HOME
DETAILS
MAL
പക്ഷേ മന്ത്രി എത്തിയില്ല: നിയമത്തിന്റെ പകര്‍പ്പ് കീറിയെറിഞ്ഞ് പ്രതിഷേധം
backup
October 14 2020 | 21:10 PM
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി നടക്കുന്ന പ്രതിഷേധത്തെത്തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത കര്‍ഷക സംഘടനാ പ്രതിനിധികളുടെ യോഗത്തില്‍ നിന്ന് സംഘടനാ നേതാക്കള്‍ നിയമത്തിന്റെ കോപ്പി കീറിയെറിഞ്ഞ് ഇറങ്ങിപ്പോയി. പഞ്ചാബില്‍ നിന്നുള്ള 30 കര്‍ഷക സംഘടനകളുടെ പ്രതിനിധികളെയാണ് കേന്ദ്രസര്‍ക്കാര്‍ കൃഷി ഭവനില്‍ ചര്‍ച്ചയ്ക്ക് വിളിച്ചത്. യോഗത്തില്‍ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിങ് തോമര്‍ എത്തുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ മന്ത്രിക്ക് പകരം ചര്‍ച്ചയില്‍ പങ്കെടുത്തത് കൃഷി വകുപ്പ് സെക്രട്ടറിയായിരുന്നു. മന്ത്രി തന്നെ യോഗത്തില്‍ പങ്കെടുക്കണമെന്ന് പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
മന്ത്രി എത്താതിരുന്നതോടെ മന്ത്രാലയത്തിലെ ഹാളിനുള്ളില്‍ തന്നെ കര്‍ഷകര്‍ പ്രതിഷേധം ആരംഭിച്ചു. മുദ്രാവാക്യം വിളികളോടെ കാര്‍ഷിക നിയമത്തിന്റെ പകര്‍പ്പുകള്‍ കീറി എറിഞ്ഞു. ചര്‍ച്ചകളില്‍ തൃപ്തരല്ലെന്ന് കര്‍ഷക പ്രതിനിധികള്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. അതിനാലാണ് ഞങ്ങള്‍ ഇറങ്ങിപ്പോയത്. നിയമങ്ങള്‍ പിന്‍വലിക്കണം. ഞങ്ങളുടെ ആവശ്യം അറിയിക്കാമെന്ന് കൃഷി മന്ത്രാലയം സെക്രട്ടറി പറഞ്ഞിട്ടുണ്ട്. മന്ത്രിയില്ലാത്തതിനാല്‍ ഞങ്ങള്‍ പുറത്തുപോരുകയായിരുന്നുവെന്നും പ്രതിനിധികള്‍ പറഞ്ഞു.
നിയമത്തിനെതിരേയുള്ള പ്രതിഷേധം തുടരുമെന്നും പ്രതിനിധികള്‍ വ്യക്തമാക്കി. ബല്‍ബീര്‍ സിങ് രാജെവാള്‍, ജഗജിത് സിങ് ദാലെവാള്‍, ജദ്‌മോഹന്‍ സിങ്, കുല്‍വന്ത് സിങ് തുടങ്ങിയ നേതാക്കളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരേ രാജ്യത്തെ കര്‍ഷകര്‍ ദിവസങ്ങളായി പ്രതിഷേധിക്കുകയാണ്. കര്‍ഷകപ്രക്ഷോഭം ശക്തിപ്പെടുന്നതിനിടെയാണ് ഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാര്‍ കര്‍ഷകസംഘടനാപ്രതിനിധികളുടെ യോഗം വിളിച്ചുചേര്‍ത്തത്. കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി നേരത്തെ തന്നെ ചര്‍ച്ച ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."