‍ മറികടന്ന ആസ്‌ത്രേലിയ ആദ്യമായി ലോകകിരീടം ചൂടിയത് ഈഡന്‍ ഗാര്‍ഡനിലായിരുന്നു. അതേ ഈഡന്‍ ഗാര്‍ഡനില്‍ വച്ചായിരുന്നു 15 തുടര്‍ ടെസ്റ്റ് വിജയങ്ങളുമായി അപ്രമാദിത്വം തുടരുകയായിരുന്ന ആസ്‌ത്രേലിയയെ ഇന്ത്യയുടെ ലക്ഷ്മണും ദ്രാവിഡും ചേര്‍ന്ന് ക്ലാസിക് ഇന്നിങ്‌സിലൂടെ പിടിച്ചു കെട്ടിയത്. സംഭവ ബഹുലമായിരുന്നു അത്. 2001ല്‍ മൂന്നു ടെസ്റ്റ് പരമ്പരകളും അഞ്ച് ഏകദിന മത്സരങ്ങള്‍ക്കുമായി എത്തിയ ആസ്‌ത്രേലിയന്‍ ടീം വാങ്കഡയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ തരിപ്പണമാക്കി. എന്നാല്‍ ഈഡനിലെ രണ്ടാമത്തെ ടെസ്റ്റില്‍ ഇന്ത്യ ചുട്ട മറുപടി നല്‍കി. വി.വി.എസ് ലക്ഷ്മണും ഇന്ത്യന്‍ മതില്‍ രാഹുല്‍ ദ്രാവിഡിന്റെയും റെക്കോര്‍ഡ് റണ്‍സിന്റെ കൂട്ടുകെട്ടിനു മുന്‍പില്‍ ഷെയ്ന്‍ വോണ്‍ ഉള്‍പ്പെടുന്ന പേരുകേട്ട ആസ്‌ത്രേലിയന്‍ ബൗളിങ്‌നിര വെറും കാഴ്ചക്കാരായി. 281 റണ്‍സുമായി ലക്ഷ്മണനും 183 റണ്‍സുമായി ദ്രാവിഡും കളം വാണു കളിച്ചപ്പോള്‍ ഈഡനില്‍ റണ്ണൊഴുകി. ഒരു ഘട്ടത്തില്‍ ഇന്നിങ്‌സ് തോല്‍വിയുടെ വക്കിലെത്തിയ ഇന്ത്യന്‍ ടീം ആസ്‌ത്രേലിയയെ ഈഡനില്‍ മറികടന്നു. ഈഡനില്‍ ജയിച്ചതിന്റെ ആത്മ വിശ്വാസത്തില്‍ മൂന്നാം അങ്കത്തിന് ചെപ്പോക്കിലിറങ്ങിയ ഇന്ത്യ അവിടെയും വിജയം ആവര്‍ത്തിച്ചു.
ഇന്ത്യ- ശ്രീലങ്ക സെമിഫൈനല്‍
ഇന്ത്യന്‍ വിജയം നേരിട്ടു കാണാനെത്തിയ പതിനായിരങ്ങള്‍, അവര്‍ക്കു മുന്നില്‍ പ്രതീക്ഷ നല്‍കി ബാറ്റ് ചെയ്യുന്ന സച്ചിന്‍, വിജയം ഇന്ത്യയുടെ കൈപിടിയിലായെന്നു തോന്നിയ നിമിഷം. പെട്ടെന്നായിരുന്നു എല്ലാം മാറി മറഞ്ഞത്. പിന്നീടങ്ങോട്ടു സംഭവിച്ചത് ഇന്ത്യന്‍ ക്രിക്കറ്റിനും ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്കും ഒരുകാലത്തും മറക്കാന്‍ കഴിയാത്ത കരിനിഴലായിരുന്നു.
ടോസ് ജയിച്ച ഇന്ത്യന്‍ നായകന്‍ അസ്ഹറുദ്ദീന്‍ ശ്രീലങ്കയെ ബാറ്റിങ്ങിനയച്ചു. റണ്ണൊഴുകുന്ന ഈഡന്‍ ഗാര്‍ഡനില്‍ ലങ്ക എട്ടു വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സ് നേടി. സച്ചിന്റെ ഒറ്റയാള്‍ പ്രകടനമായിരുന്നു ഇന്ത്യയുടെ മറുപടി. മികച്ച തുടക്കമായിരുന്നു സച്ചിന്‍ നല്‍കിയത്. എന്നാല്‍ അര്‍ധ സെഞ്ചുറി നേടിയ സച്ചിന്‍ മടങ്ങിയതിനു ശേഷം ഇന്ത്യയുടെ നില പരുങ്ങലിലായി. ഒരു ഘട്ടത്തില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സെന്ന നിലയിലായിരുന്ന ഇന്ത്യന്‍ സ്‌കോര്‍ സച്ചിന്‍ മടങ്ങിയതിനു ശേഷം എട്ടിന് 120 എന്ന നിലയിലേക്ക് കൂപ്പുകുത്തി. ക്രീസില്‍ കുംബ്ലെയും കാംബ്ലിയും. ജയിച്ചു എന്നു കരുതിയ മത്സരം വളരെ പെട്ടന്നു കൈയില്‍ നിന്നു വഴുതിപ്പോകുന്നത് ഉള്‍ക്കൊള്ളാനുള്ള മാനസിക നിലയില്ലായിരുന്നു ഈഡന്‍ ഗാര്‍ഡനിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക്. വികാരം അണപൊട്ടി. കൈയില്‍ കരുതിയ പ്ലാസ്റ്റിക്ക് കുപ്പികളും ഭക്ഷണസാധനങ്ങളും ഗ്രൗണ്ടിലേക്ക് വലിച്ചെറിഞ്ഞ് ആരാധകര്‍ അവരുടെ ദേഷ്യം തീര്‍ത്തു. കൂടാതെ സ്റ്റേഡിയത്തിലെ ഇരിപ്പിടങ്ങള്‍ക്ക് തീയിട്ടു. കളി മുടങ്ങി. പിന്നീട് ആംഡ് പൊലിസെത്തിയാണ് കളിക്കാരെ സ്റ്റേഡിയത്തില്‍നിന്ന് മാറ്റിയത്. രണ്ടു വിക്കറ്റുകള്‍ ശേഷിക്കെ കളി പൂര്‍ത്തിയാക്കാന്‍ ഇന്ത്യക്കു കഴിഞ്ഞില്ല. മാച്ച് റഫറി ക്ലൈവ് ലോയ്ഡ് ശ്രീലങ്കയെ വിജയിയായി പ്രഖ്യാപിച്ചു. ഇന്ത്യന്‍ ക്രിക്കറ്റും ആരാധകരും ലോകത്തിനു മുന്നില്‍ നാണം കെട്ട് നിന്ന സംഭവമായിരുന്നു അത്. അന്നും ഇന്നും എന്നും. ആ സംഭവത്തിനു ശേഷം മത്സരത്തില്‍ വിജയിച്ച ശ്രീലങ്കയെ അഭിനന്ദിച്ചുകൊണ്ടും തങ്ങള്‍ ചെയ്ത തെറ്റിനു മാപ്പു പറഞ്ഞുകൊണ്ടും ഒരു പ്ലക്കാര്‍ഡ് കാണാനിടയായി. ശ്രീലങ്ക ജയിക്കുന്നതില്‍ അല്ലായിരുന്നു ആരാധകര്‍ക്കു വിഷമം. ഒന്നു പൊരുതി പോലും നോക്കാതെ കീഴടങ്ങിയ ഇന്ത്യന്‍ ബാറ്റിങ് നിരയോടുള്ള പ്രതിഷേധമായിരുന്നു അത്.
1996 ലോകകപ്പ്
1987നു ശേഷം ഇന്ത്യയിലേക്ക് വീണ്ടുമെത്തിയ ലോകകപ്പില്‍ ഇന്ത്യക്കൊപ്പം ആതിഥ്യമരുളാന്‍ പാകിസ്താനും ശ്രീലങ്കയുമുണ്ടായിരുന്നു. അര്‍ജുന രണതുംഗയുടെ നായകത്വത്തില്‍ ഫൈനലില്‍ ആസ്‌ത്രേലിയയെ പരാജയപ്പെടുത്തി ശ്രീലങ്ക കപ്പുയര്‍ത്തിയ ആ ലോകകപ്പിലും നാടകീയ സംഭവങ്ങള്‍ ഏറെയുണ്ടായിരുന്നു.
1996 ജനുവരിയില്‍ ശ്രീലങ്കയിലെ സെന്‍ട്രല്‍ ബാങ്ക് തമിഴ് പുലികള്‍ ബോംബിട്ടു തകര്‍ത്തു. ഇതിനെ തുടര്‍ന്ന് സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ച് ആസ്‌ത്രേലിയയും വെസ്റ്റ് ഇന്‍ഡീസും ശ്രീലങ്കയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന മത്സരങ്ങളില്‍നിന്ന് പിന്മാറി. ആസ്‌ത്രേലിയയുമായും വെസ്റ്റ് ഇന്‍ഡീസുമായും ഗ്രൂപ്പ്ഘട്ട മത്സരങ്ങള്‍ ഉണ്ടായിരുന്ന ശ്രീലങ്കയ്ക്ക് അവര്‍ പിന്‍മാറിയതു കാരണം നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനലിലേക്കെത്താന്‍ കഴിഞ്ഞു. പാകിസ്താനിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ആസ്‌ത്രേലിയയെ പരാജയപ്പെടുത്തി ചരിത്രത്തിലാദ്യമായി ശ്രീലങ്ക ലോകകിരീടം ഉയര്‍ത്തി.
ക്രിക്കറ്റ് ശ്വാസമാണ് ഇന്ത്യന്‍
ആരാധകര്‍ക്ക്
ഒരു കായിക ഇനത്തെ നിലനിര്‍ത്തിപ്പോകുന്നതിലും അതിനു പ്രചാരം ലഭിക്കുന്നതിലും ആരാധകര്‍ക്ക് ഒരുപാടു പങ്കുണ്ട്. ക്രിക്കറ്റിന് വളരെ വളക്കൂറുള്ള മണ്ണാണിവിടെ. മറ്റുള്ള കായിക ഇനത്തെക്കാള്‍ ക്രിക്കറ്റിനെയും ക്രിക്കറ്റ് താരങ്ങളെയും ഒരുപാട് ആരാധിക്കുന്നവരാണ് ഇന്ത്യക്കാര്‍.
കഴിഞ്ഞ ലോകകപ്പില്‍ ആസ്‌ത്രേലിയയുമായുള്ള ഇന്ത്യയുടെ സെമിഫൈനലിനു മുന്നേ ആസ്‌ത്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് ആരാധകരോടായി ട്വീറ്റ് ചെയ്തത് ഇങ്ങനെയായിരുന്നു. 'സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ടീമിന് ശക്തി പകരാന്‍ ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് പ്രേമികള്‍ ഒന്നടങ്കം എത്തിച്ചേരണം. ഇത്തരത്തില്‍ ഒരു ട്വീറ്റിടാന്‍ അദ്ദേഹത്തെ ഭയപ്പെടുത്തിയത് ഇന്ത്യയുടെ ഓരോ മത്സരത്തിലും കാണികളായി എത്തിയ ഇന്ത്യന്‍ ആരാധകര്‍ തന്നെയായിരുന്നു.
ആസ്‌ത്രേലിയയിലും ന്യൂസിലന്‍ഡിലുമായി നടന്ന ലോകകപ്പായിട്ടു കൂടി ഇന്ത്യക്കു ലഭിച്ച ആരാധക പിന്തുണ ആരെയും അതിശയിപ്പിക്കുന്നതായിരുന്നു. ഈ പിന്തുണയില്‍ ഇന്ത്യ ജയിക്കുമെന്ന ഭയം തന്നെയാണ് ആസ്‌ത്രേലിയന്‍ ക്യാപ്റ്റനെ അത്തരത്തില്‍ ഒരു പ്രസ്താവന ഇറക്കാന്‍ പ്രേരിപ്പിച്ചത്.
സ്‌നേഹം
ക്രിക്കറ്റിനോടും
ഇന്ത്യയോടും
പണ്ടു കാലങ്ങളില്‍ മത്സര ശേഷം താരങ്ങളെ കാണാനും അവരെ തൊടാനുമായി ആരാധകര്‍ ഗ്രൗണ്ടിലേക്ക് ഓടിയെത്തുന്നതും അവരില്‍നിന്ന് രക്ഷപ്പെടാന്‍ വിജയാഹ്ലാദം തീരുന്നതിനു മുന്നേ താരങ്ങള്‍ ഡ്രസ്സിങ്ങ് റൂമില്‍ കയറി ഒളിക്കുന്ന തും നമ്മള്‍ ഒരുപാടു കണ്ടിട്ടുണ്ട്. എന്നാല്‍ പിന്നീട് ഇത് നിയന്ത്രിക്കപ്പെട്ടു.
എന്നാല്‍ സച്ചിന്‍ ബാറ്റ് ചെയ്യുന്നതിനിടയില്‍ ഇത്തരത്തില്‍ ഒരുപാട് ആരാധകര്‍ അദ്ദേഹത്തെ വന്നു തൊടാറുണ്ടായിരുന്നു. ഈ അടുത്ത കാലത്ത് വളരെ രസകരമയ ഒരു താര- ആരാധക ബന്ധം കണ്ടത് ധോണി കളിക്കുന്നതിനിടെയാണ്.
ഈ ഐ.പി.എല്‍ സീസണില്‍ ആരാധകന്‍ നിയന്ത്രണ രേഖ മറികടന്ന് അദ്ദേഹത്തെ കാണാന്‍ എത്തുകയും വളരെ തന്ത്രപരമായി കുതറിയോടി ആരാധകനെ പരമാവധി കളിപ്പിക്കുകയും ചെയ്യുന്ന ധോണിയുടെ കുട്ടിത്തം മാറാത്ത ചെയ്തികള്‍ വൈറലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."