മമ്പുറം ആണ്ടുനേര്‍ച്ചക്ക് ഇന്നു തുടക്കം
മമ്പുറം: മമ്പുറംതങ്ങളുടെ 180ാമത് ആണ്ടു നേര്‍ച്ചക്ക് ഇന്ന് കൊടിയേറും. നേര്‍ച്ചയുടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇന്ന് അസര്‍ നിസ്‌കാരാനന്തരം നടക്കുന്ന മഖാം സിയാറത്തിന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് മമ്പുറം സയ്യിദ് അഹ്മദ് ജിഫ്‌രി തങ്ങള്‍ കൊടി ഉയര്‍ത്തും. വൈകിട്ട് ഏഴിന് മഖാമില്‍ പ്രത്യേക മൗലിദ് പാരായണ സദസും നടക്കും.
12 ന് വൈകിട്ട് മജ്‌ലിസുന്നൂര്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തളി നേതൃത്വം നല്‍കും. 13 ന് മമ്പുറം സ്വലാത്ത് മജ്‌ലിസിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കും.
14,15,16 തിയതികളില്‍ വൈകിട്ട് ഏഴിന് മതപ്രഭാഷണം നടക്കും. 14 ന് വെള്ളിയാഴ്ച സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പ്രഭാഷണം നിര്‍വഹിക്കും. 15 ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുസ്തഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. 16 ന് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അന്‍വര്‍ മുഹ്‌യുദ്ദീന്‍ ഹുദവി പ്രഭാഷണം നടത്തും.
17 ന് വൈകിട്ട് പ്രാര്‍ഥനാ സദസും ഹിഫഌ സനദ്ദാനവും നടക്കും. കോഴിക്കോട് വലിയഖാസി സയ്യിദ് നാസ്വിര്‍ അബ്ദുല്‍ഹയ്യ് ശിഹാബ് തങ്ങള്‍ പ്രാരംഭ പ്രാര്‍ഥനയും സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനവും നടത്തും.
പ്രാര്‍ഥനാ സദസിന് വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിക്കു കീഴില്‍ മമ്പുറത്തു നടത്തിവരുന്ന സയ്യിദ് അലവി മൗലദ്ദവീല ഹിഫഌല്‍ ഖുര്‍ആന്‍ കോളജില്‍ നിന്നു ഖുര്‍ആന്‍ മനഃപാഠമാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം സമസ്ത ജന. സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ നിര്‍വഹിക്കും. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനാകും.
നേര്‍ച്ചയുടെ സമാപ്തി ദിനമായ 18 ന് ചൊവ്വാഴ്ച രാവിലെ എട്ട് മുതല്‍ അന്നദാനം നടക്കും. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുറഹ്മാന്‍ ജിഫ്‌രി കോഴിക്കോട് അധ്യക്ഷനാകും. സയ്യിദ് അഹ്മദ് ജിഫ്‌രി തങ്ങള്‍ മമ്പുറം, ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ എന്നിവര്‍ സംബന്ധിക്കും.
ഉച്ചക്ക് 1.30 നടക്കുന്ന മൗലിദ് ഖത്മ് ദുആയോടെ ഒരാഴ്ചത്തെ ആണ്ടുനേര്‍ച്ചക്ക് സമാപ്തിയാകും. സമാപന പ്രാര്‍ഥനക്ക് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്്‌രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കും. അന്നദാനത്തിനായി ഒരു ലക്ഷത്തിലധികം നെയ്‌ച്ചോര്‍ പാക്കറ്റുകള്‍ തയാറാക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കെ.എം സൈദലവി ഹാജി കോട്ടക്കല്‍, യു. ശാഫി ഹാജി ചെമ്മാട്, ശംസുദ്ദീന്‍ ഹാജി വെളിമുക്ക്, സി.കെ മുഹമ്മദ് ഹാജി, ഹംസ ഹാജി മൂന്നിയൂര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."