പാടശേഖരസമിതി മട കുത്തിയില്ല; സെക്രട്ടറിയെ കസ്റ്റഡിയിലെടുത്തു
ആലപ്പുഴ : നിരവധി തവണ ആവശ്യപ്പെട്ടിട്ടും പാടശേഖരത്തിലെ മടകുത്തുന്നതില്‍ അലംഭാവം കാട്ടുന്ന പാടശേഖര സമിതികള്‍ക്കെതിരേ ശക്തമായ നിയമ നടപടി തുടങ്ങി. കാലവര്‍ഷത്തെ തുടര്‍ന്ന് കുട്ടനാട് പാടശേഖരങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്ന് പ്രദേശവാസികളുടെ വീടുകള്‍ വാസയോഗ്യമല്ലാതായിട്ടുണ്ട്.
നിരവധി കുടുംബങ്ങള്‍ ഇപ്പോഴും ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളിലെ വിവിധ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിഞ്ഞുവരുന്നതുമാണ്. പാടശേഖരങ്ങളിലെ വെളളം മടകുത്തി വറ്റിക്കുന്നതിന് കൃഷി വകുപ്പ് മുഖേന പാടശേഖര സമിതികള്‍ക്ക് അഡ്വാന്‍സ് തുകയും നല്‍കിയിരുന്നു. എന്നാല്‍, കൈനകരിയിലെ കലിപുരയ്ക്കല്‍ പാടശേഖരസമിതി സെക്രട്ടറി സ്‌കറിയ മാത്യു പാടശേഖരത്തിന്‍ മട കുത്താത്തതിനാല്‍ സമീപ പ്രദേശങ്ങളിലെ മൂന്ന് പാടശേഖരങ്ങളില്‍ വെള്ളം പമ്പ് ചെയ്യുവാന്‍ സാധിക്കാത്ത അവസ്ഥ നിലനില്‍ക്കുന്നതായി മേജര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജീനിയര്‍ കലക്ടറെ അറിയിച്ചു.
തുടര്‍ന്ന് തിങ്കളാഴ്ച കലക്ടറുടെ ചേമ്പറില്‍ വച്ച് നടന്ന യോഗ തീരുമാനം പ്രകാരം സ്‌കറിയയെ പൊലിസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കലക്ടര്‍ മുമ്പാകെ ഹാജരാക്കിയ ഇയാളെ 11നു രാവിലെ പമ്പിങ് ആരംഭിക്കാമെന്ന ഉറപ്പിന്‍മേല്‍ പിന്നീട് വിട്ടയച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."