ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബിഷപ്പിന് നോട്ടിസ് നല്‍കും
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ചോദ്യംചെയ്യാനായി അന്വേഷണസംഘം വിളിച്ചുവരുത്തും. രണ്ടു ദിവസത്തിനുള്ളില്‍ തെളിവ് ശേഖരണം പൂര്‍ത്തിയാക്കിയതിന് ശേഷം ഈയാഴ്ചതന്നെ ബിഷപ്പിന് നോട്ടിസ് നല്‍കും. നാല് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടക്കുന്നത്. ബുധനാഴ്ച ചേരുന്ന ഐ.ജിയുടെ യോഗത്തിന് മുന്‍പ് കേസില്‍ വ്യക്തതവരുത്തും. തുടര്‍ന്ന് ഒരാഴ്ചക്കുള്ളില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ബിഷപ്പിന് നോട്ടിസ് അയക്കാനാണ് ആലോചിക്കുന്നത്. ജില്ലാ പൊലിസ് മേധാവിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗം കേസ് അന്വേഷണത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ മതിയായ തെളിവ് ഉണ്ടെന്ന വിലയിരുത്തലിലാണ് പൊലിസ്. കന്യാസ്ത്രീയെ അധിക്ഷേപിച്ച് സംസാരിച്ച പി.സി ജോര്‍ജിനെതിരേയും പൊലിസ് നടപടി ആരംഭിച്ചു. കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്താന്‍ ജില്ലാ പൊലിസ് മേധാവി വൈക്കം ഡിവൈ.എസ്.പിക്കു നിര്‍ദേശം നല്കി. കന്യാസ്ത്രീ മൊഴി നല്കിയാല് ജോര്‍ജ് പ്രതിക്കൂട്ടിലാകും.
അതിനിടെ കന്യാസ്ത്രീ നല്കിയ പരാതി വത്തിക്കാന്‍ സ്ഥാനപതിക്കു കൈമാറുക മാത്രമാണ് താന്‍ ചെയ്തതെന്ന് ഭഗല്‍പൂര്‍ ബിഷപ്പ് കുര്യന് വല്യകണ്ടം മൊഴിനല്‍കി.
കവറില്‍ സീല്‍ ചെയ്ത് നല്കിയ പരാതി തുറന്നു വായിച്ചിട്ടില്ലെന്നാണ് മൊഴിയിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."