പ്രളയം നല്‍കിയ കളിക്കളം ആഘോഷമാക്കി കുട്ടികള്‍
കോതമംഗലം: പ്രളയക്കെടുതിക്കൊപ്പം കിഴക്കന്‍ മേഖലകളിലെ കുട്ടികള്‍ക്കും യുവാക്കള്‍ക്കും പ്രകൃതി സമ്മാനിച്ചത് മനോഹരമായ കളിക്കളങ്ങള്‍. വിനോദ സഞ്ചാരികള്‍ക്കാകട്ടെ പണച്ചെലവില്ലാതെ പെരിയാറിന്റെ പ്രകൃതി ഭംഗി ആസ്വദിച്ച് നേരം കളയാന്‍ പറ്റിയ ഇടങ്ങളും. പ്രളയത്തിനു ശേഷം പെരിയാര്‍ കിഴക്കന്‍ മേഖലകളില്‍ നിരവധിയിടങ്ങളിലാണ് നികന്നു പോയത്. ഇത്തരം മേഖലകളില്‍ മുഴുവന്‍ വന്‍മണല്‍തിട്ടകളാണ് പെരിയാറ്റില്‍ രൂപപ്പെട്ടിട്ടുള്ളത്.
ലോവര്‍പെരിയാര്‍ ഡാമിനു താഴേക്ക് ഭൂതത്താര്‍ കെട്ട് ഡാം വരെയുള്ള പ്രദേശങ്ങളില്‍ ഇരുപത്തി ആറോളം ഇടങ്ങളിലാണ് പെരിയാറ്റില്‍ വന്‍ മണല്‍തിട്ടകള്‍ രൂപപ്പെട്ടത്. ഇടുക്കി, കല്ലാര്‍കുട്ടി, പൊന്‍മുടി, ഡാമുകള്‍ തുറന്നു വിട്ടതോടെ രൗദ്രഭാവത്തില്‍ കുത്തിയൊഴുകിയെത്തിയ മലവെള്ളപ്പാച്ചിലാണ് ഇത്തരത്തില്‍ മണല്‍തിട്ടകള്‍ രൂപപ്പെടുത്തിയത്. ഉരുള്‍പൊട്ടല്‍ മൂലവും മണ്ണിടിച്ചില്‍ മൂലവും ഒഴുകിയെത്തിയ മണല്‍ ശേഖരവും ഇതിന് കാരണമായി. ലോവര്‍ പെരിയാര്‍, കരിമണല്‍, കാഞ്ഞിരവേലി, നേര്യമംഗലം പാലത്തിന് താഴ്ഭാഗവും മേല്‍ഭാഗവും, ആവോലിച്ചാല്‍, പാലമറ്റം, തട്ടേക്കാട്, ഭൂതത്താന്‍കെട്ട് ഡാമിന് താഴ്ഭാഗം എന്നിവിടങ്ങളിലാണ് വന്‍ മണല്‍തിട്ടകള്‍ ഉള്ളത്.നിരവധിയായ ചെറിയ മണല്‍തിട്ടകളും പെരിയാറില്‍ രൂപപ്പെട്ടിട്ടുണ്ട്. വെള്ളം കരകവിഞ്ഞൊഴുകിയതോടെ സാധാരണ നീര്‍ അരുവിക്ക് സമീപത്തായാണ് മണല്‍തിട്ടകള്‍ രൂപപ്പെട്ടിട്ടുള്ളത്. ഇവിടങ്ങളില്‍ പെരിയാര്‍ നിരന്ന്, നികന്നു പോയ സ്ഥിതിയിലാണ്. മണല്‍തിട്ടകള്‍ ഫുട്‌ബോള്‍ കളങ്ങളായിട്ടാണ് ഇപ്പോള്‍ കുട്ടികള്‍ ഉപയോഗപ്പെടുത്തുന്നത്. ഒപ്പം വിനോദ സഞ്ചാരികളുടെ വിശ്രമകേന്ദ്രവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."