HOME
DETAILS
MAL
മതാചാര പ്രകാരം മൃതദേഹം സംസ്‌കരിക്കാന്‍ അനുമതി നല്‍കും: മന്ത്രി കെ.ടി ജലീല്‍
backup
October 14 2020 | 21:10 PM
കോഴിക്കോട്: മതാചാര പ്രകാരം മൃതദേഹം സംസ്‌കരിക്കുന്നതിന് അനുമതി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാണെന്ന് മന്ത്രി ഡോ. കെ.ടി ജലീല്‍. മതാചാര പ്രകാരം സംസ്‌കരിക്കാന്‍ അനുവദിക്കുന്നില്ലെന്ന സുപ്രഭാതം വാര്‍ത്ത ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ സാഹചര്യത്തില്‍ മോര്‍ച്ചറികളില്‍ ശുചീകരണ തൊഴിലാളികളാണ് മൃതദേഹം കൊവിഡ് മാനദണ്ഡ പ്രകാരം കവര്‍ ചെയ്യുന്നത്.
ഈ സമയത്ത് ഏതെങ്കിലും സന്നദ്ധ പ്രവര്‍ത്തകനെയോ മരിച്ചയാളുടെ ബന്ധുവിനെയോ അനുവദിച്ച് ഇസ്‌ലാം മതാചാര പ്രകാരം 'തയമ്മും' ചെയ്യാനുള്ള അനുമതിക്കായി ആരോഗ്യ മന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം സുപ്രഭാതത്തോട് പറഞ്ഞു. പ്രായോഗികമായ ബുദ്ധിമുട്ടുകള്‍, ലോകാരോഗ്യ സംഘടനയുടെ കൊവിഡ് മാനദണ്ഡങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ വിദഗ്ധരുമായി ചര്‍ച്ച ചെയ്ത ശേഷം മാത്രം തീരുമാനമെടുക്കും.
ഇന്നലെ ഇതുസംബന്ധിച്ച വാര്‍ത്ത കണ്ടയുടന്‍ ആരോഗ്യമന്ത്രി ശൈലജയെ ഫോണില്‍ വിളിച്ച് ശ്രദ്ധയില്‍പെടുത്തിയിരുന്നു. ഹെല്‍ത്ത് പ്രോട്ടോകോള്‍ പാലിച്ച് വേണ്ടത് ചെയ്യാനുള്ള നിര്‍ദേശം ബന്ധപ്പെട്ടവര്‍ക്ക് നല്‍കാമെന്ന് ആരോഗ്യ മന്ത്രി ഉറപ്പു നല്‍കിയതായും കെ.ടി ജലീല്‍ പറഞ്ഞു. ഇക്കാര്യത്തില്‍ യാതൊരു ആശങ്കയും വേണ്ട.
ആരാധനാലയങ്ങള്‍ തുറക്കുന്ന വിഷയത്തിലും കൂട്ടപ്രാര്‍ഥനയുടെ കാര്യത്തിലും മതാചാര പരിപാലനങ്ങളിലും പ്രോട്ടോകോള്‍ പാലിച്ചു വേണമെന്ന വ്യവസ്ഥയില്‍ വിശ്വാസികള്‍ക്കൊപ്പമാണ് സര്‍ക്കാര്‍ നിലകൊണ്ടത്. മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്ന കാര്യത്തിലും സമാന സമീപനം തന്നെയാകും ഉണ്ടാവുക-മന്ത്രി വ്യക്തമാക്കി.
എല്ലാ മെഡിക്കല്‍ കോളജുകളിലും മൃതദേഹം വേണ്ടവിധത്തില്‍ ശുചിയാക്കാതെയാണ് സംസ്‌കരിക്കാനായി വിട്ടുകൊടുക്കുന്നതെന്നായിരുന്നു സുപ്രഭാതം വാര്‍ത്ത. നേരത്തെ ബന്ധുക്കളുടെ ആവശ്യപ്രകാരം ഹെല്‍ത്ത് പ്രോട്ടോകോള്‍ പാലിച്ച് മതാചാര പ്രകാരം സംസ്‌കരിക്കാനുള്ള സൗകര്യം പല സ്ഥലങ്ങളിലും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ ചെയ്തുകൊടുത്തിരുന്നു. എന്നാല്‍ നിലവില്‍ ഇതിനു പലയിടങ്ങളിലും സമ്മതിക്കുന്നില്ലെന്നായിരുന്നു വാര്‍ത്തയില്‍ ചൂണ്ടിക്കാണിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."