HOME
DETAILS
MAL
ബാറും സോളാറും മറന്നു; ജോസും സി.പി.എമ്മും ഇനി ഭായി ഭായി
backup
October 14 2020 | 21:10 PM
കോട്ടയം: ബാര്‍കോഴയും സോളാര്‍ വിവാദവും മറവിയിലേക്ക് തള്ളി സി.പി.എമ്മിന്റെ തണലില്‍ എല്‍.ഡി.എഫിലേക്ക് ചേക്കേറല്‍ പ്രഖ്യാപിച്ച് ജോസ് കെ. മാണി. ബാര്‍കോഴ കേസില്‍ കെ.എം മാണിയെയും സോളാര്‍ വിവാദത്തില്‍ ജോസ് കെ. മാണിയെയും നിയമസഭയിലും തെരുവിലും സി.പി.എമ്മും എല്‍.ഡി.എഫും ശക്തമായി തന്നെ കടന്നാക്രമിച്ചിരുന്നു. ഇതെല്ലാം പരസ്പരം മറവിയിലേക്ക് തള്ളിയാണ് ജോസ് കെ. മാണി എല്‍.ഡി.എഫിലേക്ക് എത്തുന്നത്.
രാഷ്ട്രീയ അസ്ഥിത്വം നിലനിര്‍ത്താനായി പരസ്പരം മറന്നും പൊറുത്തുമുള്ള നിലപാടു മാറ്റം. പി.ജെ ജോസഫുമായി പിളര്‍ന്നാണ് കെ.എം മാണി എല്‍.ഡി.എഫില്‍ എത്തുന്നത്. അതേ ജോസഫുമായുള്ള അധികാര തര്‍ക്കത്തില്‍ പുത്രന്‍ ജോസ് കെ. മാണിയും കേരള കോണ്‍ഗ്രസിലെ ഒരു വിഭാഗവുമായി എല്‍.ഡി.എഫിലേക്ക് എത്തുന്നതും ചരിത്രത്തിന്റെ തനിയാവര്‍ത്തനം.
1975 ജൂലൈ 15 ന് കേരള കോണ്‍ഗ്രസ് നെടുകെ പിളര്‍ന്നാണ് കെ.എം മാണി എല്‍.ഡി.എഫില്‍ എത്തിയത്. 1979 നവംബര്‍ 14 ന് ആയിരുന്നു കെ.എം മാണിയുടെ മുന്നണി പ്രവേശനം. മാണിയും സംഘവും 1980 ലെ നിയമസഭ, ലോക്‌സഭ തെരഞ്ഞെടുപ്പുകളില്‍ ഇടതിനൊപ്പം മത്സരിച്ചു. കെ.എം മാണി മുന്നണിയില്‍ എത്തിയതോടെ 11 വര്‍ഷത്തിന് ശേഷം സി.പി.എം അധികാരത്തില്‍ തിരിച്ചെത്തി. 1980 ലെ ഇ.കെ നായനാര്‍ മന്ത്രിസഭയില്‍ കെ.എം മാണി ധനകാര്യമന്ത്രിയായി. ആ ബന്ധത്തിന് പക്ഷെ അല്‍പ്പായുസേ ഉണ്ടായുള്ളൂ. 1981 ഒക്ടോബര്‍ 20 ന് കെ.എം മാണി ഒന്നാം നായനാര്‍ മന്ത്രിസഭയ്ക്കുള്ള പിന്‍തുണ പിന്‍വലിച്ചു. മന്ത്രിസഭ നിലംപൊത്തി.
മാണി തിരിച്ചെത്തുമ്പോള്‍ യു.ഡി.എഫില്‍ പി.ജെ ജോസഫ് ഘടകക്ഷിയായിരുന്നു. 1989 ലെ ലോക്‌സഭ സീറ്റു തര്‍ക്കത്തില്‍ പി.ജെ ജോസഫ് യു.ഡി.എഫ് വിട്ടു. ജോസഫ് 1991 ല്‍ എല്‍.ഡി.എഫിന്റെ ഭാഗമായി. 19 വര്‍ഷം എല്‍.ഡി.എഫില്‍ തുടര്‍ന്ന ജോസഫ് മാണി ഗ്രൂപ്പില്‍ ലയിച്ചാണ് യു.ഡി.എഫിലേക്ക് മടങ്ങിയത്. ബാര്‍കോഴയില്‍ കുടുങ്ങിയ മാണി 2016 ഓഗസ്റ്റ് ഏഴിന് മുന്നണിയോട് പിണങ്ങി യു.ഡി.എഫ് വിട്ടു. മുന്നണി വിട്ടെങ്കിലും എല്‍.ഡി.എഫിനോട് അകലം പാലിച്ചാണ് മാണി നീങ്ങിയത്. കോട്ടയം ജില്ല പഞ്ചായത്തില്‍ ഒഴികെ തദ്ദേശ സ്ഥാപനങ്ങളിലും നിയമസഭയിലും എല്‍.ഡി.എഫുമായി കൈകോര്‍ത്തില്ല.
ദേശീയതലത്തില്‍ യു.പി.എയ്ക്ക് ഒപ്പം തന്നെ നിന്നു. മകന് രാജ്യസഭ സീറ്റും നിയമസഭയില്‍ മൂന്ന് അധികം സീറ്റുമെന്ന വാഗ്ദാനത്തില്‍ വീഴ്ത്തി കെ.എം മാണിയെ ഉമ്മന്‍ചാണ്ടിയും പി.കെ കുഞ്ഞാലിക്കുട്ടിയും 2018 ജൂണ്‍ എട്ടിന് യു.ഡി.എഫില്‍ തിരികെ എത്തിച്ചു. മാണിയുടെ മരണത്തിന് പിന്നാലെ പാര്‍ട്ടിയില്‍ ഉയര്‍ന്ന അധികാരത്തര്‍ക്കവും പാലായിലെ തോല്‍വിയും കോട്ടയം ജില്ല പഞ്ചായത്ത് അധ്യക്ഷ പദവിയും കേരള കോണ്‍ഗ്രസി (എം) നെ പിളര്‍പ്പിലും ജോസ് പക്ഷത്തെ യു.ഡി.എഫിന് പുറത്തും എത്തിച്ചു.
പാലായെയും കാഞ്ഞിരപ്പള്ളിയെയും ചൊല്ലി എന്‍.സി.പിയും സി.പി.ഐയും ഇടഞ്ഞു നില്‍ക്കുമ്പോഴാണ് എല്‍.ഡി.എഫിലേക്കു പ്രവേശനം തേടി ജോസ് കെ. മാണിയുടെ രാഷ്ട്രീയനിലപാട് പ്രഖ്യാപനം. ഇതോടെ കെ.എം മാണിക്ക് ശേഷം പാലാ രാഷ്ട്രീയ കേരളത്തില്‍ വീണ്ടും ശ്രദ്ധാകേന്ദ്രമാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."